എന്നേക്കും ജീവനോടെ
എന്റെ പ്രിയപ്പെട്ട ജന്മനാട്
സ്വേച്ഛാധിപത്യത്തിന്റെ മരുക്കാട്ടിൽ
വേദനയും യാതനയും ചുരത്തി നീ
എത്ര കാലമെന്നത്
പ്രശ്നമേയല്ല
അവർക്ക് നിന്റെ
കണ്ണുകൾ
പിഴുതെടുക്കാനാവില്ല
നിന്റെ ആശകളും കിനാക്കളും
കൊല്ലാനാവില്ല.
ഉയിർത്തെഴുന്നേൽക്കാനുള്ള
നിന്റെ ആഗ്രഹം
കുരിശിലേറ്റാനാവില്ല
നമ്മുടെ കുട്ടികളുടെ പുഞ്ചിരി
കട്ടെടുക്കാനോ,
നശിപ്പിക്കാനോ,
തീയിടാനോ ആവില്ല.
കാരണം ഞങ്ങളുടെ
ആഴത്തിലുള്ള
സങ്കടങ്ങളിൽനിന്ന്
ഞങ്ങളുടെ ജീവിതത്തിന്റെയും
മരണത്തിന്റെയും
പുതുമയിൽനിന്ന്
നിന്നിൽ ജീവിതം
വീണ്ടും
ജന്മമെടുക്കുക
തന്നെ ചെയ്യും.
ഫദ്വ തുഖാൻ (1917-2003)
ഫലസ്തീനിയൻ ചെറുത്തുനിൽപിന്റെ കവി. ‘A Mountainous Journey’, ‘The Last Melody’, ‘Daily Nightmares: Ten Poems’ എന്നിവ പ്രധാന കൃതികൾ.