കൊച്ചു റബ്ബി*
ഒന്ന്ചീരു കൊച്ചു റബ്ബിഎന്റെ വളർത്തു പൂച്ചയാണ് ചിലപ്പോഴൊക്കെ ഞാൻ അവളുടെ വളർത്തു മനുഷ്യനും. രണ്ട്നദിയിൽ-എന്റെ പ്രിയതമയോടൊത്ത് കുളിക്കുമ്പോൾ അവളെനിക്ക് കൂർത്ത നഖങ്ങൾ കാണിച്ചു തന്നു; അകത്തേക്കും പുറത്തേക്കും ചലിപ്പിക്കാവുന്നവ. ഞാൻ ഷൂസ് അഴിച്ച് അവൾക്ക് എന്റെ കുളമ്പുകൾ കാണിച്ചുകൊടുത്തു. അവൾ എന്നെ നക്കിത്തുടച്ചുപോകുമ്പോൾ ഒരു പൂച്ചക്കുഞ്ഞിനെ തന്നു... എന്റെ ഏകാന്തത കഠിനമായിരുന്നുഒറ്റപ്പെട്ടതും തകർന്നതുമായ കപ്പലുകളിൽ ഒളിച്ച് പാർത്തു. വിഷാദത്തിന്റെ വീഞ്ഞും ആകുലതയുടെ അപ്പവും തിന്നു. വരണ്ടതും പൊടിപാറുന്നതുമായ ഭൂമികയിലൂടെ അലഞ്ഞ് ഞാൻ കരുണക്കുവേണ്ടി യാചിച്ചു. ചിത്രകഥകളിൽ...
Your Subscription Supports Independent Journalism
View Plansഒന്ന്
ചീരു കൊച്ചു റബ്ബി
എന്റെ വളർത്തു പൂച്ചയാണ്
ചിലപ്പോഴൊക്കെ ഞാൻ അവളുടെ
വളർത്തു മനുഷ്യനും.
രണ്ട്
നദിയിൽ-
എന്റെ പ്രിയതമയോടൊത്ത്
കുളിക്കുമ്പോൾ
അവളെനിക്ക് കൂർത്ത നഖങ്ങൾ
കാണിച്ചു തന്നു;
അകത്തേക്കും പുറത്തേക്കും ചലിപ്പിക്കാവുന്നവ.
ഞാൻ ഷൂസ് അഴിച്ച് അവൾക്ക്
എന്റെ കുളമ്പുകൾ കാണിച്ചുകൊടുത്തു.
അവൾ എന്നെ നക്കിത്തുടച്ചു
പോകുമ്പോൾ ഒരു പൂച്ചക്കുഞ്ഞിനെ തന്നു...
എന്റെ ഏകാന്തത കഠിനമായിരുന്നു
ഒറ്റപ്പെട്ടതും തകർന്നതുമായ കപ്പലുകളിൽ
ഒളിച്ച് പാർത്തു.
വിഷാദത്തിന്റെ വീഞ്ഞും
ആകുലതയുടെ അപ്പവും തിന്നു.
വരണ്ടതും പൊടിപാറുന്നതുമായ
ഭൂമികയിലൂടെ അലഞ്ഞ്
ഞാൻ കരുണക്കുവേണ്ടി യാചിച്ചു.
ചിത്രകഥകളിൽ യാചകനെ
രാജകുമാരി സ്നേഹിക്കുന്നു
ജീവിതത്തിൽ പാറാവുകാർ
അവനെ ആട്ടിയോടിക്കുന്നു.
ഇടുപ്പിന് താഴെ മരിച്ച പൂച്ചക്കുഞ്ഞ്
എന്റെ കാലുകളിലുരുമ്മുന്നു.
ഞാൻ അതിനെ കൈകളിലെടുത്തു-
കരുണാമയനായ ദൈവമേ
നിന്റെ പാതി തളർന്ന സ്നേഹത്തെ
ഞാൻ ഹൃദയത്തിലേക്ക് ചേർക്കുന്നു.
മൂന്ന്
വർഷങ്ങൾക്കുശേഷം വീട്ടിൽ
മടങ്ങിയെത്തിയ
മകന്റെ ആകെ സമ്പാദ്യം
കറുപ്പും വെളുപ്പും നിറഞ്ഞ
ഒരു പൂച്ചക്കുഞ്ഞാണെന്നറിഞ്ഞ്
അമ്മ ചിരിച്ചു; ഇപ്പോൾ
കണ്ടുകിട്ടിയത് പോലെ യാതൊരുത്കണ്ഠകളുമില്ലാതെ,
കണ്ണിൽ വാത്സല്യത്തിന്റെ
തിളക്കം മാത്രമായി.
ദരിദ്രർ അവരുടെ മക്കൾക്കായി
സമ്പാദ്യം മുഴുവൻ ചിലവഴിക്കുന്നു.
വീട്ടിലെ ആഘോഷങ്ങൾ, പക്ഷേ
രാപ്പകൽ നിലച്ചതേയില്ല.
ബിരിയാണിയും നെയ്പായസവും
ചൂടും ചൂരുമായി വേലികൾ മറികടന്നു.
മുല്ലവള്ളികൾപോലെ അത് പടർന്നു.
അവർ അവരുടെ മക്കളെ
തിരികെ വിളിച്ചു.
ഒരു ചെമ്മരിയാട്, ഒരു തീക്കോഴി,
ഒരു കാളക്കുട്ടി എന്നിങ്ങനെ
അവർ അച്ഛനമ്മമാർക്കുള്ള
സമ്മാനങ്ങളുമായി വന്നു.
ഒരു റേഡിയോ ഒഴികെ
മറ്റൊരു യന്ത്രവും
അവർ നഗരങ്ങളിൽനിന്ന്
സ്വീകരിച്ചതേയില്ല.
നാല്
കൊച്ചു റബ്ബി ഇടക്കിടെ
പുറ്റുകളിലേക്ക് ഇറങ്ങിപ്പോയി.
തേറ്റകൾകൊണ്ട് ഞാനത് തട്ടിമറിച്ചു.
തലയകത്തേക്കിട്ട് ഇരട്ട
നാവുകൊണ്ട് ഉൾമണ്ണ് തൊട്ടു.
പ്രാചീനമാമൊരു മൃഗത്തിന്റെ മണമുള്ള
എന്റെ കൈകൾ അകത്തേക്ക്...
കൈകളിൽ ചോര-
നഖങ്ങളിൽ അടിയന്തരാവസ്ഥയിൽ
പോലീസ് അടിച്ചു കയറ്റിയ
തുരുമ്പിച്ച ചുള്ളാണികൾ.
കൈകളിൽ ചോര-
പാമ്പുകടിയേറ്റ വ്രണങ്ങൾ
കഴുത്തിൽ ജ്ഞാനത്തിന്റെ മുറുകെപ്പിടിത്തം
കൈകളിൽ ചോര-
ചോരയിൽ (നീ) മരീചിക
പല്ലുകൾക്ക് വിഷനീലിമ
ചുംബനത്തിൽനിന്നടർന്ന്
വീഴുന്നു ഞാൻ...
മനുഷ്യൻ ഇഴയുന്നു
പുറ്റുകൾ തോറും തേടുന്നു
റബ്ബീ, നീയെവിടെ...
വിഷജന്തുവാമെന്നെ ആരെങ്കിലും
അടിച്ചു കൊല്ലും!
അതിനുമുമ്പ് നിന്റെ വാലിൽ പിടിച്ച്
ഞാൻ പുറത്തേക്ക് വലിക്കട്ടെ.
റബ്ബീ-
ഞാൻ അനാഥനാണ്
(കരയുന്നു)
അഞ്ച്
ഒരിക്കൽ മഴ പെയ്തു
ഞങ്ങൾ ഇറയത്ത് വന്നിരുന്നു
‘‘എന്താണമ്മേ പതിവ് തെറ്റിയൊരു മഴ?’’
ഞാൻ ചോദിച്ചു.
‘‘ഇത് മഴക്കാലമാണ് മകനേ’’ അമ്മ പ്രതിവചിച്ചു.
മഴക്കാലവും വേനൽക്കാലവും വസന്തകാലവും
വഴിതെറ്റിയ തീർഥാടകരെപ്പോലെ
ഞങ്ങളിലേക്ക് വരികയും പോവുകയും ചെയ്തു.
കൊച്ചു റബ്ബിയുടെ പിൻകാലുകൾ
ഏതോ ഒരു മഞ്ഞുകാലത്ത്
പൂർവാധികം ദൈവീകതയോടെ
ഉയിർത്തെണീറ്റു.
അവൾ ഒരു മരത്തിലേക്ക് വലിഞ്ഞു കയറി.
ഞാനും കയറി; ഉരുതിവീണു.
എന്റെ പാദങ്ങൾ താമരദളംപോലെ
മൃദുലമായിരുന്നു. നെഞ്ചുരഞ്ഞ്
ഞാൻ മുകളിലേക്ക് കയറി.
ഊമ വെയിലിൽ ഞങ്ങൾ മരഞ്ചാടി.
വായുവിൽ കരണം മറിഞ്ഞു
ചില്ലകൾതോറും ഊഞ്ഞാലാടി
ഞങ്ങളെപ്പിടിച്ച് സർക്കസിൽ
കൊടുക്കുമെന്ന് അമ്മ പറഞ്ഞു.
താഴ്ന്നു മേയുന്ന വെൺമേഘങ്ങളിൽ
ഉരുമ്മിയിരുന്ന് ഞാൻ ചോദിച്ചു:
‘‘റബ്ബീ, നമുക്ക് സർക്കസിൽ
പലതും ചെയ്യുവാനുണ്ടാകും അല്ലേ!’’
‘‘മെരുക്കപ്പെടാൻ എനിക്കാവതില്ലേ’’
അവൾ കൈകൾ കൂപ്പി
നിലത്തേക്ക് വീണു; നാലു കാലിൽ.
ഞാൻ കൈച്ചിറകുകൾ നിവർത്തി
കുന്നിൻ ചെരുവിൽ പറന്നുനടന്നു.
പാറക്കെട്ടുകൾക്കിടയിൽനിന്ന്
കൊച്ചു റബ്ബിയെ റാഞ്ചിയെടുത്ത്
മലമുകളിലേക്ക് പോയി...
ആറ്
-ധ്യാനത്തിനും പ്രാതലിനും
മദ്യപാനത്തിനും ശേഷം
ഞങ്ങൾ മലയിറങ്ങുന്നു
ഷേക്സ്പിയറുടെ ഒരു നാടകം
കാണാൻ പോകുന്നു
എന്റെ തോളിൽക്കിടന്ന്
ഉച്ചമയക്കത്തിലാണ് റബ്ബി.
നായികമാരുടെ കട്ടൗട്ടുകളിലേക്ക്
ഞാൻ നിർന്നിമേഷം നോക്കിനിന്നു.
‘‘ഒന്നുകിൽ പൂച്ചക്ക്
അല്ലെങ്കിൽ നിനക്ക്
നാടകം കാണാമെ’’ന്ന്
ടിക്കറ്റ് തരാതെ ഒരുവൻ പരിഹസിച്ചു.
എവിടെ അധികാരത്തിന്റെ ഉപകാരസ്മരണകൾ!
ഈ അരസികന്റെ പുറത്ത്
ഗുണ്ടാ ആക്ടോ ദേശദ്രോഹമോ ചാർത്തി,
വിചാരണ ചെയ്യാതെ
ജയിലിൽ അടയ്ക്കൂ...
തിയറ്ററിനകത്തേക്ക് ഞാൻ കണ്ണോടിച്ചു
അവിടെ ജഡ്ജിയുടെ കുതിര മൂത്രമൊഴിക്കുന്നു
ഒരു യുവതി തന്റെ ഭർത്താവിനരുകിൽ
പെരുമ്പാമ്പിനെ പുണർന്നിരിക്കുന്നു
ഒരു തടിയന്റെ നായ കൊച്ചു റബ്ബിയെ
നോക്കി മുരളുന്നു.
ആൾക്കൂട്ടം ഒരു ദലിതനെ അടിച്ചു
കൊല്ലുന്നിടത്തേക്ക് ഞങ്ങൾ പോയി
അവിടെ കൃത്രിമ മഴയാൽ
കാൽപാടുകളെല്ലാം തുടച്ചുനീക്കപ്പെട്ടിരുന്നു.
അവന് വിശന്നിരിക്കാം അല്ലെങ്കിൽ
അവൻ പ്രണയിച്ചിരിക്കാം.
ഒരു പാറക്കഷണം മാത്രം
അവന്റെ ചോരപുരണ്ട് വിറച്ചു;
‘‘ഗോത്രബലി താ’’യെന്ന് നാവു നീട്ടി.
അതിലേ പോയ ഒരുവനെ നോക്കി
കൊച്ചു റബ്ബി ‘‘വിപ്ലവ തെണ്ടീ’’യെന്നു വിളിച്ചു.
ഈ രക്തത്തിൽ എനിക്ക് പങ്കില്ലെന്ന് ഞാൻ പറഞ്ഞു.
അവൾ എന്നെ രൂക്ഷമായി നോക്കി
‘‘ഓ മനുഷ്യപുത്രാ’’യെന്ന് മന്ത്രിച്ചു!
ചോര പുരണ്ട മണ്ണ് ദാഹിച്ച് വിളിക്കുന്നു
പീഡനത്തെരുവുകൾ ഇനിയും
ഇനിയുമെന്ന് പുലഭ്യം പറയുന്നു.
റബ്ബീ നമുക്ക് പോകാം.
ഏഴ്
നഗരത്തിലെ പുക കാണാൻ
ഞങ്ങൾ ഇടക്കിടെ പോയിവന്നു.
ചിലപ്പോൾ എന്റെ വാക്കുകളിൽ
ചിലപ്പോൾ കൊച്ചു റബ്ബിയുടെ
കടവായിൽ ചോരകിനിഞ്ഞു.
‘‘റബ്ബീ, നീയിന്നും മുതലവേട്ടക്ക്
പോയിയല്ലേ’’യെന്ന് ഞാനും
‘‘ഏത് പോർക്കിറച്ചിയിലാണ്
നിന്റെ അഹിംസക്ക് വിരാമ’’മെന്ന്
അവളും കളിയാക്കി.
ചിരിക്കുമ്പോൾ ഇടക്കിടെ
ഞങ്ങൾ ചോര തുപ്പി.
നഗരത്തിൽനിന്ന് ഒരു സ്ത്രീ
രാത്രിയിൽ ഭിക്ഷ യാചിച്ചു
വരുന്നതായി ഗ്രാമീണർ പറഞ്ഞു.
അവളുടെ ഗോത്രവാദ്യത്തിന്
പിറകെ ഓരോരുത്തരും
നിദ്രാടകരെപ്പോലെ നടന്നു.
ചിലർ തിരിച്ചുവന്നില്ല
ചിലർ അവരുടെ
കുഴിമാടങ്ങൾ കണ്ടെത്തി.
ചില യുവാക്കൾ അവളെത്തേടി
അലഞ്ഞു തിരിയുകയും
കുറച്ചു ദിവസത്തിനകം
തീവണ്ടിയുടെ
മലിന ബോഗികളിൽ കയറി അവധൂതരെപ്പോലെ
നാടുവിടുകയും ചെയ്തു.
ആളൊഴിഞ്ഞ വീടുകളിൽനിന്ന്
പാമ്പിൻമുട്ടകൾ പെറുക്കി
തിരികെ വരുമ്പോൾ
രാത്രിയുടെ അരണ്ട വെട്ടത്തിൽ
ഞങ്ങൾ അവളെ കണ്ടു.
കുന്നിക്കുരുവും മുട്ടയും വാഴപ്പഴവും കാണിക്കവെച്ച് ഞാൻ മുട്ടിലിരുന്നു.
മൂർധാവ് മണ്ണിലണച്ച്
ഞാൻ അവളെ തൊഴുതു.
റബ്ബി എന്റെ തുടയിൽ മാന്തി.
അവൾ ഭാണ്ഡത്തിൽനിന്ന്
ആ പ്രാചീന തന്ത്രീവാദ്യം
പുറത്തെടുത്തു.
വിരലുകൾകൊണ്ട് മൃദുവായി
കണ്ണുകൾ പാതി കൂമ്പി
ആ മൺവഴിയിൽ
സംഗീതമുണർത്തി...
നക്ഷത്രങ്ങൾ തീവ്രം ജ്വലിച്ചു
കാട്ടുപൂക്കൾ ഒരുമിച്ച് പൂത്തു
റബ്ബി ജൽപനങ്ങളോടെ നിലത്ത് വീണു
മുട്ടയിൽനിന്ന് പാമ്പിൻ കുഞ്ഞുങ്ങൾ
പുറത്തേക്കിഴഞ്ഞു...
‘‘ജീവജാലങ്ങൾ അവരവരുടെ
സംഗീതത്തോടൊപ്പം ജനിക്കുന്നു
മരണത്തിനു തൊട്ടുമുമ്പ്
ചിലർ മാത്രം അത് കേൾക്കുന്നു.
അവൾ പുറത്ത് തന്ത്രികൾ മീട്ടുന്നു
സംഗീതം നിന്റെ അകത്തുണരുന്നു.
മരണം ഈ ജാലവിദ്യയല്ലാതെ മറ്റെന്ത്!’’
റബ്ബി മന്ത്രിച്ചു.
ഞാൻ കാരുണ്യത്തോടെ അവളെ നോക്കി.
അവൾ ചിലമ്പഴിച്ച് വിലാപങ്ങളോടെ ഓടിപ്പോയി...
എട്ട്
എവിടുന്നോ ഒരു കോങ്കണ്ണി മയിൽപീലിയുമായി
കൊച്ചു റബ്ബി വന്നു.
അതിനെ അവൾ കടിച്ചും മാന്തിയും
മുറിവേൽപിച്ചുകൊണ്ടിരുന്നു.
ഞാൻ അതിനെ പെട്ടെന്ന് കയ്യിലെടുത്ത്
പുസ്തകത്തിൽ ഒളിപ്പിച്ചു.
എന്റെ രാഷ്ട്രീയ കവിതകൾ റബ്ബി കടിച്ചുകീറി;
യാതൊരു ദയയും ദീക്ഷിക്കാത്ത നിരൂപകരെപ്പോലെ.
‘‘റബ്ബീ, അതിൽ പട്ടാളക്കാരെക്കുറിച്ചും
കർഷകരെക്കുറിച്ചും ഞാൻ എഴുതിയ കവിതകളുണ്ട്.
മരണാനന്തരം മാത്രം
ഒരു കവിയെ ആദരിക്കുന്ന ഈ ജനതയെപ്പോലെ
നീയുമെന്നെ അവഗണിക്കരുതേ.’’
അനന്തരം അവളെന്റെ
പ്രണയകവിതകൾ തേടി...
തെരുവുനായ്ക്കളെപ്പോലെ
വിരഹത്താൽ ആക്രമിക്കപ്പെട്ട
എന്റെ ഹൃദയം; വിലക്കപ്പെട്ട
അതേ കാവ്യങ്ങൾ.
അവളതിൽ ചുണ്ടുകൾ ചേർത്ത്
ഒരു തേങ്ങലോടെ കണ്ണീരൊഴുക്കി.
ആ കോങ്കണ്ണി മയിൽപീലി പെറ്റു.
കുറ്റിക്കാട്ടിൽക്കിടന്ന്
സൂര്യനെ നോക്കി ഞാൻ കരഞ്ഞു.
എന്റെ പശുക്കൾ ഒരു നവജാത
ശിശുവിനെപ്പോലെ എന്നെ നക്കിത്തുടച്ചു.
റബ്ബി-
അവളുടെ പാവക്കുഞ്ഞുമായി
എവിടേക്ക് പോകുന്നു;
ഒരു നിഗൂഢ സഞ്ചാരിണിയെപ്പോലെ.
ഓരോ മടക്കത്തിലും
അതിനൊരു മുറിവ് പോലും
ഏൽപിക്കാതെ അവൾ തിരികെയുമെത്തിക്കുന്നു.
ഒമ്പത്
റേഡിയോ യുദ്ധവാർത്തകൾ
മുരണ്ടു: ‘‘ഫലസ്തീൻ ഇസ്രായേൽ
ഇന്ത്യ പാകിസ്താൻ, സുഡാൻ,
യുെക്രയ്ൻ റഷ്യ...’’
ഗ്രാമത്തിൽ അവശേഷിക്കുന്നവർക്ക്
അതിനെക്കുറിച്ച്
ഒരു പിടിയും ഉണ്ടായിരുന്നില്ല.
തക്കാളിക്കും പച്ചമുളകിനുമൊക്കെ
വില കൂടുവാനുള്ള
ഒരു കാരണം മാത്രമാണ് യുദ്ധം!
വിലക്കയറ്റത്തിൽ റേഡിയോ മിണ്ടിയില്ലെങ്കിലും
അവർ അഗ്നിപ്പെടുത്തിയ
രാജ്യങ്ങളെക്കുറിച്ച് കഥകൾ മെനഞ്ഞു.
അരിയും മണ്ണെണ്ണയും
ലഭിക്കുന്നില്ലെന്ന് അമ്മ പറഞ്ഞു.
ഇടക്ക് ഞങ്ങൾ പച്ചരി കുതിർത്ത് തിന്നാൻ തുടങ്ങി...
റേഷൻ കാർഡുകളിൽനിന്ന്
മരിച്ചവരുടെ പേരുകൾ വെട്ടിക്കളയുകയല്ലാതെ
ഞങ്ങളുടെ ഗവൺമെന്റ് പൗരന്മാർക്കായി
മറ്റൊന്നും ചെയ്തില്ല.
രാജ്യം, ക്രിസ്തുവിനെ
വേർപെടുത്തിയ
കുരിശുപോലെ തകർന്നു.
വിശക്കുമ്പോൾ റബ്ബി
വാലിൽ കടിച്ച് മെത്തയിൽ
യിൻ യാങ് പോലെ കിടന്നു.
ഇടക്കിടെ എന്റെ നെഞ്ചിൽ
അമർത്തി പാൽ ചുരത്താൻ ശ്രമിച്ചു.
റബ്ബീ ഞാനൊരു കാടല്ല!
അടുക്കളയിൽ മൂത്രമൊഴിക്കുന്ന
അവളുടെ സ്വഭാവവും
അതിനെ ചൊല്ലിയുള്ള അമ്മയുടെ
വഴക്കുണ്ടാക്കലും നിലച്ചതേയില്ല.
അത്ഭുതങ്ങളിൽ വിശ്വസിക്കാത്തവളെ
നിന്റെ പ്രാർഥനയിൽ മത്സ്യമഴ പെയ്യുന്നു.
പത്ത്
റബ്ബീ-
നിന്റെ വാൽചലനങ്ങളിൽനിന്ന് ന്യായം പഠിച്ചു;
വീഴ്ചയിൽ നാലു കാൽക്കുത്തും
വിദ്യയിൽനിന്ന് വൈശേഷികവും.
വേർതിരിവുകളുടെ ദിനചര്യകളിൽനിന്ന്
സാംഖ്യയും മൂരി നിവർച്ചയിൽ യോഗയും
വശത്താക്കി ഞാൻ. വിരുദ്ധ ചെയ്വനകളിൽ
മീമാംസയും സ്ഥിരം ചിര സ്നേഹത്തിൽ
വേദാന്തവും ദർശിച്ചേൻ.
നിന്റെ മോഹങ്ങളുടെ കിളി പിടിത്തത്തിൽ,
ജാഗ്രത്തായ നിദ്രയിൽ ബുദ്ധനേയും
മുക്തയും സംസാരിയുമായ നിന്നിലെ
ജിനനേയും ഉണക്കമീൻ മാറിപ്പോയിത്തിന്നും
ചാർവാകനേയും ഹൃദിസ്ഥമാക്കി ഞാൻ.
നിന്റെ ഭാവങ്ങളിൽനിന്ന്
നാട്യശാസ്ത്രവും
ചലനങ്ങളിൽനിന്ന്
കാവ്യശാസ്ത്രവും
ശബ്ദങ്ങളിൽനിന്ന്
വ്യാകരണവും
മലമൊളിപ്പിക്കും
സാമൂഹ്യശാസ്ത്രവും
പുല്ലു തിന്നും
വൈദ്യശാസ്ത്രവും
ശത്രുവിനെ തളർത്തും
യുദ്ധതന്ത്രവും
നക്കിത്തുടക്കും ശുചിത്വവും
അറിഞ്ഞു ഞാൻ.
പതിനൊന്ന്
പ്രിയങ്കരിയായ റബ്ബീ
എന്നെ യാത്രയാക്കൂ...
ആ ചാറ്റൽ മഴയത്ത്
അവളെന്റെ കാലുകളിൽ നക്കി.
അവളെ കോരിയെടുത്ത്
ഞാൻ കഴുത്തിലുരുമ്മി
മൂർധാവിൽ മുത്തി.
റബ്ബീ, എനിക്കെന്റെ പ്രണയത്തെ
വീണ്ടെടുക്കേണ്ടതുണ്ട്.
വാരിയെല്ലിലെ
ആ പുഷ്പത്തെ ചുണ്ടോടു ചേർക്കേണ്ടതുണ്ട്.
ഈ അപൂർണതയെ എനിക്ക്
എഴുതിനിറക്കാൻ ആവുന്നില്ല.
ചിലപ്പോൾ ഇനിയൊരു മടക്കമില്ലെന്നുമാവാം.
വിരസവേളകളിൽ,
മനുഷ്യൻ എങ്ങനെയാണ് മറ്റുള്ളവരെ
സ്നേഹിക്കേണ്ടത് എന്നതിനെപ്പറ്റി
ഒരു കാവ്യം ചമക്കുക.