തയ്പ്
ഒരു തയ്യല്യന്ത്രംതയ്ച്ചുകൊണ്ടേയിരിക്കുന്നുജീവിതം മരണം, ജീവിതം, മരണം എന്നഅതിന്റെ കടകടയില് ഭൂമികിടുകിടുക്കുന്നുഅത് തയ്ക്കുന്നു, കാടുകള്‍, മലകള്‍,മൃഗങ്ങള്‍, മനുഷ്യര്‍, നക്ഷത്രങ്ങള്‍,ചന്ദ്രന്, സൂര്യന്, ഗ്രഹങ്ങളായ ഗ്രഹങ്ങള്‍ മുഴുവന്‍.തയ്ക്കുന്നവളെ കാണുന്നതേയില്ല.അവള് ഇരുട്ടിലാണ്.തയ്യല്ക്കാരീ, തയ്യല്ക്കാരീ,വെളിച്ചത്തേയ്ക്കു വരൂ,എനിക്ക് ഒരു മുഖം...
Your Subscription Supports Independent Journalism
View Plansതയ്ച്ചുകൊണ്ടേയിരിക്കുന്നു
ജീവിതം മരണം, ജീവിതം, മരണം എന്ന
അതിന്റെ കടകടയില് ഭൂമി
കിടുകിടുക്കുന്നു
അത് തയ്ക്കുന്നു, കാടുകള്‍, മലകള്‍,
മൃഗങ്ങള്‍, മനുഷ്യര്‍, നക്ഷത്രങ്ങള്‍,
ചന്ദ്രന്, സൂര്യന്, ഗ്രഹങ്ങളായ ഗ്രഹങ്ങള്‍ മുഴുവന്‍.
തയ്ക്കുന്നവളെ കാണുന്നതേയില്ല.
അവള് ഇരുട്ടിലാണ്.
തയ്യല്ക്കാരീ, തയ്യല്ക്കാരീ,
വെളിച്ചത്തേയ്ക്കു വരൂ,
എനിക്ക് ഒരു മുഖം തയ്ച്ചുതരൂ,
ഞാന്‍ എണ്ണങ്ങളുടെ അദൃശ്യതയില്‍നിന്ന്
നിലവിളിക്കുന്നു.
മറുപടി ഒരു കടകട മാത്രം.
പകരം ഒരു മേഘം യന്ത്രത്തില്‍നിന്നു പുറത്തുവരുന്നു.
അതില്‍നിന്ന് മഴ തോരാതെ പെയ്യുന്നു,
തയ്യല്‍യന്ത്രത്തില്‍ നൂല് ഓടുംപോലെ.
മഴയില്‍നിന്ന് ആദ്യം രാഗങ്ങള്‍ വരുന്നു,
പിന്നെ ചമ്മട്ടികള്.
അവ എന്റെ മുതുകില്‍ ആഞ്ഞുകൊള്ളുന്നു
ഞാന്‍ ചോരയൊലിച്ചു പിടയുന്നു.
തയ്യല്ക്കാരീ, തയ്യല്ക്കാരീ,
തയ്ക്കല്‍ നിര്‍ത്തൂ.
മഴ പ്രളയമായി പരക്കുന്നു.
ഭൂമി അതില്‍ മുങ്ങാന്‍ തുടങ്ങുന്നു
എന്റെ ഒരു കൈ മാത്രം മുകളില്‍:
അഞ്ചിലൊരു സൂര്യനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്.
ചിത്രീകരണം: വിനീത് എസ്. പിള്ള