മധുരം കുറച്ച് ഒരു മീഡിയം ചായ
കട്ടൻചായ
പാൽചായ
മധുരം കൂട്ടിച്ചായ
കാലിച്ചായ
കടുപ്പം ചായ
ലൈറ്റ് ചായ ........
എന്നിങ്ങനെ പലതരം ചായകൾ ഉയർന്നും താണും പതയുന്ന
രാമേട്ടെന്റെ കടയിൽ
ഒരു ദിവസം ആരും ചായകുടിക്കാനില്ലാതായി
കടയുടെ ഓരോ കോണിലും ഒാരോതരക്കാരായിരുന്നു
മധുരം വേണ്ടാത്ത തനതന്മാരും
മധുരം കൂടിയ നവവാദികളും
ഡബിൾ സ്ട്രോങ് തീവ്രന്മാരും
ലൈറ്റായ മൃദുനയക്കാരും
ഓരോ ഛായയിൽ പലതരം ചായകൾ
മതങ്ങളും പാർട്ടിയും പോലെയാണ്
ചായയുമെന്ന് പറയും രാമേട്ടൻ
മധുരമില്ലാച്ചായക്കാരന് കടും മധുരവും
കട്ടൻചായക്കാരന് പാൽച്ചായയും
പാൽവെള്ളക്കാരന് മധുരമില്ലാത്തതും
മാറിക്കൊടുത്ത നാൾ കടയിൽ കലാപമായി
രാമേട്ടൻ പറഞ്ഞു: ഇവിടെ ഒരേയൊരു ചായ
അത് എെൻറ സമാവറിൽ തിളക്കുന്നത്...
പതാകകൾക്കെന്നപോലെ ചായക്കുമുണ്ട് നിറങ്ങളും ചിഹ്നങ്ങളും
കട്ടൻചായക്കൊപ്പം പരിപ്പുവട കിട്ടാത്തതിന്
പശുവിൻ പാലിന് പകരം ആട്ടിൻ പാലായതിന്
പശുവിൻ പാൽ നിലത്ത് തൂവിയതിന്
എന്തിന്,
കുങ്കുമ നിറമുള്ള ചായ യോഗ്യതയില്ലാത്ത ആരോ
കുടിച്ചെന്ന് പറഞ്ഞ്......
ഇന്ന് രാമേട്ടന്റെ കടയില്ല
അതിനാൽ,
അടുത്ത കടയിൽ കയറി
മയത്തിൽ ഞാൻ പറഞ്ഞു:
മധുരം കുറച്ച് ഒരു മീഡിയം ചായ