പാപ്പാത്തിപ്പള്ളിക്കൂടം
പിച്ചിക്കീറി കാറ്റത്തെറിഞ്ഞു കവിത എഴുതിവെച്ച കടലാസ് ചുവപ്പ് റോസുള്ള മുറ്റത്ത് ഇലകൾക്കു മീതെ പൂക്കളെ തൊട്ട് അത് വെയിലിൽ പറക്കുന്നു നിറച്ചേല ചുറ്റാത്ത പാപ്പാത്തികളെന്ന് കളിപ്പള്ളിക്കൂടക്കാരി കൈകൊട്ടി ചാടിക്കൊണ്ട് ചിരികൾ കുടഞ്ഞിടുന്നു ഇളവെയിലത്തെ പുല്ലോലപ്പച്ചയിൽ ആ...
Your Subscription Supports Independent Journalism
View Plansപിച്ചിക്കീറി കാറ്റത്തെറിഞ്ഞു
കവിത എഴുതിവെച്ച കടലാസ്
ചുവപ്പ് റോസുള്ള മുറ്റത്ത്
ഇലകൾക്കു മീതെ
പൂക്കളെ തൊട്ട് അത്
വെയിലിൽ പറക്കുന്നു
നിറച്ചേല ചുറ്റാത്ത പാപ്പാത്തികളെന്ന്
കളിപ്പള്ളിക്കൂടക്കാരി
കൈകൊട്ടി ചാടിക്കൊണ്ട്
ചിരികൾ കുടഞ്ഞിടുന്നു
ഇളവെയിലത്തെ
പുല്ലോലപ്പച്ചയിൽ
ആ നിഷ്കളങ്കതയെ
കൊറിയോഗ്രാഫ് ചെയ്തപോലെ
പുലരി മോന്താൻ
പൂക്കളുടെ ഷാപ്പി പോയി വന്ന
മഞ്ഞ പാപ്പാത്തിമാരുടെ
നൃത്തപ്പറക്കൽ
തെറുപ്പഴിച്ചത്
നിവർത്തിയിടുന്ന ഇന്നലെകളിൽ
ചെറു ചെടികൾക്കിടയിലൂടെ
തെല്ല് ദൂരം പറന്ന്
തുമ്പത്തോട്ടത്തിൽ
തെല്ലുനേരം ഇരുന്ന്
പിന്നേയും തെല്ലു പറന്നങ്ങനെ
ഒരൊറ്റ പാപ്പാത്തി
കണ്ണുകെട്ടി കൊണ്ടുപോകുന്നു
കുട്ടിക്കാലത്തെ
കമ്യൂണിസ്റ്റ് പച്ചക്കാടരികിലൂടെ
ഒട്ടു പൊട്ടുകൾപോലെ നിറയെ
അരിപ്പൂക്കളൊട്ടിച്ചുവെച്ച
കാക്കപ്പുല്ലുകളുടെ ഉദ്യാനത്തിൽ
പിന്നെ ഒാരോ ചുവട്നടപ്പിലും
അടുത്തടുത്ത് വരുന്നു
പാണൽക്കാടിന് മുകളിലൂടെ
പുല്ലാന്തിവള്ളികൾക്ക് ഇടയിലൂടെ
കടുമഞ്ഞ പൂക്കൾകൊണ്ട്
കൊങ്ങിണിച്ചെടികൾ
മട്ടിക്കൽമേട്ടിൽ പണിഞ്ഞ
പാപ്പാത്തിപ്പള്ളിക്കൂടം
ചോദിച്ച് നോക്കണം ഇവിടെ
മകൾക്ക് ഒരഡ്മിഷൻ
ഇടനേരമായതിനാലാകാം
ചിത്രക്കുപ്പായമിട്ട കുഞ്ഞി പാപ്പാത്തിമാര്
ചിറകടച്ചും തുറന്നും
കളിച്ച് നടക്കുന്ന കാണാം
കീറി കുനുകുനെയാക്കി
കാറ്റത്തുവിട്ട കവിതപോലെ.