ഭൂതകാലത്തിൽ ഉപേക്ഷിക്കപ്പെട്ട പാട്ട്
ഭൂതകാലത്തിൽ മുറിഞ്ഞുപോയ ചെവിയിലൂടെ കേൾക്കുന്നു ഒരു പാട്ട്. മൺചുവരിനോട് ചാരിപുൽപ്പായ വിരിക്കും. മണ്ണിൽ നട്ടുവളർത്തിയ അച്ഛമ്മയുടെ ചക്കരകിഴങ്ങുവള്ളികൾ ഉടലിലേക്ക് പടരും. വെയില് കാഞ്ഞ പുതപ്പിനുള്ളിൽ വേനൽകാലത്തിലേക്ക് പറന്നു വന്ന പക്ഷികൾ മെല്ലെ മെല്ലെ കൊക്കു താഴ്ത്തും. ഓടിളക്കി വരുന്ന നിലാക്കറ ഇറ്റിറ്റ് വീഴും, കണ്ണിലേക്ക്. വെള്ളം കോരിവെച്ചഇറയത്ത് ഒരു കിണറ് തന്നെ നിറഞ്ഞു തൂവുന്നത് എനിക്ക് കേൾക്കാം. പുഴ നീന്തി വന്ന കുഞ്ഞികുതിര മുറ്റത്ത് നിന്ന് ഉറയുമ്പോൾ അമ്മ നേദിച്ചു, ഒരുപിടി അവിലും അരിയും പൂവും. പാടത്തിനക്കരെകാടിനക്കരെ ചളിര്മരചുവട്ടിൽ കളി മതിയാകാത്ത ഒരു കുഞ്ഞു...
Your Subscription Supports Independent Journalism
View Plansഭൂതകാലത്തിൽ
മുറിഞ്ഞുപോയ ചെവിയിലൂടെ
കേൾക്കുന്നു
ഒരു പാട്ട്.
മൺചുവരിനോട് ചാരി
പുൽപ്പായ വിരിക്കും.
മണ്ണിൽ നട്ടുവളർത്തിയ
അച്ഛമ്മയുടെ ചക്കരകിഴങ്ങുവള്ളികൾ
ഉടലിലേക്ക് പടരും.
വെയില് കാഞ്ഞ പുതപ്പിനുള്ളിൽ
വേനൽകാലത്തിലേക്ക് പറന്നു
വന്ന പക്ഷികൾ
മെല്ലെ മെല്ലെ കൊക്കു താഴ്ത്തും.
ഓടിളക്കി വരുന്ന
നിലാക്കറ ഇറ്റിറ്റ് വീഴും,
കണ്ണിലേക്ക്.
വെള്ളം കോരിവെച്ച
ഇറയത്ത്
ഒരു കിണറ് തന്നെ
നിറഞ്ഞു തൂവുന്നത്
എനിക്ക് കേൾക്കാം.
പുഴ നീന്തി വന്ന
കുഞ്ഞികുതിര
മുറ്റത്ത് നിന്ന് ഉറയുമ്പോൾ
അമ്മ നേദിച്ചു,
ഒരുപിടി അവിലും അരിയും
പൂവും.
പാടത്തിനക്കരെ
കാടിനക്കരെ
ചളിര്മരചുവട്ടിൽ
കളി മതിയാകാത്ത
ഒരു കുഞ്ഞു സൂര്യനുണ്ടെന്ന്
ഞാൻ വിശ്വസിക്കും.
എന്നും
ചന്ദ്രനുദിക്കുന്നൊരു
ഗ്രാമത്തിലേക്ക്
ചൂട്ടു മിന്നി പായുന്ന
കുട്ടികളിൽ അവസാനത്തെ ആൾ ഞാനായിരുന്നു.
ഉറക്കപ്പിച്ചിൽ
അച്ഛമ്മ പാടുന്ന പാട്ടിൽ
കരിങ്കുട്ടിയും പറക്കുട്ടിയും
കാളിയും മുണ്ടിയും
കല്ലുകളുപേക്ഷിക്കുമായിരുന്നു.
കള്ളിപ്പൂക്കൾ ഇറുക്കാൻ
പോയവരൊക്കെ മുറുക്കിച്ചുവപ്പിച്ച്
സന്ധ്യക്ക് മുമ്പേ
വീടുകൾ തേടി
അലഞ്ഞു.
തോട്ടലിയിൽ കുളി വൈകിയ
നേരത്തൊക്കെ
മീനുകളെ തോൽപിച്ച
പെണ്ണുങ്ങളുടെ കഥ
ഒരു നത്ത് ഇരുന്ന് മൂളി.
ചോറുണ്ട്
കമിഴ്ത്തി വെച്ച അടുക്കളവാതിലിൽ
അമ്മ തോരാനിട്ട
പൂച്ചക്കുഞ്ഞുങ്ങളുടെ പതുങ്ങലിൽ
ഞാനുമുണ്ടായിരുന്നു.
ജനാലക്കൽ
അപ്പോഴും
അടക്കാൻ മറന്ന ഇരുട്ട്
കാറ്റിൽ പതുക്കെ
കുറ്റിച്ചൂളനായി.
ചിമ്മിനിവിളക്കിൽ
പ്രാണികൾ തീ കായും
നേരം
ഉമ്മറപ്പടിയിൽ
വെച്ചുകുത്തിയ ഒരോർമ വന്ന്
ഉറക്കത്തെ അണച്ചു.
ഭൂതകാലത്തിലേക്ക്
ഉറങ്ങാൻ കിടന്നവരൊന്നും
ഇതുവരെ ഉണർന്നില്ല.
മുറിഞ്ഞുപോയ ചെവിയിലൂടെ
ഭൂതം കെട്ടി നടന്ന
മറ്റൊരു കാലത്തിലിരുന്ന്
എനിക്ക് കേൾക്കാം
ഉപേക്ഷിക്കപ്പെട്ട
അവരുടെ പാട്ടിലെ
വഴികൾ.