ആധിജീവിത
പൂക്കളായിരുന്നു അവൾക്ക് എല്ലാമെല്ലാം. പുലർച്ചെ വിരിയുന്നത് രാവിലെ വിരിയുന്നത് ഉച്ചക്ക് വിരിയുന്നത് നാലുമണിക്കു വിരിയുന്നത് സന്ധ്യക്ക് വിരിയുന്നത് രാത്രി വിരിയുന്നത് ഇടനേരം വിരിയുന്നത് നട്ടുച്ചക്കും പാതിരക്കും വിരിയുന്നത് ഈ നേരങ്ങളിലെല്ലാം കൊഴിയുന്നത് മരത്തിൽ ഏറുന്നത് വേലിയിൽ നുഴഞ്ഞേറുന്നത് മതിലിൽ പറ്റിപ്പിടിക്കുന്നത് ഒക്കത്ത് പിടിച്ചേറുന്നത് തുമ്പത്ത് വിരിയുന്നത് ഓണത്തിനും വിഷുവിനും പെരുന്നാളിനും വരുന്നത് എല്ലാം...
Your Subscription Supports Independent Journalism
View Plansപൂക്കളായിരുന്നു അവൾക്ക് എല്ലാമെല്ലാം.
പുലർച്ചെ വിരിയുന്നത്
രാവിലെ വിരിയുന്നത്
ഉച്ചക്ക് വിരിയുന്നത്
നാലുമണിക്കു വിരിയുന്നത്
സന്ധ്യക്ക് വിരിയുന്നത്
രാത്രി വിരിയുന്നത്
ഇടനേരം വിരിയുന്നത്
നട്ടുച്ചക്കും പാതിരക്കും വിരിയുന്നത്
ഈ നേരങ്ങളിലെല്ലാം കൊഴിയുന്നത്
മരത്തിൽ ഏറുന്നത്
വേലിയിൽ നുഴഞ്ഞേറുന്നത്
മതിലിൽ പറ്റിപ്പിടിക്കുന്നത്
ഒക്കത്ത് പിടിച്ചേറുന്നത്
തുമ്പത്ത് വിരിയുന്നത്
ഓണത്തിനും വിഷുവിനും പെരുന്നാളിനും വരുന്നത്
എല്ലാം അവൾക്കറിയാം
ഓരോ പൂവും നോക്കി നോക്കി നിന്ന് അവൾ അമ്പരക്കും
അഴകിന്റെ അത്ഭുതലോകങ്ങളാണ് ഓരോ പൂവും
എന്തെന്തു രൂപങ്ങളിൽ
എന്തെന്തു നിറങ്ങളിൽ
എത്ര മണങ്ങളിൽ
എത്ര ശേലുകളിൽ...
അവൾ നോക്കിനോക്കി നില്ക്കും
അവളെ നോക്കി നോക്കി പൂക്കളും
പുഞ്ചിരിപൊഴിച്ചു നില്ക്കും
പൂക്കളെക്കണ്ട് അതിശയിച്ചു നില്ക്കെയാണ്
അതിലും അതിശയമായി
വിചിത്ര ഭംഗികളുള്ള ഒരു പൂമ്പാറ്റ
പൂവിൽനിന്ന് പറന്നുപോയത്.
അവൾ പൂമ്പാറ്റയുടെ പിന്നാലെ മറ്റൊരു
പൂമ്പാറ്റയായി പറന്നു
തൊടി കടന്ന്
പടി കടന്ന്
ചാലു കടന്ന്
പാടം കടന്ന്
പൂമ്പാറ്റയും അവളും പാറിപ്പറന്നുല്ലസിച്ചു
അവൾക്ക് പൂമ്പാറ്റയെ പിടിക്കാനൊത്തില്ല
പകരം
അവളെ ആരോ പിടിച്ചെടുത്തു
ഓരോ ഇതളും കൊത്തിക്കുടഞ്ഞെറിഞ്ഞു
അവൾ കയ്യുയർത്തിയത്
ആരുടെയും കഴുത്തു ഞെരിക്കാനല്ല
പ്രാണൻ രക്ഷിപ്പാനായിരുന്നു
അവളിൽനിന്ന് ഭാഷയെല്ലാം ചോർന്നേ പോയ്
കാഴ്ചയെല്ലാമൂർന്നേ പോയ്
ആരാച്ചാരെന്നുമയല്ക്കാരനെന്നു -
മമ്മാവനെന്നുമാങ്ങളയെന്നു -
മച്ഛനെന്നുമവളുടെ ഭാഷ പറന്നേ പോയ്
അതേ നിമിഷത്തിലാണ്
ആ നാട്
പൂക്കളെയും നിലാവിനെയും
പുഴയെയും കുന്നിനെയും
ജീവാവലിയെയും
സ്വന്തം പേരിൽനിന്ന് മായ്ച്ചു കളഞ്ഞ്
അവളിലേക്കു മാത്രമായി ഒതുങ്ങിയത്
അവളിൽനിന്ന് സ്വന്തം പേര് എടുത്തു
കൊണ്ടുപോയിട്ട്
നാട്ടുപേരിൽ പതിപ്പിച്ചത്
ഇനി ആ സുന്ദരിക്കുരുന്നിന്റെ
അടയാളങ്ങൾ ശേഷിക്കരുത്
ശബ്ദം അരുത്
അർഹതയുള്ളത് അതിജീവിച്ചാൽ മതി
അവൾ ജീവിച്ചതില്ല
അതിജീവിച്ചതുമില്ല
ആധിയിലെരിഞ്ഞും ഞെരിഞ്ഞുമങ്ങനെ...
അവളെ കാണാനായി പൂക്കൾ ഉദിച്ചു നിന്നു
അവളെ കാണാഞ്ഞ് അവ അസ്തമിച്ചു
അവളോടൊത്ത് കളിക്കാൻ കൊതിച്ച്
പൂമ്പാറ്റകൾ മറ്റേതോ ലോകത്തേക്ക് പറന്നുപോയി