ഞങ്ങൾക്കൊരു നാടുണ്ട്
ഫലസ്തീന്റെ എക്കാലത്തെയും മികച്ച രാജ്യാന്തര കവികളിലൊരാളായ മഹ്മൂദ് ദർവീശിന്റെ കവിതകളുടെ മൊഴിമാറ്റമാണ് ചുവടെ. രാജ്യം നഷ്ടപ്പെട്ടവരുടെ വേദനയും പോരാട്ടവീര്യവുമൊക്കെ പ്രകടിപ്പിക്കുന്ന കവിതകൾ ലോകമെങ്ങും ആസ്വാദകരുടെ മനസ്സുകളെ പിടിച്ചുലക്കുന്നു. ‘മാധ്യമം ബുക്സ്’ അടുത്ത് പ്രസിദ്ധീകരിക്കുന്ന ‘ഗലീലിയിൽ കുരുവികൾ മരിച്ചുവീഴുന്നു: മഹ്മൂദ് ദർവീശിന്റെ തിരഞ്ഞെടുത്ത കവിതകൾ’ എന്ന കവിതാസമാഹാരത്തിൽനിന്നുള്ളതാണ് ഇൗ കവിതകൾ.1. എഴുതി എടുത്തോ ഞാൻ അറബിരേഖപ്പെടുത്തൂ, ഞാൻ അറബിഐഡി കാർഡ് നമ്പർ അമ്പതിനായിരം എനിക്ക് മക്കൾ എട്ട്...
Your Subscription Supports Independent Journalism
View Plansഫലസ്തീന്റെ എക്കാലത്തെയും മികച്ച രാജ്യാന്തര കവികളിലൊരാളായ മഹ്മൂദ് ദർവീശിന്റെ കവിതകളുടെ മൊഴിമാറ്റമാണ് ചുവടെ. രാജ്യം നഷ്ടപ്പെട്ടവരുടെ വേദനയും പോരാട്ടവീര്യവുമൊക്കെ പ്രകടിപ്പിക്കുന്ന കവിതകൾ ലോകമെങ്ങും ആസ്വാദകരുടെ മനസ്സുകളെ പിടിച്ചുലക്കുന്നു. ‘മാധ്യമം ബുക്സ്’ അടുത്ത് പ്രസിദ്ധീകരിക്കുന്ന ‘ഗലീലിയിൽ കുരുവികൾ മരിച്ചുവീഴുന്നു: മഹ്മൂദ് ദർവീശിന്റെ തിരഞ്ഞെടുത്ത കവിതകൾ’ എന്ന കവിതാസമാഹാരത്തിൽനിന്നുള്ളതാണ് ഇൗ കവിതകൾ.
1. എഴുതി എടുത്തോ ഞാൻ അറബി
രേഖപ്പെടുത്തൂ, ഞാൻ അറബി
ഐഡി കാർഡ് നമ്പർ അമ്പതിനായിരം
എനിക്ക് മക്കൾ എട്ട്
ഒമ്പതാമൻ വേനലിന് പിന്നാലെ വരും
എന്താ ദേഷ്യം വരുന്നുണ്ടോ?
എഴുതി എടുത്തോ, ഞാൻ അറബി
അധ്വാനിക്കുന്ന സഖാക്കൾക്കൊപ്പം
കല്ലുവെട്ടുകുഴിയിൽ പണിയെടുക്കുന്നു
അവർക്കായി ഞാൻ പാറക്കല്ലിൽനിന്ന്
അപ്പം കുഴിച്ചെടുക്കുന്നു;
ഉടുപ്പുകളും സ്കൂൾ നോട്ട്പുസ്തകങ്ങളും
എന്നാൽ, നിന്റെ വാതിൽപടിക്കൽ വന്ന്
ഇരക്കുന്നില്ല
നിന്റെ പടിക്കെട്ട് തറയിൽ വന്ന്
കൊച്ചാകുന്നില്ല.
ഞാൻ അറബി; സ്ഥാനപ്പേരില്ലാത്ത കേവല നാമം
എല്ലാം രോഷത്തിൽ കഴിയുന്ന ഒരു നാട്ടിൽ
എന്തും സഹിച്ചു കഴിയുന്നവൻ
കാലം ജനിക്കും മുമ്പേ വേരുറച്ചവൻ
വാസരങ്ങൾ പൊട്ടിവിടരും മുമ്പേ
സൈത്തൂനും പൈൻമരങ്ങൾക്കും മുമ്പേ
പുല്ല് നാമ്പെടുക്കും മുമ്പേ
നിന്റെ ആദിമ നെറ്റിത്തടത്തിൽ
നിന്റെ വസതിയുടെ കിളിവാതിൽക്കൽ
ഞാനും മരണവും രണ്ടു മുഖങ്ങൾ
എന്തിനാണ് നീ ഇപ്പോൾ
എന്റെ മുഖത്തുനിന്ന് ഒളിച്ചോടുന്നത്?
എന്തിനാണു നീ ഒളിച്ചോടുന്നത്?
ഗോതമ്പുമണികളെ ഭൂമിയുടെ
കൺപീലികളാക്കുന്നതിൽനിന്ന്
അഗ്നിപർവത ലാവകൾ
മുല്ലപ്പൂവിന് മറ്റൊരു മുഖം നൽകുന്നതിൽനിന്ന്
എന്തിന് നീ ഒളിച്ചോടുന്നു?
കവാടത്തിന് മുന്നിൽ തെരുവുപോലെ,
പുരാതനമായ കോളനി പോലെ
നീണ്ടുകിടക്കുമ്പോൾ
അവളുടെ മൗനമല്ലാതെ
നിശാന്ധകാരത്തിൽ ഒന്നും എന്നെ
മുഷിപ്പിക്കുന്നില്ല
ശരി, റീതാ
എല്ലാം നീ കരുതുംപോലെ
തന്നെ ആകട്ടെ
മൗനം ഒരു മഴുവാകട്ടെ
നക്ഷത്രങ്ങളുടെ ചട്ടക്കൂടുകളാകട്ടെ
നിറുത്തണ്ട, എഴുതിക്കോളൂ
ഞാൻ അറബി
എന്റെ പിതാമഹന്മാരുടെ മുന്തിരിപ്പഴങ്ങൾ
നിങ്ങൾ കവർന്നെടുത്തു;
ഞാൻ കൃഷിചെയ്യുന്ന മണ്ണും.
എനിക്കും സന്തതികൾക്കും പേരക്കിടാങ്ങൾക്കും
ഈ പാറക്കൂട്ടമല്ലാതെ ഒന്നും ബാക്കിവെച്ചില്ല
മുന്നേപോലെ അതും നിങ്ങളുടെ സർക്കാർ
എടുത്തുകൊണ്ടുപോകുമോ?
എങ്കിൽ
ആദ്യത്തെ താളിന്റെ മുകളിൽതന്നെ എഴുതിക്കോളൂ
എനിക്ക് ആരോടും വെറുപ്പില്ല
ആരെയും ഞാൻ കൈയേറുന്നുമില്ല
എന്നാൽ, എനിക്ക് വിശന്നാലുണ്ടല്ലോ
കൈയേറ്റക്കാരനെ ഞാൻ പിടിച്ചുതിന്നും
കരുതിക്കോളൂ
എന്റെ വിശപ്പിനെയും രോഷത്തെയും
ജാഗ്രതൈ.
=====================
2. ഗലീലിയിൽ കുരുവികൾ മരിച്ചുവീഴുന്നു
നൊടിയിടയിൽ
ഒരു വർഷം കഴിഞ്ഞു
രണ്ടുവർഷം കഴിഞ്ഞു
ഒരു തലമുറക്ക് ശേഷം...
നമ്മൾ വീണ്ടും കണ്ടുമുട്ടും
കാമറയിൽ അവൾ
ഇരുപത് പൂങ്കാവനങ്ങൾ എറിഞ്ഞുതന്നു
ഗലീലിയിലെ കുരുവികളെയും
എന്നിട്ടവൾ നടന്നുനീങ്ങി
സാഗരതരംഗങ്ങൾക്ക് പിന്നിൽ
സത്യത്തിന്റെ പുതിയ അർഥം തേടിക്കൊണ്ട്
എന്റെ ദേശം
രക്തം പുരണ്ട കൈലേസുകൾ
ഉണങ്ങാനിടുന്ന അയക്കോൽ
തീരത്ത് ഞാൻ നീണ്ടുനിവർന്ന് കിടന്നു
മണലായി, ഈന്തപ്പനയായി
അവൾ അറിയുന്നില്ല
റീതാ,
ഞാനും മരണവും നിന്നെ ദാനം നൽകി
വാടിയ ആഹ്ലാദത്തിന്റെ രഹസ്യമായി
ചുങ്കപ്പുരയുടെ കവാടത്തിങ്കൽ
ഞാനും മരണവും ഞങ്ങളെ പുതുക്കിപ്പണിതു
എന്റെ പിതാവ് കലപ്പയുടെ കുടുംബത്തിൽനിന്ന് വരുന്നവൻ
കുലീന പ്രഭുകുടുംബത്തിൽനിന്നല്ല.
എന്റെ പിതാമഹൻ ഒരു കൃഷീവലൻ
ഉന്നതകുലജാതനല്ല
പുസ്തകം വായിക്കും മുമ്പെന്നെ
സൂര്യതേജസ്സ് പഠിപ്പിച്ചവൻ
എന്റെ വീട് മുളന്തണ്ടും കമ്പുകളുംകൊണ്ട് നിർമിച്ച കാവൽകൂര
എന്തേ കണ്ണിൽ പിടിച്ചില്ലേ?
എനിക്ക് പേരേ ഉള്ളൂ; ഉൽപമില്ല
എഴുതി എടുത്തോ, ഞാൻ ഒരറബി
മുടി കൽക്കരി നിറം
കണ്ണ് കാപ്പിക്കളർ
എന്റെ തിരിച്ചറിയലടയാളങ്ങൾ എഴുതി എടുത്തോ:
ശിരോവസ്ത്രത്തിന് മുകളിലെ ഇഖാൽ*
എന്റെ കൈപ്പടം പാറപോൽ പരുപരുത്തത്
തൊട്ടാൽ തോലുരിയും
എന്റെ വിലാസം:
ഒറ്റപ്പെട്ട വിസ്മൃത കുഗ്രാമീണൻ
അവിടെ തെരുവുകൾക്ക് പേരില്ല
അവിടെ ആണുങ്ങളെല്ലാം
വയലിലും ക്വാറികളിലും
എന്തേ, കോപം വരുന്നുണ്ടോ?
(* കറുത്ത ചരടുകൾകൊണ്ടുള്ള വട്ടക്കെട്ട്)
==========================
3. ഞങ്ങൾക്കൊരു നാടുണ്ട്
ഞങ്ങൾക്കൊരു നാടുണ്ട് അതിരുകളില്ലാത്ത നാട്
ഇടുങ്ങിയതും വിശാലവുമായ നാട്
അജ്ഞാതമായതിനെ കുറിച്ചുള്ള ഞങ്ങളുടെ ചിന്തപോലെ
അതിന്റെ ഭൂപടത്തിലൂടെ ഞങ്ങൾ നടക്കുമ്പോൾ
ഞങ്ങളെ ഇടുക്കുന്ന നാട്
വെണ്ണീർതുരങ്കത്തിലേക്ക് അത് ഞങ്ങളെ എടുത്തുകൊണ്ടുപോകുന്നു
അതിന്റെ രാവണൻകോട്ടയിൽ ഞങ്ങൾ നിലവിളിക്കുന്നു:
എങ്കിലും ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു
ഞങ്ങളുടെ പ്രണയം ഒരു പൈതൃകരോഗമാണ്
ആ നാട്, ഞങ്ങളെ അജ്ഞാത ലോകത്തേക്ക് വലിച്ചെറിയുമ്പോൾ
ഞങ്ങൾ വലുതാകുന്നു, അതിന്റെ വിശേഷണങ്ങളും
ഇലപൊഴിയും അരളിമരങ്ങളും വളരുന്നു
അതിന്റെ പുൽമേടുകളും നീല മലകളും വലുതാകുന്നു
ജീവന്റെ വടക്കേ തലക്കലെ
ജലാശയം വിസ്തൃതമാകുന്നു
ജീവന്റെ തെക്കുള്ള കതിരുകൾ പൊങ്ങുന്നു
പ്രവാസിയുടെ നാരകം വിളക്കായി തിളങ്ങുന്നു
ഭൂമിശാസ്ത്രം വിശുദ്ധ വേദങ്ങളായി ഉദയംകൊള്ളുന്നു
കുന്നിൻപരമ്പരകൾ ഉയരെ ഉയരെ പോകുന്നു
‘‘ഒരു പറവയായിരുന്നെങ്കിൽ ചിറകുകൾ കരിച്ചേനേ’’
നാടുകടത്തപ്പെട്ട ആത്മാവിനോട് അവ പറയുന്നു
ശിശിരഗന്ധം എന്റെ ഇഷ്ടരൂപം പ്രാപിക്കുന്നു
വരണ്ട ഖൽബിൽ ചാറൽമഴ ഇറ്റിവീഴുന്നു
ഭാവനയുടെ ഉറവകൾപൊട്ടി, അതായിത്തീരുന്ന സ്ഥലം
ഒരേയൊരു യാഥാർഥ്യം
അകലെയുള്ളതൊക്കെയും
ആദിമ ഗ്രാമമായി മടങ്ങുന്നു
ഭൂമി ആദാമിനെ സ്വീകരിക്കാൻ
പറുദീസയിൽനിന്നിറങ്ങി ആദാമിനെ കാണാൻ പോകുന്നപോലെ
അപ്പോൾ ഞാൻ പറയുന്നു
ഞങ്ങളെ ഗർഭം ധരിച്ച നാടാണത്...
അപ്പോൾ എപ്പോഴാണ് ഞങ്ങൾ ജനിച്ചത്?
ആദാം രണ്ടു സ്ത്രീകളെ പരിണയിച്ചോ
അതോ ഞങ്ങൾ വീണ്ടും ജനിക്കുമോ
ഞങ്ങൾ പാപം മറക്കാൻ.
==========================
4. കനലെഴുത്ത്
അപരാഹ്നത്തിൽ ഞങ്ങളുടെ പട്ടണം
ഉപരോധത്തിലായി
ഉപരോധത്തിൽ പട്ടണം അതിന്റെ
മുഖം തിരിച്ചറിഞ്ഞു
നിറം പറഞ്ഞത് കള്ളമായിരുന്നു
തടവുപുള്ളി,
വിജിഗീഷുക്കളുടെ ബഹുമതിപ്പടങ്ങൾക്കും
നർത്തകരുടെ പാദരക്ഷകൾക്കും
തിളക്കം നൽകുന്ന സൂര്യനുമായി
എനിക്കൊരു ബന്ധവുമില്ല.
തെരുവുകളേ,
നിന്റെ പരേതാത്മാക്കളുടെ എണ്ണവുമായല്ലാതെ
നീയും ഞാനും തമ്മിൽ ഒന്നുമില്ല
അതിനാൽ മധ്യാഹ്നംപോലെ
നീ എരിഞ്ഞൊടുങ്ങുക
വിലാപഗീതികളുടെ പുസ്തകത്തിൽനിന്ന്
ഓമനേ, നീ ഉദിച്ചുപൊങ്ങുന്നു
നിന്റെ വദനത്തിലെ പ്രകാശ സുഷിരങ്ങൾ
എന്റെ നെറ്റിത്തടം
എനിക്ക് തിരിച്ചുനൽകുന്നു
എന്നിൽ പുരാതനമായ വീറ് നിറച്ച്
എന്റെ മാതാപിതാക്കൾക്ക് തിരിച്ചുനൽകുന്ന
... ഹൃദയമുണ്ടാക്കുന്ന കാപ്പിപ്പുരയിലും
ചന്തയിലുമല്ലാതെ ഞാൻ വിശ്വസിച്ചിരുന്നില്ല.
എന്നാൽ, ഈ കുരിശിന്റെ ആണികൾക്ക് പുറത്ത്
മിന്നലുകളുടെ മറ്റൊരു ഉറവിടവും
പ്രേമിയുടെ പുതുമുഖവും തേടുകയായിരുന്നു ഞാൻ
തെരുവുനാമങ്ങളുടെ സ്ഥാനക്രമങ്ങൾ ഞാൻ കണ്ടു
ഹാളിലേക്കിറങ്ങുന്ന മട്ടുപ്പാവിൽതന്നെ നിൽക്കുകയായിരുന്നു നീ
മുഖമില്ലാത്ത രണ്ട് കണ്ണുകൾ
എങ്കിലും നിന്റെ ശബ്ദം
മങ്ങിയ പെയിന്റിങ്ങിനെ കടന്നുവന്നു
ഞങ്ങളുടെ പട്ടണം മധ്യാഹ്നത്തിൽ ഉപരോധിക്കപ്പെട്ടു
ഞങ്ങളുടെ പട്ടണം ഉപരോധത്തിൽ
അതിന്റെ മുഖം കണ്ടെടുത്തു
വൃക്ഷത്തിന്റെ സൂതികർമണിയാകട്ടെ
കത്തികളുടെ മൂർച്ചയിൽനിന്ന്
ഞാൻ ചുംബനം നുകരട്ടെ
വരൂ ഓമനേ,
നമുക്ക് കുരുതിക്കളത്തോട്
ചേർന്ന് നിൽക്കാം...
കാലത്തിന്റെ ആഴക്കിണറുകളിൽ
കുരുവിപ്പറ്റങ്ങൾ
അധികപത്രികൾ പോൽ കൊഴിഞ്ഞുവീണു
റീതാ!
വലുതായി വരുന്ന കുഴിമാടം ഞാൻ കാണുന്നു
റീതാ!
എന്റെ ചർമത്തിൽ
ചങ്ങലകൾ ദേശത്തിന്റെ
രൂപം കൊത്തിയെടുക്കുന്നു.
==========================
5. തൂക്കാൻ വിധിക്കപ്പെട്ടവന്റെ യുക്തി
തൂക്കാൻ വിധിക്കപ്പെട്ടവന്റെ യുക്തിയാണ് എനിക്കുള്ളത്:
എനിക്ക് എന്തെങ്കിലും ഉണ്ടായിട്ടുവേണ്ടേ
എന്നെ നീ ഉടമപ്പെടുത്താൻ?
എന്റെ രക്തംകൊണ്ടാണ് ഞാൻ
ഒസ്യത്ത് എഴുതിയിട്ടുള്ളത്:
‘‘എന്റെ പാട്ടിൽ വസിക്കുന്നവരേ, ജലത്തെ വിശ്വസിക്കുക’’
രക്തത്തിൽ കുതിർന്ന്, നാളെയുടെ കിരീടം ചൂടി ഞാനുറങ്ങി
ഭൂമിയുടെ ഹൃദയം ഭൂപടത്തേക്കാൾ
വലുതായി ഞാൻ സ്വപ്നം കണ്ടു.
എന്റെ കണ്ണാടികളേക്കാൾ, തൂക്കുകയറിനേക്കാൾ സുതാര്യം
എന്നെ ഉയരങ്ങളിലേക്ക് കൊണ്ടുപോയ മേഘത്തിൽ ഞാൻ വിഹരിച്ചു
ഒരു മരംകൊത്തിപ്പക്ഷിയെപ്പോലെ
കാറ്റ് എന്റെ ചിറകുകൾ...
പുലരിയിൽ രാത്രികാവൽക്കാരന്റെ വിളി എന്നെ ഉണർത്തി
എന്റെ കിനാവിൽനിന്ന്, എന്റെ ഭാഷയിൽനിന്ന്:
മറ്റൊരു മൃതിയായി നീ ജീവിക്കും
അതിനാൽ നിന്റെ ഒടുവിലത്തെ ഒസ്യത്ത് തിരുത്തുക
വധശിക്ഷയുടെ നാൾ വീണ്ടും നീട്ടി
ഞാൻ ചോദിച്ചു: ഏതുവരെ?
അയാൾ പറഞ്ഞു: കൂടുതൽ മരണങ്ങൾ നീ കാത്തിരിക്കുക
ഞാൻ പറഞ്ഞു: എന്റെ അടുക്കൽ
യാതൊന്നുമില്ല, എന്നിട്ടല്ലേ നീ എന്നെ ഉടമപ്പെടുത്തുക
രക്തംകൊണ്ടാണ് ഞാൻ ഒസ്യത്ത് എഴുതിയത്:
എന്റെ പാട്ടിൽ വസിക്കുന്നവരേ, ജലത്തെ വിശ്വസിക്കുക.
==============================
6. ഒടുവിലെത്തവൻ എങ്കിലും ഞാൻ
ഞാൻ ഒടുവിൽ വന്നവനെങ്കിലും
എനിക്ക് മതിയായത്ര വാക്കുകൾ എന്റെ വശമുണ്ട്...
ഓരോ കാവ്യവും ഒരു ചിത്രമാണ്
മീവൽപക്ഷിക്ക് ഞാൻ വസന്തത്തിന്റെ ഭൂപടം വരച്ചുകൊടുക്കും.
കാൽനടക്കാർക്ക് നടപ്പാതയിൽ സൈതൂൻ
പെണ്ണുങ്ങൾക്ക് മരതകക്കല്ല്
വഴി എന്നെ വഹിച്ചുകൊണ്ടുപോകും
വഴിയെ ഞാൻ എന്റെ കൈപ്പടത്തിൽ വഹിക്കും
വസ്തുക്കൾ അതിന്റെ രൂപം വീണ്ടെടുക്കും വരെ
പിന്നെ, അതിന്റെ യഥാർഥ നാമവും
ഓരോ കാവ്യവും അമ്മയാകുന്നു
മേഘത്തിന് അതിന്റെ സഹോദരനെ അവൾ തേടിക്കൊടുക്കുന്നു
ജലക്കിണറിന് സമീപം
‘‘എന്റെ കുഞ്ഞേ! നിനക്ക് ഞാൻ പകരക്കാരനെ തരാം
എന്തെന്നാൽ ഞാൻ ഗർഭിണിയാണ്
ഓരോ കാവ്യവും കിനാവാണ്:
ഞാൻ കിനാവ് കണ്ടു, എനിക്കൊരു കിനാവുണ്ടെന്ന്
അതെന്നെ വഹിക്കും; ഞാൻ അതിനെയും
മീസാൻകല്ലിൽ ഞാൻ അവസാന വരി കുറിക്കുന്നതുവരെ
ഞാൻ ഉറങ്ങി... പറക്കാൻ
മിശിഹാക്കുവേണ്ടി ഞാൻ ശീതകാല ഷൂ വഹിച്ചുകൊണ്ടുവരും
എല്ലാവരെയുംപോലെ അവനും നടക്കാൻ മലമുകളിൽനിന്ന്... ജലാശയത്തിലേക്ക്.
========================
7. ചെയ്തതിൽ ഖേദം വേണ്ട
ചെയ്തതിൽ നീ ഖേദിക്കേണ്ട-
ഞാൻ പതുക്കെ പറയുകയാണ്,
എന്റെ തന്നെ അപരനോട്
നിന്റെ എല്ലാ സ്മൃതികളുമിതാ
പച്ചയിൽ കാണപ്പെടുന്നു
ഉച്ചക്കത്തെ പൂച്ച ഉറക്കത്തിലെ പൊറുതികേട്
പൂങ്കോഴിയുടെ തലപ്പൂവ്
മർയമിയ്യ അത്തർ
അബയുടെ ഖഹ് വ
പായയും തലയണകളും
സോക്രട്ടീസിന് ചുറ്റും കറങ്ങുന്ന ഈച്ച
പ്ലാറ്റോവിന്റെ തലമുകളിലെ മേഘം
ഹമാസ കവിതാസമാഹാരം
അച്ഛന്റെ പടം
മുഅ്ജമുൽ ബുൽദാൻ*
ഷേക്സ്പിയർ
മൂന്ന് സഹോദരന്മാർ, മൂന്ന് സഹോദരിമാർ
നിന്റെ ബാല്യകാല സുഹൃത്തുക്കൾ
ജിജ്ഞാസുക്കൾ
‘‘അവൻ തന്നെയോ ഇവൻ?’’
സാക്ഷികൾക്ക് പല അഭിപ്രായങ്ങൾ
ചിലപ്പോൾ ആയേക്കാം;
അവനെപ്പോലെ തോന്നുന്നു
അപ്പോൾ ഞാൻ ചോദിച്ചു: ആരിവൻ
അവർ മറുപടി തന്നില്ല.
ഇവിടെ, ഞാനെന്റെ നിഴലിനെ അഴിച്ചുവിട്ടു
ഏറ്റവും ചെറിയ പാറ തെരഞ്ഞെടുത്ത് ഉറക്കമിളച്ചു
മിഥ്യയെ തകർത്തു, ഞാനും പൊട്ടിത്തകർന്നു
ഞാൻ കിണറിന് ചുറ്റും നടന്നു
എന്നിൽനിന്ന് ഞാനല്ലാത്തതിലേക്ക് പറന്നു
ഗാഢമായൊരു ശബ്ദം ഉയർന്നുവന്നു:
‘‘ഈ ശവക്കല്ലറ നിന്റെ ശവക്കല്ലറയല്ല’’
അപ്പോൾ ഞാൻ ക്ഷമ ചോദിച്ചു
യുക്തിഭദ്രമായ വേദസൂക്തങ്ങൾ ഞാൻ ഓതി
കിണറ്റിലെ അജ്ഞാതനോട് ഞാൻ പറഞ്ഞു:
‘‘സമാധാനത്തിന്റെ ഭൂമിയിൽ
നീ കൊല്ലപ്പെട്ട നാളിൽ നിനക്ക് ശാന്തി;
കിണറിലെ അന്ധകാരത്തിൽനിന്ന്
നീ ഉയിർത്തെഴുന്നേൽക്കുന്ന നാളിലും.’’