പാട്ടി
എന്റെ നഗരം
വീണ്ടുമെന്നെ
തൊട്ടതുപോൽ .
സൗത്തേക്കായ് സൗത്തേക്കായ്
കടലക്കായ് കടലക്കായ്
എന്ന്
മാടി വിളിച്ചതു പോൽ
നഗരത്തിന്റെ കൊടും തണുപ്പ്
എന്നെ വന്ന്
പുതച്ചതു പോൽ.
നഗര ശിലാ ഹൃദയങ്ങൾ
കടുപ്പത്തിലൊരുമ്മ
തന്നതു പോൽ
നഗരമെന്നെ
മറന്നിരിക്കാമെന്ന ഭീതി
പതഞ്ഞിറങ്ങിയ ചാറ്റലിൽ
അലിഞ്ഞതു പോൽ.
കെംപെഗൗഡ സ്‌റ്റേഷനിൽ നിന്ന്
ഒരു ബസ്സ്
അരികെ വന്ന്
കമ്മനഹള്ളിയെന്ന്
തൊട്ടു വിളിക്കുന്നു.
ബസ്സിലിരിക്കുമ്പോൾ
കയ്യിലിരുന്ന ഫോൺ
പാട്ടി' യെന്ന്
ചിലമ്പുന്നു.
വരാനിത്ര കാലം
മെനെക്കടാഞ്ഞതിന്
പരിഭവിക്കുന്നു.
'മധുവെയ്ക്ക്
വിളിക്കാഞ്ഞതിന്
ഈർഷ്യപ്പെടുന്നു.
മുദ്ദെയൂട്ട ഊട്ടിത്തരാമെന്ന്
വാത്സല്യപ്പെടുന്നു.
'പൂസ്സി'ക്കൊരു മുട്ടെ 'യെന്ന്
ആജ്ഞാപിക്കുന്നു
തെലുഗുവും കന്നഡയും
തമിഴുമെന്ന വന്ന്
തലോടുന്നു.
പതിയെ, ബസ്സെന്നെ
കമ്മനഹള്ളിയിൽ
ഇറക്കിവിടുന്നു.
ഞാനൊരു ദീർഘശ്വാസത്തിൽ
ഭൂതകാലത്തിന്റെ മണം
അരിച്ചെടുക്കുന്നു.
പുതുഭാഷ കേട്ടകാലം
മറുഭാഷ തൊട്ടകാലം
പശിമുറ്റി അലഞ്ഞ കാലം
പനിപറ്റി കിടന്ന കാലം
പാട്ടിയൂട്ടിത്തന്ന കാലം
മതിയിൽ പാടേ മറന്ന കാലം
ഓർമ്മകളുടെ മൂന്നാംക്രോസ്സിൽ
കണ്ണ്, പഴയ ഫ്ലാറ്റിന്റെ ചുവട്ടിലേയ്ക്ക്
തല നീട്ടുന്നു.
ഫ്ലാറ്റിൽ നിന്ന്
റോട്ടിലേക്ക്
വലിച്ചു നീട്ടിയ
തുണിപ്പന്തൽ
ഉറുമ്പു പൊതിഞ്ഞ പോലെ
ആളുകൾ
ആകാശത്തെന്നപോലെ
പുകച്ചുരുളുകൾ
പന്തികേടിന്റെ
നനഞ്ഞ സ്വരങ്ങൾ.
പന്തലിനരികെയെത്തിയതും
പുസ്സി ഓടിവന്ന്
അതിന്റെ വാൽ
എന്റെ ഉപ്പുറ്റിയുടെ മുകളിലേക്ക്
ചുരുട്ടിയുരുമ്മുന്നു.
ഞാനും പുസ്സിയും
അനാഥരായ കുഞ്ഞുങ്ങളെപ്പോലെ
സങ്കടത്തിന്റെ തോരാമഴയിൽ
തണുത്തു വിറയ്ക്കുന്നു.
==============================
* സൗത്തേക്കായ് - കുക്കുമ്പർ
* പുസ്സി - പൂച്ചക്കുട്ടി
* മധുവെ -വിവാഹം
*മുദ്ദെയൂട്ട - റാഗി മുദ്ദെ