പ്രാന്തത്തി പാറ്വേട്ടി
തൊട്ടടുത്തൊരു മുല്ലക്കാടുണ്ട്
കാടിനു നടുവിലായി
ജീവനില്ലാത്തൊരു വീടും
വീടിനകത്തൊരു സ്ത്രീരൂപവും.
ഒരുകാലത്ത്
നാടിനൊട്ടാകെയവർ പാറ്വേട്ടിയായിരുന്നു.
ഭർത്താവ് ചിണ്ടന് മരിച്ചന്ന്
രാത്രി തുടങ്ങിയ
പിറുപിറുപ്പാണവരെ
പ്രാന്തത്തി പാറ്വേട്ടിയാക്കിയത്.
അവരുടെ കണ്ണുകളെപ്പോഴും
പരസ്പരം ഐക്യപ്പെടാതെ
രണ്ടു ദിക്കിലേക്ക് പിണങ്ങിയിരിക്കും.
പച്ചയും മഞ്ഞയും കലർന്ന
കൃഷ്ണമണികള്‍
കുഞ്ഞുങ്ങളെ ഭയപ്പെടുത്തും.
ചിണ്ടന് മാത്രമേ
ആ കണ്ണുകളെ പ്രണയിക്കാനായുള്ളൂ.
മുല്ല പൂക്കുന്ന നാളുകളില്‍
പെൺനോട്ടങ്ങളത്രയും
ആർത്തിയോടെ
മുല്ലക്കാട്ടിലൊട്ടി നിൽക്കും.
വളഞ്ഞ മുതുകും
ഞാന്ന മുലകളുമേന്തി
പാറ്വേട്ടി വേച്ചുവേച്ച് വരുന്നത് കാണുമ്പോഴേ
മുല്ലമോഹമുപേക്ഷിച്ച്
കുട്ടികൾ കൂട്ടയോട്ടം തുടങ്ങും.
നടന്ന ക്ഷീണത്തെയാകെ
കിണറ്റിൻ കരയില്‍ നിവർത്തിയിരുത്തി,
ഉച്ചത്തിൽ പിറുപിറുത്ത്
നീണ്ടു നില്ക്കുന്ന ഇടവഴിയിലേക്ക്
കണ്ണുപായിക്കും.
പതിവുപോലെ കണ്ണ് രണ്ടും
കാലിയായി മടങ്ങും.
അങ്ങനെയൊരു മുല്ലക്കാലത്താണ്
പ്രാന്തത്തി പാറ്വേട്ടി
നടുമുറ്റത്ത് വീണുകിടന്നത്.
ആരോക്കെയോ ചേർന്നൊരുക്കിയ
ചിതയിലേക്കുള്ള ഊഴം കാത്ത്
കണ്ണു തുറന്ന്,
മുതുകു വളച്ച്,
കാലു രണ്ടും മടക്കിപ്പിടിച്ച്
ചോദ്യചിഹ്നം പോലെ
അവരങ്ങനെ കിടന്നു.
തുലാവര്ഷരാത്രിയിലെ
ആകാശം കണക്കെ
മുല്ലച്ചെടികൾ
നഗ്നരായി നിന്നു.
ശവമെടുത്തപ്പോൾ
മുഷിഞ്ഞ ഉടുമുണ്ടിന്റെ
കോന്തലയിൽ നിന്നൊരു
നീളൻ മുല്ലപ്പൂമാല
താഴേക്കൂർന്നുവീണു.
നട്ടുച്ച വെയിലിൽ
ചിതയാളിപ്പടർന്നിട്ടും
എന്തുകൊണ്ടോ
രണ്ടു മുലകൾ മാത്രം
കത്തിത്തീരാതെ ബാക്കിയായി.