ലജ്ജ
1മിണ്ടിപ്പറഞ്ഞ്ഇരിക്കുന്ന നേരംപൂവുകളുള്ളില്പൊട്ടിവിരിഞ്ഞാല് ഞാനെന്തുചെയ്യുംപൂക്കളുടെ വെട്ടം പാളും മിഴികളില്‍ പൂക്കാതിരിക്കാന്‍,ഗന്ധം ശ്വാസത്തില്‍ പുകയാതിരിക്കാന്‍,തേന്‍ വാക്കില്‍ പുരളാതിരിക്കാന്‍ ഞാനെന്തുചെയ്യുംഎന്റെ നോട്ടങ്ങള്‍ വേച്ചുപോകുന്നതും,നാണത്തെ ഞാന്‍ മറച്ചുപിടിക്കുന്നതും,നിന്റെ ശ്രദ്ധയില്‍ പതിയാതിരിക്കാന്ഞാനെന്തുചെയ്യും2ഉച്ചകഴിഞ്ഞൊരുനേരത്തല്ലോ നമ്മള്കണ്ടതും മിണ്ടിയതുംചുരുള്മുടിയില് കൊരുത്ത...
Your Subscription Supports Independent Journalism
View Plans1
മിണ്ടിപ്പറഞ്ഞ്
ഇരിക്കുന്ന നേരം
പൂവുകളുള്ളില്
പൊട്ടിവിരിഞ്ഞാല്‍
ഞാനെന്തുചെയ്യും
പൂക്കളുടെ വെട്ടം
പാളും മിഴികളില്‍
പൂക്കാതിരിക്കാന്‍,
ഗന്ധം ശ്വാസത്തില്‍ പുകയാതിരിക്കാന്‍,
തേന്‍ വാക്കില്‍
പുരളാതിരിക്കാന്‍
ഞാനെന്തുചെയ്യും
എന്റെ നോട്ടങ്ങള്‍
വേച്ചുപോകുന്നതും,
നാണത്തെ ഞാന്‍ മറച്ചുപിടിക്കുന്നതും,
നിന്റെ ശ്രദ്ധയില്‍
പതിയാതിരിക്കാന്‍
ഞാനെന്തുചെയ്യും
2
ഉച്ചകഴിഞ്ഞൊരു
നേരത്തല്ലോ നമ്മള്
കണ്ടതും മിണ്ടിയതും
ചുരുള്‍മുടിയില്‍
കൊരുത്ത മുല്ലപ്പൂ
പാതിയും വാടിയിരുന്നു,
വിയര്‍പ്പില്‍ കുതിര്‍ന്ന
കറുത്തപൊട്ട്
പാതിയും മാഞ്ഞിരുന്നു,
തേച്ച ലിപ്സ്റ്റിക്
ചൊടിയോട് കലര്‍ന്ന്
പാതിയും തേഞ്ഞിരുന്നു,
കണ്ണുകളിലെ നക്ഷത്രങ്ങള്‍ പാതിയും മങ്ങിയിരുന്നു,
ചിരിമുല്ലമൊട്ടുകള്
പാതിയും വാടിയിരുന്നു
കറുത്തകരയുള്ള
സെറ്റുസാരിയുടെ
ഞൊറിവടിവുകള്
പാതിയും ഉലഞ്ഞിരുന്നു,
കറുത്ത ബ്ലൗസിന്റെ
ഇറുക്കവും മുറുക്കവും
പാതിയും അയഞ്ഞിരുന്നു,
മുന്നഴകും പിന്നഴകും
പാതിയും തളര്‍ന്നിരുന്നു
3
അനുവദിക്കുമെങ്കില്‍
നിന്റെ പിന്കഴുത്തിലെ
മുടിയിരുട്ടില്
മുഖം തിരുകി
നിന്റെ മണങ്ങളുടെ
കോക്ക്ടെയില്‍ മൊത്തി
നിന്നോട് പറ്റിച്ചേര്‍ന്ന്
കുറേനേരം പെയ്യണമെന്നുണ്ട്
നിന്റെ പട്ടുമടിയുടെ
മാർദവത്തില്‍ പുതഞ്ഞുകിടന്ന്
കുറേനേരം ഉറങ്ങണമെന്നുണ്ട്
ഒരു പോള കണ്ണടപ്പിക്കാതിരുന്ന
മുഴുവന്‍ രാത്രികളെയും
വെല്ലുവിളിക്കണമെന്നുണ്ട്
നിന്റെ വിരലുകളില്‍
ഉമ്മവെച്ചുമ്മവെച്ച്
പഠിച്ചതൊക്കെയും
മറക്കണമെന്നുണ്ട്
4
ഉച്ചകഴിഞ്ഞൊരു
നേരത്തല്ലോ
വെയിലാറിയ നീയും
പോക്കുവെയില്‍
കടന്ന ഞാനും
കണ്ടതും മിണ്ടിയതും
നമ്മളില്‍
നമ്മളുദിച്ചുതുടങ്ങിയ
നേരത്തും കാലത്തും
നമ്മള് പരസ്പരം
കാണാതെപോയല്ലോ,
കണ്ടിരുന്നെങ്കില്‍
എല്ലാ ലജ്ജയും വെടിഞ്ഞ്
ഞാന്‍ നിന്റെ
പ്രണയത്തിനായി
കെഞ്ചുമായിരുന്നു
5
ഈ കവിത
നീയൊരിക്കലും
വായിക്കുകയില്ല
ഒരുവേള വായിച്ചാലും
ഇത് നിന്നെക്കുറിച്ചാണെന്ന്
നീ തിരിച്ചറിയുകയില്ല
ഇനിയെങ്ങാനുമറിഞ്ഞാല്
ലജ്ജകൊണ്ട് ഞാന്‍ മരിച്ചുപോകും.