Begin typing your search above and press return to search.
വഴികാട്ടി
Posted On date_range 6 Nov 2023 10:30 AM IST
Updated On date_range 6 Nov 2023 10:30 AM IST
ആകാശത്തെ പരിചയപ്പെടണമെന്നാണ് ആഗ്രഹിച്ചത്.
പക്ഷികളോട് ചോദിച്ചു. അവ കൊക്കുകൾ കൂർപ്പിച്ച്
കുറെഭാഗം അളന്നുവച്ചു.
മരങ്ങളോട് ചോദിച്ചു. അവർ ചില്ലകൾ വിടർത്തി
തായ്ത്തടിയെ പുണർന്നുനിന്നു.
പൂക്കളോട് ചോദിച്ചു. കുട്ടികളെ കാണൂയെന്ന്
മറുപടി കിട്ടി
പുഴ ഒഴുക്കൊന്നു നിർത്തിയും പർവതങ്ങൾ ഉലയാൻ
ശ്രമിച്ചും പരിഭവപ്പെട്ടു.
പാറക്കൂട്ടങ്ങൾ ഉറച്ച ശബ്ദത്തിൽ ചിരിച്ചും, മഴവില്ല്
സൂര്യനെ ചൂണ്ടിയും നിശ്ശബ്ദരായി.
ഇതൊന്നുമറിയാതെ പക്ഷിക്കും മരച്ചില്ലയ്ക്കും ഇടയിലെ
ഒറ്റമുറിയിൽ ആകാശം വിശ്രമിച്ചു.
അന്വേഷിച്ചുവരുന്നവരെ കാണിക്കാൻ കുഞ്ഞുനക്ഷത്രവും കാതിൽ തൂക്കിയിരുന്നു.