അത് ഞാനാകുന്നു; നീയും
അപ്പുവെന്ന കുട്ടിനിവർത്തിവെച്ച ലോക ഭൂപടത്തിൽരണ്ടുറുമ്പുകൾഅതിക്രമിച്ചു കയറുന്നു.അതിർത്തിയിൽ നിലയുറപ്പിച്ച്ഒന്നാമത്തെയുറുമ്പ് റഷ്യക്ക് നേരെയുംരണ്ടാമത്തെയുറുമ്പ് അമേരിക്കക്ക് നേരെയുംമിസൈലുകൾ തൊടുക്കുന്നു.രണ്ടു രാജ്യങ്ങളും ഭൂപടത്തിൽനിന്ന്അപ്രത്യക്ഷമാകുന്നു.ഭൂപടം ചുരുട്ടിയെടുത്തിട്ടുംരണ്ടു സമുദ്രങ്ങൾതളം കെട്ടിക്കിടക്കുന്നുകവിഞ്ഞൊഴുകിഉക്രൈൻ... ഉക്രൈൻ... എന്ന് നിലവിളിക്കുന്നു.വീട്ടിലിരുന്ന്ടി.വിയിൽ കണ്ടുകണ്ട്...
Your Subscription Supports Independent Journalism
View Plansഅപ്പുവെന്ന കുട്ടി
നിവർത്തിവെച്ച ലോക ഭൂപടത്തിൽ
രണ്ടുറുമ്പുകൾ
അതിക്രമിച്ചു കയറുന്നു.
അതിർത്തിയിൽ നിലയുറപ്പിച്ച്
ഒന്നാമത്തെയുറുമ്പ് റഷ്യക്ക് നേരെയും
രണ്ടാമത്തെയുറുമ്പ് അമേരിക്കക്ക് നേരെയും
മിസൈലുകൾ തൊടുക്കുന്നു.
രണ്ടു രാജ്യങ്ങളും ഭൂപടത്തിൽനിന്ന്
അപ്രത്യക്ഷമാകുന്നു.
ഭൂപടം ചുരുട്ടിയെടുത്തിട്ടും
രണ്ടു സമുദ്രങ്ങൾ
തളം കെട്ടിക്കിടക്കുന്നു
കവിഞ്ഞൊഴുകി
ഉക്രൈൻ... ഉക്രൈൻ...
എന്ന് നിലവിളിക്കുന്നു.
വീട്ടിലിരുന്ന്
ടി.വിയിൽ കണ്ടുകണ്ട് രസം പിടിക്കുമ്പോൾ
നമുക്കിടയിൽ രണ്ടു കുട്ടികൾ
പേര് പേരക്കയെന്നു കളിച്ച്
ചോരയിൽ കുളിക്കുന്നു.
കളിക്കാനുപയോഗിച്ച വടിവാളിന്
മൂന്നടി നീളവും മൂന്നിഞ്ച് വീതിയും.
വെട്ടിയിട്ട മാംസത്തുണ്ടുകളും
ചോരയും കൂടി കലർന്ന്
കെട്ടി പിടിക്കുന്നു... നൃത്തം ചവിട്ടുന്നു.
ജാതി ചോദിച്ചുകൊണ്ട്
ഒരാൾക്കൂട്ടം ഇരമ്പിവരുന്നു
പേര് അക്ഷരങ്ങളായി വിഘടിക്കുന്നു.
ഭൂമിയിൽനിന്ന് ആകാശത്തേക്ക്
മഴ പെയ്യുന്നു.
ചൂടും വെളിച്ചവുമില്ലാതെ വേനലെത്തുന്നു.
ഇലകളിൽനിന്ന് മരങ്ങളുണ്ടാകുന്നു...
മണം തോക്കെടുക്കുന്നു
രുചി കഠാരയും
നിറം ബോംബുമെറിയുന്നു...
ബലാത്സംഗംകൊണ്ട്
ഓരോ പതിനഞ്ചു മിനിറ്റും അടയാളപ്പെടുന്നു.
ആത്മഹത്യകളെഴുതിയ
ഉത്തരക്കടലാസുകൾ
പലതവണ നോക്കി
അധ്യാപകർ
ചോദ്യങ്ങൾ അടക്കംചെയ്യുന്നു.
കൊലപാതകം നടന്ന സ്ഥലം
പോലീസ് സീൽ ചെയ്യുന്നു.
കൊലക്കത്തി കണ്ടെടുക്കുന്നു.
മുറിവിന്റെ ആഴവും നീളവും
മാധ്യമങ്ങൾ വിചാരണക്കെടുക്കുന്നു.
നിന്റെ പേരും
എന്റെ ചിത്രവുമുള്ള റിപ്പോർട്ട്
പുറത്തുവരുന്നു.
പേരിനകത്തു നീയും
ചിത്രത്തിനകത്തു ഞാനും.