നിന്റെ രാജ്യം വരാതിരിക്കേണമേ
വളരെപ്പെട്ടെന്ന്
വെയിൽ തിളച്ചിറങ്ങി
വെന്തുപൊള്ളിച്ചൊരു
രാജ്യത്ത് ഞങ്ങളിരുന്നു.
കണ്ണുകളിൽ
പലായനത്തിന്റെ
രാത്രിവണ്ടികളുടെ
നിലയ്ക്കാത്ത പെയ്ത്ത്.
ഏതിടവഴിയിലെ
കൂർത്ത കല്ലിൽ തട്ടിയാണ്
മിന്നലടിച്ചപോലെ നമ്മൾ
രണ്ടു തരമായത്.
അവർ സ്വയം രാജ്യമാകുന്നു
നമ്മൾ..?
ചോദ്യമിങ്ങനെയിരട്ടിച്ച്
വീണ്ടുമിരട്ടിച്ചിരട്ടിച്ച്
വരണ്ട പാടങ്ങളിൽ
നമ്മളെ നിരത്തി.
ഓടിക്കളിച്ച വഴികളിൽ െവച്ച്
അവരുടെ രാജ്യം
നമ്മുടെ തുണിയുരിഞ്ഞ്,
മുലകൾ കടിച്ചു പൊട്ടിച്ച്,
ആർത്തുവിളിച്ചു.
വരമ്പിലെ മട പൊട്ടിക്കുംപോലെ
യോനി പിളർത്തി
കമ്പും കല്ലും നിറച്ചു.
വേലിപ്പത്തലിൽ
ചെമ്പരത്തിക്കൊപ്പം
ചോരയിൽ കുതിർന്ന്
ഉടലില്ലാതെ നമ്മുടെ
തലകൾ പൂത്തിറങ്ങുന്നു.
ചൂടുപോലൊന്നിപ്പോൾ
ഉള്ളംകാലിൽത്തൊടുന്നു
മുള്ളു പോലൊന്ന്,
ചില്ലുപോലൊന്ന്.
കാലുറച്ചൊന്ന് നിൽക്കാനാകാതെ
തുള്ളിക്കാറുന്ന മനുഷ്യരെക്കണ്ട്
കണ്ട്
കണ്ട്
കാണാത്ത പോലിരുന്ന്
നിന്റെ രാജ്യമിപ്പോൾ
ഇടക്കിടക്ക്
ചെങ്കോല് മിനുക്കുന്നുണ്ട്.
മതിയാക്കില്ലല്ലോ നിങ്ങൾ?
വരവറിയിക്കുന്നതല്ലേയുള്ളൂ
നിങ്ങളുടെ രാജ്യം.