അളുങ്ക്
ചുറ്റതിരി,ലൊക്കെയുമു–
ണ്ടെച്ചിലിന്റെ കുന്ന്
കുന്നടിവാരത്തിലാണ്
കുമ്പളത്തിൻ മൂട്.
ആണുമുണ്ട് പെണ്ണുമുണ്ട്
പൂവു ചൂടിപ്പോകും
ചേലുകണ്ടാൽ ആരുമൊന്ന്
നോക്കി നിന്നുപോകും.
നട്ടതാരുമ, ല്ലതിന്റെ
മൂട്ടിലേ,യ്ക്കടുക്കാൻ
പറ്റുകി,ല്ലഴുക്കുചാലിൽ
തെറ്റി വീണുപോകും
കുപ്പയിൽ തഴച്ച വള്ളി
തൊട്ടുകൂടാ; ചാരം
പറ്റിയാൽ ചൊറിപ്പിശാചു
മാന്തുവാ,നടുക്കും.
കായ് പിടിച്ചാൽ കണ്ണുവെക്കാൻ
ആളു ചുറ്റും കൂടും
കാറ്റിലാടും വള്ളി, തീണ്ടാ–
തേറെ മാറിനിൽക്കും
കെട്ടയഞ്ഞ കൊന്നവേലി
ചാരി കൈഫോണുന്തി
സെൽഫിയെന്നമട്ടിൽ അങ്ങോ–
ട്ടൊന്നു കൈകൾ നീട്ടും
കുപ്പവാഴക്കൂമ്പൊരെണ്ണം
എത്തിനിന്നൊടിക്കാൻ
ചുറ്റു,മാളൊഴിഞ്ഞ നേരം
കാത്തുനിന്നു വൈകും.
അന്തിമയക്കം കഴിഞ്ഞാൽ
ആളനക്കമില്ല;
ചന്തപിരി,ഞ്ഞേഴുമണി–
ക്കെന്നും അമാവാസി
കുമ്പളം തിരഞ്ഞു രണ്ടു
ചൂട്ടുകൾ വരാറു–
ണ്ടെന്നു,മാവഴിക്കു രാത്രി
–കണ്ടവർ പറഞ്ഞു.
തങ്ങളിലവർ മുഖം
കൊടുക്കുകില്ല, നേരിൽ
കണ്ടതായൊരിക്കലും
നടിച്ചുമി,ല്ലിരുട്ടിൽ.
മാസമോരോ കടുന്നാളിൽ
കാവിലെ ഗുരുതി–
യ്ക്കാഞ്ഞുവെട്ടി നൂറൊഴി–
ച്ചുരുളികൊണ്ടു മൂടാൻ
വള്ളിപോലുമറിയാതെ
രണ്ടിളപ്പക്കായ
കൊണ്ടുപോയ് നടയ്ക്കു വെട്ടി
തുള്ളും കോമരങ്ങൾ,
വാഴനാരിനാൽ മരുന്നു
പീടികക്കു മുന്നിൽ
ഞാത്തിയിട്ടു നീരുണക്കി
നെയ്പരുവമാക്കി
തണ്ടുണങ്ങി തോടുറച്ച
കായ വെന്തുടച്ചാൽ
നാലുകൂട്ടു ലേഹ്യമെന്ന്
കണ്ടനാരു വൈദ്യൻ,
ചമ്പനും കുരുമുളകും
തേടി വാനം നോക്കി
കൺമതിപ്പുകൊണ്ട് നാട–
ളന്നുപോകും കൂട്ടർ,
കുപ്പി, തകരം പെറുക്കും
ആക്രി വാണിഭക്കാർ
കുമ്പളത്തിൻ മൂടിളക്കാൻ
ആഞ്ഞുപിടിച്ചിട്ടും
കുന്നിടിക്കും ആർത്തിയന്ത്രം
കുത്തിവാരിയിട്ടും
ഇട്ടുമൂടുവാൻ മലമ–
ണ്ണെത്ര മറിച്ചിട്ടും
പട്ടുപോയതി,ല്ലൊരിക്കലും
വിഴുപ്പുകൂന–
ക്കുള്ളിലഴുകാ,തളുങ്കു–
പുറ്റുറച്ചപോലെ.
ചത്തുകെട്ടുപോകയില്ല–
നുക്ഷണം വളരും
കത്തിയാൽ അടങ്ങുകി–
ല്ലതിന്റെ ഹോമകുണ്ഡം
ഉഗ്രകോപി,യാണൊരിക്കലും
നശിക്കുകില്ല
കുപ്പിയിൽ കുടുക്കി നാം
വലിച്ചെറിഞ്ഞ ഭൂതം.
എച്ചിലിന്റെ കുന്നിലവൻ
വിഗ്രഹമാ,ണാളി–
ക്കത്തും അർമാദത്തിൽ
അഗ്നി പർവതനഗരം!