അറിയില്ല
അറിയില്ല ഞങ്ങൾക്ക്
കുഞ്ഞുപൂക്കളെയവർ
പ്രാണനാൽ പുതയ്ക്കുമ്പോൾ
തുളയും വെടിയാഴം
തകരാനിരിക്കുന്ന വീടിന്റെ
കാവലേൽക്കും
പ്രിയമുള്ളോരെ വിട്ടു
പിരിയുന്നതിൻ വേവ്
തകർന്നൊരാകാശത്തിൻ
കനത്ത പാളിയ്ക്കുള്ളിൽ
ഒരിറ്റു ശ്വാസം കെട്ടി
വരിയുന്നതിൻ കൂറ്
വെളിച്ചം വെടിഞ്ഞൊരു
തെരുവിൽ നെഞ്ചോടൊന്നും
ചേർക്കുവാൻ അരുതാതെ
ഉഴറുന്നതിൻ കണ്ണീർ
ചിതറും തലച്ചോറു
ചുവരിൽ കുറിക്കുന്ന
'എന്റെ മണ്ണെൻ പൊരുപ്പ് '
എന്ന വാക്കിൻ ലാക്ക്
എങ്കിലും പുലരുമ്പോൾ
പത്രത്താൾപുറമേറി
പടിക്കലെത്തും ചോര
പുരണ്ട വേദന
അദൃശ്യമായെന്റെ
ചോരയിൽ കലരുമ്പോൾ
ഒരു വാക്കുരിയാടാൻ
തരിച്ചെണീക്കുമ്പോൾ
മുറുക്കുന്നെൻ മണ്ണ്
കണ്ണുകൾ, ദിനം ദിനം
മരിക്കാതിരിക്കുവാൻ
എന്തുചെയ്യേണ്ടൂ നമ്മൾ?
(ചിത്രീകരണം: നദി)