അവരൊഴുകിപ്പോയ നദിയുടെ പേര്
തെളിഞ്ഞൊഴുകുന്ന നീറ്റിന്നോരത്ത്
ഇളകിനിൽക്കുന്നുണ്ട്
കടത്തുകാരൻ കെട്ടിയിട്ട
കടത്തുവള്ളം.
അതിന്റെ അമരത്തിരുന്ന്
കടത്തുകാരൻ പാടി മുഴുവിപ്പിക്കാത്ത
നാട്ടുശീലിന്
കാതോർത്തിരിക്കുകയാണ്
ഇത്തിരി കുഞ്ഞൻ ഞണ്ട്.
വള്ളത്തിനിരുവശത്തും
ജലചിത്രങ്ങൾ കൊത്തിവെക്കുന്ന
കൊഞ്ചിൻ കുഞ്ഞുങ്ങൾ
ഓരോ ഒഴുക്കിലും
ഓരോ ദേശങ്ങളിലേക്കും
കൊടുത്തയക്കാനുള്ള
ജാഗ്രത നിർദേശത്തിന്റെ
പകർപ്പ് തുന്നുന്നു.
പുഴയുടെ വേഗമേറുന്നതും
പുഴയുടെ നിറം മാറുന്നതും
പുഴയുടെ ഗതി മാറുന്നതും നോക്കി
മഴ കനച്ചിറങ്ങുന്നുണ്ടെന്ന്
നൊന്തു പാടുന്നു കടത്തുകാരൻ.
തുടിതാളത്തിൽ
ചുവടുവെക്കുന്ന കുട്ടികൾ
പുതിയ പാട്ടു കെട്ടുന്നു.
‘‘ഭരണമാളുന്നോർ
വരച്ചു ചേർക്കും ഭൂപടത്തിൽ
ഉയിരിനങ്ങളായി ഞങ്ങളില്ലയോ?’’
പ്രളയകാലം കൊണ്ടുവെച്ച
തുരുത്തിൽനിന്ന്
തുണയില്ലാതലയുന്ന കുരങ്ങും
പന്നിയും കുറുക്കനും
ആ പാട്ടു കേൾക്കുന്നു
മറുകര നോക്കുന്നു.
അകലെ മുഴങ്ങുന്ന വെടിയൊച്ചകൾ
വിലാപങ്ങൾ
നിലവിളികൾ
എവിടെയോ പെയ്യുന്ന
മഴക്കൊപ്പം ചുവക്കുന്നു നദി.
കരുതിയിരിക്കണം നാം
വംശവെറിയാൽ
കാട് കരിച്ചതിനൊപ്പമെരിച്ചിടാൻ
കൊതിച്ചിരിക്കുന്നുണ്ട് കണ്ണുകൾ.