ഇന്ദ്രനീലം
സന്ധ്യ, തണുപ്പ്, കാറ്റ്.
*തടാകത്തിന് നീലയും വയലറ്റും നിറം.
കുന്നുകൾ അതുവരെ മിണ്ടിയതെന്തോ നിർത്തുന്നു
വെളിച്ചം അണിയുമ്പോൾ പറയാൻ ബാക്കിവെച്ചത്
മേഘങ്ങൾ പൊതിഞ്ഞെടുക്കുന്നു
അനാദിയായ മൗനത്തിനർഥം പിടികിട്ടാതെ
സഞ്ചാരികൾ കലപില കൂട്ടുന്നു
പ്രകൃതി വരക്കുന്ന ചിത്രങ്ങൾ പകർത്തിത്തീരാതെ
വീണ്ടും വീണ്ടും ഫോട്ടോകളെടുക്കുന്നു
തടാകം ചാരനിറമാകുന്നു.
രാത്രി, വിജനം, നിശ്ചലം.
തടാകത്തിനു മങ്ങിയ നിലാവിൽ വെള്ളിനിറം
നക്ഷത്രങ്ങളിലൊന്ന് പൊടുന്നനേ താഴെ വീഴുന്നു
ജലം അതിനെ കൈക്കുമ്പിളിൽ കോരിയെടുത്തുറക്കുന്നു
കണ്ണുചിമ്മിച്ചിമ്മിയതുറങ്ങുമ്പോൾ
തടാകം അമ്മയെപ്പോലെ മഞ്ഞിനാൽ പുതപ്പിക്കുന്നു
കൂടാരങ്ങളിൽ മയങ്ങുന്നവർ
മായക്കാഴ്ചയിൽ പെട്ടുപോകുന്നു
അതിർത്തികളില്ലാത്ത ലോകത്തെ
സ്വപ്നങ്ങളിൽ കാണുന്നു
തടാകം നീലയിൽ മുങ്ങിക്കിടക്കുന്നു.
പ്രഭാതം, വെയിൽ, മടക്കം.
തടാകത്തിന് പച്ചയും ഓറഞ്ചും നിറം
അദൃശ്യമായ കൈകൾ നീട്ടി തടാകം
മടങ്ങുന്നവരെ തിരികെ വിളിക്കുന്നു.
ഭാരമില്ലാത്ത ഒരു സ്ഫടികമായി
തടാകത്തെയവർ നെഞ്ചിലേറ്റുന്നു
വിട്ടുപോന്നിട്ടും പിന്തുടരുന്ന
ഏതോ ദുഃഖസ്മരണയവരെ
കൊളുത്തി വലിക്കുന്നു.
നാളുകൾക്കു ശേഷം
മട്ടുപ്പാവിൽ കാണുന്ന നിലാവിൽ
പെട്ടെന്ന് ആകാശത്ത് തടാകം പ്രത്യക്ഷപ്പെടുന്നു
ഏകാന്ത രാവിൽ തീർത്തും ഏകാകിയായ മനുഷ്യർ
കൈവിട്ടുപോയ ഇന്ദ്രനീലക്കല്ലുപോലുള്ള
പ്രണയവ്യഥയിൽ ആഴ്ന്നാഴ്ന്നു പോകുന്നു
നിറങ്ങളൊന്നും ബാക്കിവെക്കാതെ
തടാകം അപ്രത്യക്ഷമാകുന്നു.
* ഇന്ത്യയിലും ചൈനയിലും തിബത്തിലുമായി പരന്നുകിടക്കുന്ന പാംഗോങ് തടാകം സൂര്യപ്രകാശത്തിനനുസരണമായി നിറങ്ങൾ മാറുന്ന കാഴ്ച മനോഹരമാണ്.