വിധേയന് എന്ന ഒരു മീന്‍
സ്വതന്ത്രരുടെ ലോകത്തിൽനിന്നും കാരാഗാരത്തിന്റെ ദൂരമോർക്കുമ്പോഴേക്കും ആവാസത്തിന്റെ കുറേ ലിറ്ററുകൾ ചുറ്റും പരക്കുന്നതറിഞ്ഞ് അലങ്കാരമത്സ്യം മിണ്ടാതിരുന്നു കാറിലിരിക്കുന്ന കുട്ടിക്കുവേണ്ടിയാണെന്നു തോന്നുന്നു പെറ്റ് ഷോപ്പിൽനിന്ന് അകന്നകന്ന് മെയിൻ റോഡിലേക്ക് കേറുമ്പോഴെല്ലാം സ്വതന്ത്രരുടെ ലോകത്തിലേക്ക്, പാവം മീൻ ആർത്തിയോടെ നോക്കി അവരാണ്...
Your Subscription Supports Independent Journalism
View Plansസ്വതന്ത്രരുടെ ലോകത്തിൽനിന്നും
കാരാഗാരത്തിന്റെ ദൂരമോർക്കുമ്പോഴേക്കും
ആവാസത്തിന്റെ കുറേ ലിറ്ററുകൾ
ചുറ്റും പരക്കുന്നതറിഞ്ഞ്
അലങ്കാരമത്സ്യം മിണ്ടാതിരുന്നു
കാറിലിരിക്കുന്ന കുട്ടിക്കുവേണ്ടിയാണെന്നു തോന്നുന്നു
പെറ്റ് ഷോപ്പിൽനിന്ന് അകന്നകന്ന്
മെയിൻ റോഡിലേക്ക് കേറുമ്പോഴെല്ലാം
സ്വതന്ത്രരുടെ ലോകത്തിലേക്ക്,
പാവം മീൻ ആർത്തിയോടെ നോക്കി
അവരാണ് തടവുജീവിതത്തിന്റെ ദൈർഘ്യം
തീരുമാനിക്കുന്നത്
അനുസരണം ഡിസൈൻ ചെയ്യുന്ന
ഫാക്ടറികളാകുന്നു
മുതലാളിത്തം
കാറിലിരിക്കുന്ന കുട്ടിയാണ്
സുതാര്യ ബൗളിലെ
ജയിൽജീവിതത്തിന്റെ അധികാരി!
നാലുസെന്റ് കോളനിയുടെ അരികില്‍
പുതിയതായി വെട്ടിയ പഞ്ചായത്ത് റോഡിലൂടെ
വണ്ടിയോടിക്കൊണ്ടിരിക്കുകയാണ്
ഇലക്ഷൻ അടുത്ത മാസമാണല്ലോ എന്നോര്‍ത്തു
തടവിലാക്കപ്പെട്ട ഗപ്പിക്കുഞ്ഞുങ്ങളെപ്പോലെ
പുളയ്ക്കുന്നുണ്ട്; കോളനിപ്പിള്ളേര്‍
കാറ് നിൽക്കുന്നു
കുട്ടിയിറങ്ങുന്നു
കഴിഞ്ഞയാണ്ടിൽ
രക്തസാക്ഷിയാക്കപ്പെട്ട
സഖാവ് ഷിബുവിന്റെ
ഫ്ലക്സിന് താഴെ മുള്ളുന്നു
'മുതലാളിത്തം തുലയട്ടെ'യെന്ന
വലിയ അക്ഷരങ്ങൾ ചിതമ്പലിളകിയ
മീനുകളെപ്പോലെ അടർന്നുവീഴുന്നു
നഗരത്തിൽനിന്ന്
ഹൗസിങ് കോംപ്ലക്സുകളിലേക്ക്
തിരിയുന്ന വഴിയിലൂടെയാണിപ്പോൾ
വണ്ടി സഞ്ചരിക്കുന്നത്
ഓടകളുടെ ജനല്ചിത്രത്തിനപ്പുറം
നഗരവാസത്തിന്റെ നാറ്റം
മുനിസിപ്പാലിറ്റി
വണ്ടിയേൽ അള്ളിപ്പിടിച്ചിരുന്നു പോകുന്ന
കുടുംബശ്രീയിലെ ചേച്ചിമാർ
മാലിന്യമല്ലാതെ മറ്റെന്തെങ്കിലും കാണുന്നുണ്ടാകുമോ?
വണ്ടി സഞ്ചരിക്കുന്നു
വണ്ടിയിലിരിക്കുന്ന
ചില്ലുഗോളത്തിനപ്പുറം
ലോകം സഞ്ചരിക്കുന്നു
നടക്കുന്ന ജയിലുകളാണ്
ഓരോ മനുഷ്യരും എന്ന്
മീനിനു വേദനിച്ചു
സുതാര്യ ലോകത്തിന്റെ നിശ്ശബ്ദ സ്വാതന്ത്ര്യമാണ് ഭേദം
ലോകത്താകമാനമുള്ള
തടവുജീവിതങ്ങൾക്കു വേണ്ടി
ആ ജലജീവി നിശ്ശബ്ദപ്പെട്ടു
വിധേയരെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന്
ഓരോ വിചിത്രനീതിയും ഉത്തരം നൽകുന്നു
ഭക്ഷണ കിറ്റുകള്‍
'സൗജന്യ'മാണ്
ഒന്നും മിണ്ടാതിരിക്കുക
വിധേയപ്പെട്ടു നീന്തുക!