രണ്ട് കണ്ണന്മാർ
കുഞ്ഞുനാളിൽ കൗതുകം തീർത്തു രണ്ടു കണ്ണന്മാർ ഒന്നാമത്തെ കണ്ണൻവെണ്ണ കട്ടുതിന്നും ചേലകൾ തട്ടിയെടുത്തും കുസൃതികൾ കാട്ടി ഓടക്കുഴലിൽ കവിതകളെഴുതി കാലികളെ മേച്ചുനടന്നു. ഒരു ദിവസം അവന്റെ മുടിയിൽ പീലി കണ്ടു അത്ഭുതത്തോടെ തൊട്ടുനോക്കി മയിലുകൾ ആടുന്നകുന്നുകളിൽ കൊണ്ടുപോയി മഞ്ചാടികൾ വിരിച്ച വഴികളിലൂടെ നടത്തിച്ചു നോക്കി നോക്കിയിരിക്കെആകാശച്ചെരുവിൽനിന്നും കരിമേഘചായം പീലിയിൽ മുക്കി അവൻ മേലാകെ പുരട്ടി രാധമാർ...
Your Subscription Supports Independent Journalism
View Plansകുഞ്ഞുനാളിൽ കൗതുകം തീർത്തു
രണ്ടു കണ്ണന്മാർ
ഒന്നാമത്തെ കണ്ണൻ
വെണ്ണ കട്ടുതിന്നും
ചേലകൾ തട്ടിയെടുത്തും
കുസൃതികൾ കാട്ടി
ഓടക്കുഴലിൽ കവിതകളെഴുതി
കാലികളെ മേച്ചുനടന്നു.
ഒരു ദിവസം അവന്റെ മുടിയിൽ
പീലി കണ്ടു
അത്ഭുതത്തോടെ തൊട്ടുനോക്കി
മയിലുകൾ ആടുന്ന
കുന്നുകളിൽ കൊണ്ടുപോയി
മഞ്ചാടികൾ വിരിച്ച വഴികളിലൂടെ
നടത്തിച്ചു
നോക്കി നോക്കിയിരിക്കെ
ആകാശച്ചെരുവിൽനിന്നും
കരിമേഘചായം പീലിയിൽ മുക്കി
അവൻ മേലാകെ പുരട്ടി
രാധമാർ ഊഞ്ഞാലിൽ
താഴോട്ടിറങ്ങി
അവനെ ഉമ്മവെച്ചു
അന്തിച്ച മേഘങ്ങൾ
മഴയായി
പിന്നീടവനെ കണ്ടതേയില്ല!
രണ്ടാമത്തെ കണ്ണൻ
മണ്ണിൽ നടന്നു
നീതിയുടെ കാട്ടിൽ കൊണ്ടുപോയി
വിയർപ്പിന് കൂലിവാങ്ങി കൊടുത്തു
ചളിപുരണ്ട പാടത്ത്
പാദങ്ങൾ നൃത്തംവെച്ചു
എടച്ചേരിയിൽനിന്നും
ഓർക്കാട്ടേരി ചന്തയിൽ
കാളയുമായി പോയി
തിരിച്ചുവരുമ്പോൾ
മിഠായികൾ ബലൂണുകൾ പീപ്പികൾ
കൊണ്ടുതന്നു
ഇരുട്ടു ഭയന്ന കുഞ്ഞിനോട്
അമ്മ പറഞ്ഞു.
“പേടിക്കേണ്ട നിഴൽപോൽ കണ്ണനുണ്ട്’’
ഉത്സവകൊടിയേറിയ നാൾ
കണ്ണനെ കാണാതായി
ഉപ്പൂറ്റിയിൽനിന്നും ചോര ഒപ്പിയെടുക്കുന്ന
കണ്ണനെ കണ്ടെന്നൊരാൾ
വെയിൽ ചങ്ങാടമാക്കി
തുരുത്തിപ്പുഴയിലേക്ക് തുഴഞ്ഞുപോയെന്ന്
മറ്റൊരാൾ
ഇരച്ചുകയറിയ ഇരുട്ടിലേക്കവൻ
പോയി.
പിന്നീടവനെയും കണ്ടതേയില്ല!
ഇന്ന്
അമാനുഷരുടെ പ്രതിമകൾ
വിൽക്കപ്പെടുന്ന ചന്തയിൽ
രണ്ടുപേരെയും കണ്ടതായി കാറ്റുപറഞ്ഞു!