കാതിലോല
അമ്പതു കഴിയുമ്പോൾപെണ്ണുങ്ങളുടെ കാതിൽഇരു ചന്തങ്ങൾ കയറിയിരുന്ന് പ്രകാശം പരത്തും.കുണുങ്ങുന്ന തിളക്കങ്ങൾഉള്ളിലേക്ക് വലിയും.വട്ടമൊപ്പിച്ച് ഒച്ചയുടെ കാവൽക്കാരെന്നപോലെ;ജാഗ്രതയോടെ അവ ഇരിക്കും.ഇരുത്തം വന്ന രണ്ട് കാട്ടുദേവതകളെപ്പോലെമുടിച്ചാർത്തിനക്കരെയിക്കരെയിരുന്ന്ശാന്തരായി പുഞ്ചിരിക്കും.അവർക്ക് രുചിഭേദങ്ങളില്ല.സ്വരങ്ങളേതും നുണഞ്ഞിറക്കുംഅമ്പതു കഴിയുമ്പോൾ സ്ത്രീകളുടെ കാതുകൾഹൃദയത്തിന്റെ അറകളായി ഉരുവപ്പെടും.ഇരു ചെവിയറിയാതെയാണ്...
Your Subscription Supports Independent Journalism
View Plansഅമ്പതു കഴിയുമ്പോൾ
പെണ്ണുങ്ങളുടെ കാതിൽ
ഇരു ചന്തങ്ങൾ കയറിയിരുന്ന് പ്രകാശം പരത്തും.
കുണുങ്ങുന്ന തിളക്കങ്ങൾ
ഉള്ളിലേക്ക് വലിയും.
വട്ടമൊപ്പിച്ച് ഒച്ചയുടെ കാവൽക്കാരെന്നപോലെ;
ജാഗ്രതയോടെ അവ ഇരിക്കും.
ഇരുത്തം വന്ന രണ്ട് കാട്ടുദേവതകളെപ്പോലെ
മുടിച്ചാർത്തിനക്കരെയിക്കരെയിരുന്ന്
ശാന്തരായി പുഞ്ചിരിക്കും.
അവർക്ക് രുചിഭേദങ്ങളില്ല.
സ്വരങ്ങളേതും നുണഞ്ഞിറക്കും
അമ്പതു കഴിയുമ്പോൾ സ്ത്രീകളുടെ കാതുകൾ
ഹൃദയത്തിന്റെ അറകളായി ഉരുവപ്പെടും.
ഇരു ചെവിയറിയാതെയാണ് അവ തമ്മിൽ തൊടുക.
സ്വകാര്യമായ സ്നേഹത്തിന്റെ നിശ്വാസമേറ്റ്
അവരുടെ ഉള്ള് ഊഷ്മളമാവും.
ഇണക്കങ്ങൾ കോർത്തെടുക്കുന്ന സൂചികൊണ്ട്
സൗഹൃദങ്ങൾ തുന്നിയെടുത്തണിയും.
ഒച്ചയില്ലാത്ത സങ്കടങ്ങളുടെ ചില്ലകളിൽ
അവ ഋതുക്കളെ ഓരോന്നായി എടുത്തുവെക്കും.
അമ്പതു കഴിയുമ്പോൾ സ്ത്രീകളുടെ കാതുകൾ
വയസ്സറിയിക്കുന്നു.
താഴെ വീഴാത്ത കനികളായി
എത്താതെ നിന്ന്
ലോകത്തെ മോഹിപ്പിക്കുന്നു.