രാത്രിയില്‍ ഡാമില്‍ ഇറങ്ങരുത്
''ഭൂമി ഉരുണ്ടതാണെന്ന്പറയുന്നവര് പറയട്ടേ...,ഭൂമി പരന്നതാണ്.നീണ്ടുനിവര്‍ന്ന് മുകളിലേക്ക് നോക്കിമണ്ണില് ലയിക്കുന്നത്.അതില്നിന്ന്എല്ലാ സസ്യങ്ങളും മരങ്ങളുംഅതേ ആകാശം നോക്കിവളരുന്ന പരപ്പ്.നീളത്തില്‍ നീന്തുന്ന മീനുകള്പറക്കുന്ന പക്ഷികള്‍, തുമ്പികള്ഭൂമി ഉരുണ്ടതാണെന്നവാദക്കാരല്ല.''ചര്‍ച്ച അവസാനിപ്പിക്കുന്നതിനു മുമ്പ്ഒരു കാര്യം.രാത്രിയില്ഡാം...
Your Subscription Supports Independent Journalism
View Plans''ഭൂമി ഉരുണ്ടതാണെന്ന്
പറയുന്നവര്‍ പറയട്ടേ...,
ഭൂമി പരന്നതാണ്.
നീണ്ടുനിവര്‍ന്ന്
മുകളിലേക്ക് നോക്കി
മണ്ണില്‍ ലയിക്കുന്നത്.
അതില്‍നിന്ന്
എല്ലാ സസ്യങ്ങളും മരങ്ങളും
അതേ ആകാശം നോക്കി
വളരുന്ന പരപ്പ്.
നീളത്തില്‍ നീന്തുന്ന മീനുകള്‍
പറക്കുന്ന പക്ഷികള്‍, തുമ്പികള്‍
ഭൂമി ഉരുണ്ടതാണെന്ന
വാദക്കാരല്ല.''
ചര്‍ച്ച അവസാനിപ്പിക്കുന്നതിനു മുമ്പ്
ഒരു കാര്യം.
രാത്രിയില്‍
ഡാം ഒരു വിഷാദസംഭരണിയാണ്
അവിടേക്ക് തണുപ്പ്
ഒരു വിരഹഗോളംപോലെ
ചുറ്റിപ്പുണരും.
കരയില്‍ പാടിക്കുഴയുന്ന ഗായകര്‍
പാട്ടില്‍നിന്നും വേര്‍പെട്ടുപോകും.
''ഡാമില്‍ ഇറങ്ങരുത്.''
പുറമ്പോക്കിലെ
കപ്പത്തോട്ടത്തിലേക്ക്
ഒരു ജീപ്പ് ഇടിച്ചുകയറി.
ഓവര്‍സിയര്‍ കയ്യടിച്ചു.
ട്രയല്‍ റണ്ണില്‍
മുറ്റം നിറയെ ആകാശം കണ്ട്
കാക്കകള്‍ പറന്നു.
പള്ളിയിലെ നേര്ച്ചക്കുറ്റി
വെള്ളം കുടിച്ച് കക്കി.
മാറ്റിപ്പണിയുമെന്ന വാഗ്ദാനം
മാലാഖമാര്‍ പറക്കുന്ന
ശിൽപത്തിന്റെ ചിറകുകള്
നനച്ചു.
തോട്ടില്‍ കെട്ടിയിട്ട
ഓലയും അളിക്കെട്ടും
ആളുപേക്ഷിച്ച
ശവങ്ങള്പോലെ ഒഴുകി.
നടക്കാന്‍ കഴിയാതെ
ശ്വാസമടക്കിപ്പിടിച്ച
വഴികള്‍
ഞരമ്പറുക്കുന്നു.
ഒരു രാത്രി
സാരിയുടുത്തൊരു സുന്ദരി
ഡാമിനടിയില്നിന്നും
പൊന്തിവന്നു.
വീടെവിടെന്ന് ചോദിച്ചിട്ടും
മിണ്ടിയില്ല
കരച്ചില് മാത്രം മീനുകള്‍
കൊത്തിരസിച്ചു.
നാടുവിട്ടുപോയ
അവരെന്തിന്
ഒറ്റയ്ക്ക് തിരിച്ചുവന്നു?
വീട്
പൂട്ടിയില്ല.
മുറ്റത്ത് കുട്ടികള്‍ കളിക്കുന്നു.
വഴിയാകെ മഴക്കുടം.
പാലകള്ക്കിടയില്
ഈന്തോലകള്‍ വട്ടം പിടിച്ച
കുടകള്‍ നീക്കി
ബന്ധുക്കളെ തിരഞ്ഞ്
അവള്
എങ്ങോട്ടോപോയി.
അടുപ്പക്കാരി
ഞാവല്‍പ്പഴം
വേണമെന്ന് പറഞ്ഞ് കരഞ്ഞു.
തോട്ടിലെ അലക്കുകല്ലില്
പഴുത്ത ഞാവല്‍പ്പഴങ്ങള്‍
വന്നുവീണു.
അവളുടെ
വെള്ള യൂനിഫോമിലെ
കറുത്ത പാടുകള്‍
ആ വര്‍ഷം മുഴുവന്‍
നീണ്ട അസംബ്ലിയിലെ
വെയിലില്‍
മങ്ങിക്കൊണ്ടിരുന്നു.
ഡാമിനടിയിലേക്ക് പോയ
അവളുടെ കയ്യക്ഷരങ്ങളെ
കൂരികുത്തിമുറിച്ചു.
ഡാമിന്റെ അടിത്തട്ടിലെ
തോട്ടിന്‍കരയിലിരുന്ന്
മീന്‍ പിടിക്കുന്നവര്‍ക്കും,
മുകളില്‍ വലയെറിഞ്ഞ
വള്ളക്കാരനും
കുരുങ്ങിയത് അതേ മീനുകള്‍,
പേരറിയാത്തവ.
കാട്ടുപായല് പുകചീന്തി
കൂട്ടിക്കെട്ടിയ പുല്‍ത്തലപ്പുകളില്‍
കൊഞ്ചുകള്‍ വാല്നക്ഷത്രങ്ങള്
തോര്ത്തുമുണ്ടഴിക്കുന്നു.
ഡാമിന്റെ നെഞ്ചില്‍
ഏതോ മേസ്തിരി കെട്ടിവെച്ച
നിശ്ശബ്ദതയുടെ ലെവല്ച്ചരടില് തട്ടി
നീര്‍ക്കാക്കകള്‍
വിശപ്പിന്റെ നാദം മീട്ടി.
അവ അടുക്കളയുടെ
ഓടാമ്പലിളക്കി അകത്തു കടന്നു.
മുന്നിലൂടെ പുറത്തേക്കു പോകുന്നു.
കുറുകിപ്പോയ ഉടുപ്പ്
ഉപേക്ഷിച്ച മരങ്ങള്‍
നിലത്തിരുന്ന്
കക്ഷം ഉരച്ചു കഴുകുന്നു.
കാലുരയ്ക്കുമ്പോള്
ചിലത് തെറ്റിവീഴുന്നു.
കല്ലില്‍ തലയിടിച്ചവര് മുകളിലേക്ക്
കുമിളകള്‍ പറത്തി
ഞങ്ങള്‍ മീനുകളാണെന്ന്
അറിയിക്കുന്നു.
ചേറില്‍ പുതഞ്ഞ കുഞ്ഞുങ്ങളുടെ
നഴ്സറി ഗാനങ്ങള്‍
ഡാമിനു കുറുകേ നീന്തി
അക്കരെയിലെത്തുമ്പോള്
തോടും ഡാമും
സംവാദതൽപരരല്ല
എന്നറിയുന്നു.
അല്ലെങ്കില്‍പ്പിന്നെ
എത്ര പെട്ടെന്നാണ്
ഒരു ചര്‍ച്ചക്കിടെ
ഒരാളെ ഇല്ലായ്മചെയ്യാന്‍
കഴിയുന്നത്..?