യുക്തിഭാഷണം
ദൈവമേ ദൈവമേ
നീ ഉണ്മയോ?
ഉണ്മയെങ്കിലവനെ ഇപ്പോ
എന്റെ മുമ്പിൽ കൊണ്ടുവന്നു താ
നീ നേരോ നുണയോ എന്ന്
എനിക്കറിയില്ല.
ദൈവസങ്കൽപമില്ലാത്ത യുക്തിവാദിനി ഞാനെങ്കിലും
ചിലപ്പോളുണ്മയെങ്കിലോ എന്ന സന്ദേഹിനി
ഇടിമുഴക്കത്തിലൂടെയാണ്
നിന്റെ ഭാഷണമെന്ന് കേട്ടിട്ടുണ്ട്.
എനിക്കറിയില്ല അത് വായിച്ചെടുക്കാൻ,
എന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്യാനും
മിന്നലുകൊണ്ടാണ്,
ആകാശത്താണ്
നീയെഴുതുന്നതെന്നും അവരൊക്കെപ്പറയുന്നു
ആ ഗൂഢലിപിയുമറിയില്ല
വായിക്കുവാൻ.
പോരെങ്കിലെന്റെ മുടിഞ്ഞ സംശയം
മായാവാദം
ദൈവമേ! നീ എന്റെ അറിവില്ലായ്മയൊക്കെയങ്ങ്
ക്ഷമിച്ചു കളഞ്ഞേരെ
ക്ഷമാമൂർത്തിയെന്നല്ലേ നിന്നെ
അവരെല്ലാം വിളിക്കുന്നത്?
നിന്റെ പോലവനുമുണ്മയോ പൊയ്യോ എന്ന്,
പ്രണയമെത്രയും കള്ളമോ നേരോ എന്ന്
സന്ദേഹമെനിക്കെപ്പൊഴും
മായാമറയ്ക്കു പിന്നിൽ
മറഞ്ഞുനിൽക്കും
അടുത്തടുത്തു ചെല്ലുന്നേരം
അകലേക്കകലേക്ക് മായും
മായക്കാരൻ
ചില നേരത്തവൻ
മഴയിലലിഞ്ഞു പോകും
ചില നേരത്ത്
മഞ്ഞിലുറഞ്ഞും പോകും.
കയ്യിലെടുക്കും മുൻപ്
വിരലിനിടയിലൂടെ
ഊർന്നൂർന്നില്ലാതെയാവും
മഹാ ജാലവിദ്യക്കാരൻ
അവന്റെ രഹസ്യഭാഷ,
അവന്റെ ചിത്രലിപികൾ
പൂക്കളിലിലകളിലവനെഴുതിവെക്കുന്ന
പ്രണയസൂക്തങ്ങൾ
വായിച്ചെടുക്കാനുമാവുന്നില്ല.
അതുകൊണ്ട് ദൈവമേ,
ഇതെല്ലാം വിട്ടുകളയ്
അവൻ പൊയ്യല്ല എന്നു തെളിയിക്ക്,
നീ ശരിക്കു ദൈവമാണെങ്കിൽ.
എന്നിട്ടവനെ എനിക്കു വിട്ടു താ
എങ്കിൽ, ഞാനെന്റെ
നാസ്തികവാദം
അവിശ്വാസം
സർവപുച്ഛം -
എല്ലാം അടിയറ വെക്കാം
നീ സർവശക്തനെങ്കിൽ
അവനെ കൊണ്ടുവന്നു താ
എന്റെ യുക്തി കുയുക്തി ഒക്കെ
പോയിത്തുലയട്ടെ
ദൈവമേ!
നീ ഉണ്മയല്ലെങ്കിൽ
അവനുമുണ്മയല്ലെങ്കിൽ
നീയവനെ കൊണ്ടുവന്നില്ലെങ്കിൽ
യുക്തിയിലേക്കു ഞാൻ
തിരിച്ചുപോകും
യുക്തിയിൽ
മരിച്ചുപോകും-
അയുക്തിയിൽ ജീവിച്ചുകൊണ്ട്
യുക്തിയില്ലാതെ കരഞ്ഞുകൊണ്ട്
ഉത്തരം താ
ദൈവമേ!
ദൈവമേ!
പെട്ടെന്ന്
എത്രയും പെട്ടെന്ന്