യക്ഷഗാനം
കളിച്ചു നടന്ന ചെറുപ്പകാലത്ത് ചെണ്ടയിൽ കോലു വീഴുന്നിടത്തൊക്കെ പോകുന്ന ശീലം. അങ്ങനെയൊരു രാത്രി പുഴയ്ക്കക്കരെ ഒരു താനത്ത് തെയ്യത്തിനു പോയി. മേലേരിക്കു തീ കൊളുത്തി കുളിച്ചേറ്റം കഴിഞ്ഞപ്പോൾ അപ്പുറത്തെ വയലിൽ വേറൊരു കളി തുടങ്ങി. ബയലാട്ടം, ചങ്ങാതി പറഞ്ഞു: യക്ഷഗാന ബയലാട്ടം. ഇപ്പോഴും ഓർമയിലുണ്ടത്. തുളുവിലാണ് കളി. ഇവിടെ പഴയ തുളുനാടാണ്. തുളു കേട്ടാൽ അറിയാമെനിക്ക്; സൂക്ഷ്മം വ്യാഖ്യാനിക്കാൻ തൗളവനായ ചങ്ങാതിയുമുണ്ടല്ലോ. കൊയ്ത്തു കഴിഞ്ഞ വയലിൽ മൂന്നു...
Your Subscription Supports Independent Journalism
View Plansകളിച്ചു നടന്ന ചെറുപ്പകാലത്ത്
ചെണ്ടയിൽ കോലു വീഴുന്നിടത്തൊക്കെ
പോകുന്ന ശീലം.
അങ്ങനെയൊരു രാത്രി
പുഴയ്ക്കക്കരെ ഒരു താനത്ത്
തെയ്യത്തിനു പോയി.
മേലേരിക്കു തീ കൊളുത്തി
കുളിച്ചേറ്റം കഴിഞ്ഞപ്പോൾ
അപ്പുറത്തെ വയലിൽ
വേറൊരു കളി തുടങ്ങി.
ബയലാട്ടം, ചങ്ങാതി പറഞ്ഞു:
യക്ഷഗാന ബയലാട്ടം.
ഇപ്പോഴും ഓർമയിലുണ്ടത്.
തുളുവിലാണ് കളി.
ഇവിടെ പഴയ തുളുനാടാണ്.
തുളു കേട്ടാൽ അറിയാമെനിക്ക്;
സൂക്ഷ്മം വ്യാഖ്യാനിക്കാൻ
തൗളവനായ ചങ്ങാതിയുമുണ്ടല്ലോ.
കൊയ്ത്തു കഴിഞ്ഞ വയലിൽ
മൂന്നു വശവും തുറന്ന ചതുരപ്പന്തലിൽ
ചെണ്ടയും ഇലത്താളവും
മുഴങ്ങുന്ന പശ്ചാത്തലത്തിൽ
ബാലഗോപാല നൃത്തമാണപ്പോൾ.
അണിയറയിൽ
സ്വയം മുഖത്ത് ചായമിട്ട്
തയ്യാറാവുന്നുണ്ട് നടന്മാർ.
അരങ്ങിലിരുന്ന് പാടുന്നുണ്ട്
യക്ഷഗാന പ്രമാണിയാം ഗായകൻ
ഏതോ വീരേതിഹാസഗാനം
തലപ്പാവും കിരീടവുമണിഞ്ഞ്
മുഖത്ത് പച്ച തേച്ച്
കണ്ണും പുരികവും എഴുതി
ഹസ്തകടകം, തോൾപ്പൂട്ട്,
മാർമാല, കഴുത്താരം, കച്ച, ചരമുണ്ട്,
കച്ചമണി, ചിലമ്പ് എന്നിങ്ങനെ
വർണാഭമായ ചമയങ്ങളുമായി
അരങ്ങിലെത്തുന്ന യക്ഷഗായകർ.
ചെണ്ടയും ഇലത്താളവും മുറുകുമ്പോൾ
ഗായകന്റെ ചരണമൊത്തു
മനോധർമമനുസരിച്ചു കഥ പറഞ്ഞാടുന്ന
യക്ഷഗന്ധർവ ദേവാസുര
വിദൂഷകവേഷങ്ങൾ…
രൗദ്രതാളത്തിൽ നൃത്തങ്ങൾ
ചടുലഭാഷണങ്ങൾ
ഘോരസംഘർഷങ്ങൾ ദ്വന്ദ്വയുദ്ധങ്ങൾ
അന്നത്തെ രാത്രിയിൽ
പ്രാരംഭ സഭാ ലക്ഷണമവസാനിക്കേ
ചടുലതാളത്തിലരങ്ങിലെത്തി നായകൻ,
നർത്തനമാടി വലംവെച്ച്
നിവർന്നുനിന്നഭിമാനിയായ്
രംഗ സൂത്രധാരനാം ഗായകനോടായ്
സ്വയം അവതരിപ്പിച്ചുരചെയ്തു:
''ചെന്നയ്യന്നാണു ഞാൻ;
ഞങ്ങൾ കോട്ടി ചെന്നയ്യന്മാർ
ഇരട്ട സഹോദരർ
ചതിക്കപ്പെട്ട രണ്ടു തുളുവർ
തുളുവത്തിയാം അമ്മയുടെ
ഇരട്ട മക്കൾ ഞങ്ങൾ
കോട്ടിയും ചെന്നയ്യനും,
പദുമലയിലെ പെരുമാളിന്റെ
ജീവന് രക്ഷിച്ച അമ്മയുടെ മക്കൾ.
ഞങ്ങളെ ശല്യംചെയ്ത
മന്ത്രി മല്ലയ്യ കൊല്ലപ്പെട്ടപ്പോൾ
ഞങ്ങൾ രാജ്യം വിട്ടു.
പഞ്ചനാട്ടിൽവെച്ച് പിടിക്കപ്പെട്ടു
തുറുങ്കിലായി.
കാരാഗൃഹം തകർത്ത്
എൺമുരിലെത്തിയ ഞങ്ങൾ
ആ നാടിന്റെ പടത്തലവന്മാരായി.
പഞ്ചനാട്ടുരാജാവുമായി
യുദ്ധം ചെയ്കേ,
ഒളിയമ്പേറ്റു മരിച്ച
സഹോദരന്റെ വേർപാടിൽ
തലതല്ലി മരിച്ച ചെന്നയ്യൻ ഞാൻ.
ഞങ്ങൾ കോട്ടി ചെന്നയ്യന്മാർ
തുളുനാടിന്റെ ഹൃദയമൂർത്തികൾ
മറ്റാരോ കൊയ്ത വയലിൽ
കെട്ടി ഉയർത്തിയ ഈ പന്തലിൽ
താളമദ്ദളവുമായി വന്നു ഞാൻ
ഞങ്ങളുടെ കഥ ചൊല്ലിയാടുവാൻ
തുളുവിൽ, എന്റെ മാതൃഭാഷയിൽ.
സത്യത്തിന്റെ നാടിത്
ചുഴലിക്കൊടുങ്കാറ്റാണു ഞങ്ങൾ
സത്യത്തെ മറച്ചുവെച്ചതിനെയൊക്കെ
ധൂളിയാക്കിയുന്മാദനൃത്തമാടും
അനാദ്യന്ത ജീവനലഹരി ഞങ്ങൾ.
അവർണർ ഞങ്ങൾ
അധികാരികൾക്കപരിചിതർ
ഭാഷ നഷ്ടപ്പെട്ടവർ, അക്ഷരമില്ലാത്തവർ
സംസ്കാരമാകെ അപഹരിക്കപ്പെട്ടവർ
വഞ്ചിക്കപ്പെട്ടവർ ഞങ്ങൾ തുളുവർ
അനാഥമായ ഞങ്ങളുടെ പാഡ്ദണകൾ
സ്വന്തം ദേശത്ത് തിരസ്കാരം
നേരിടുന്നവർ ഞങ്ങൾ
അതിക്രമിച്ചു വന്ന
വിദേശികളുടെ വാഴ്ചയിൽ
സ്വദേശം നഷ്ടമായവർ
അധികാരികളും സമ്പന്നരും
എല്ലാ കാലത്തും വിദേശികളുടെ കൂടെ.
അധിനിവേശത്തിനു തുണനിന്നവർ.
ചെന്നയ്യൻ ഞാൻ,
ചതിയുടെ ഒളിയമ്പേറ്റു മരിച്ച
കോട്ടിയനും ഞാൻതന്നെ,
ഞാൻതന്നെ കൊറഗ തനയൻ
ഞാൻ തന്നെ
ഒളിയമ്പേറ്റു വീണ ബാലി''
ആടുകയായി അവൻ
ചെന്നയ്യൻ തുളു വീരൻ
വഞ്ചിക്കപ്പെട്ടവന്റെ
ഹതാശമാം വിലാപങ്ങൾ
അനാഥമായ സ്വപ്നങ്ങൾ...
ക്ഷുബ്ധനായ അവന്റെ
രോഷമേറ്റു വിറച്ചു വിളറി
അണഞ്ഞുപോകുന്ന നരകാഗ്നികൾ...
യക്ഷഗാനം പിന്നെയും പലതു കണ്ടു
തുളുവിലും കന്നടത്തിലും.
ഇപ്പോഴും കൺമുന്നിൽ ആദ്യ യക്ഷൻ.
അവന്റെ ശമിക്കാത്ത രോഷം.