എടീ -കവിത
''എടീ''യെന്ന്
പുലർച്ചെ വിളിക്കുന്നു 'മാവ്'
പണ്ടേ കേറിയിട്ടില്ലൂഞ്ഞാലും, കെട്ടീല
എടീയെന്ന് വിളിക്കുന്ന-
ടുക്കളയിൽനിന്ന്
പത്തിരി പുട്ടു ചപ്പാത്തിക്കിടിച്ച്
കുഴക്കേണ്ട മാവ്
ബഷീറി'െൻറടി'യല്ല
എ യെന്ന കാർന്നോരുടെ പിന്നിൽ
വളഞ്ഞു നിൽക്കുന്ന 'ടി'
നടുവിൽ പൂജ്യം ചേർത്താൽ മതി
എം.ടിയുടെ മൗനമായി.
പ്രാതലിരിക്കുന്നു,
ചുരത്തുമെന്നു പേടിച്ച്
പിൻവാങ്ങിയ മുല
മൗനവുമായി ടേബിളിൽ.
നിരവധി യുദ്ധങ്ങളിൽ
തോറ്റ യോനിപോൽ
തിന്നു തീരാതെ
തേക്കണം.
തേക്കണം, പല്ല്
ഭർത്താവിനെ,
കാമുകനെ
ഇറങ്ങും മുമ്പുപ്പു വിയർപ്പെന്ന്
സങ്കടപ്പെടേണ്ടൊമ്പതേ
അമ്പത്തഞ്ചായി.
നാൽപത്തൊന്നു വയസ്സ്, കണ്ണട
പണ്ടേ പഞ്ചറു കാഴ്ചക്കുണ്ടതിപ്പോൾ
ബസാടുന്ന കുഴി.
ആപ്പീസിലൊപ്പിട്ട്
ഫയലു തുറക്കുന്നു
കക്ഷത്തിൽനിന്നൊരട്ടിയുപ്പടർന്ന്
വയസ്സിലേക്കും
ദിവസത്തിലേക്കും
വീഴുന്നു.