17.57 pm ആഗസ്റ്റ് 22 ലിസീ...
ഇടക്കിടെഅച്ഛൻ ശ്വസിക്കാൻ മറന്നുപോകും, അപ്പോഴെല്ലാം കെമിസ്ട്രി ക്ലാസിലിരുന്ന് O2 എന്നൊരു കുമിള എന്നെ നോക്കി കൊഞ്ഞനം കുത്തും. അച്ഛനിപ്പോൾ അകത്ത്,ഐ.സി.യുവിന്റെ തണുപ്പിൽ ശ്വസിക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്, ഞാനിവിടെ പുറത്തെ വരാന്തയിൽ ഒന്നിനോടൊന്ന് ഘടിപ്പിച്ചു നീട്ടിയിട്ടിരിക്കുന്ന കസേരകളിലൊന്നിലാണ്. എനിക്കെതിരെ നിരന്നിരിക്കുന്നുഅഞ്ചു പർദധാരിണികൾ, ഇടക്കിടെ അവർ ഒന്നിനുപിറകെ ഒന്നായി ഐ.സി.യുവിലേക്ക്...
Your Subscription Supports Independent Journalism
View Plansഇടക്കിടെ
അച്ഛൻ ശ്വസിക്കാൻ മറന്നുപോകും,
അപ്പോഴെല്ലാം കെമിസ്ട്രി ക്ലാസിലിരുന്ന്
O2 എന്നൊരു കുമിള എന്നെ നോക്കി
കൊഞ്ഞനം കുത്തും.
അച്ഛനിപ്പോൾ അകത്ത്,
ഐ.സി.യുവിന്റെ തണുപ്പിൽ ശ്വസിക്കാൻ
പഠിച്ചുകൊണ്ടിരിക്കുകയാണ്,
ഞാനിവിടെ പുറത്തെ വരാന്തയിൽ
ഒന്നിനോടൊന്ന് ഘടിപ്പിച്ചു നീട്ടിയിട്ടിരിക്കുന്ന
കസേരകളിലൊന്നിലാണ്.
എനിക്കെതിരെ നിരന്നിരിക്കുന്നു
അഞ്ചു പർദധാരിണികൾ,
ഇടക്കിടെ
അവർ ഒന്നിനുപിറകെ ഒന്നായി
ഐ.സി.യുവിലേക്ക് പോകുന്നുണ്ട്.
ഐ.സി.യുവിലേക്കുള്ള വഴി
വീൽചെയറുകൾക്കും സ്ട്രെച്ചറുകൾക്കും
തീറ്റിപ്പാലം കളിക്കാനുള്ളതാണ്,
ഒറ്റയുന്തിന് കൂടുതൽ ദൂരം എന്നാണ്
അതിന്റെ കണക്ക്,
ഫിസിക്സറിയാത്ത ഞാൻ അതിലേ
നടക്കുമ്പോൾ കിതച്ചുപോകാറുണ്ട്.
ഐ.സി.യുവിലേക്കുള്ള വഴിയിലൂടെ
പർദയിട്ടവർ ഒരാൾക്കു പിറകിൽ
ഒരാളെന്ന് നടന്നുപോകും,
അവരങ്ങനെ പോകുമ്പോൾ
എന്തുകൊണ്ടോ എനിക്ക്
CO2 CO2 എന്നു തോന്നും,
ഇപ്പോൾ അതിൽ മൂന്നുപേർ
എനിക്കെതിരെയുള്ള കസേരകളിൽ
നിരന്നിരിക്കുന്നുണ്ട്,
കരഞ്ഞുകരഞ്ഞു കണ്ണുവീർപ്പിച്ചിരിക്കുന്നത്
ഏറ്റവും ഇളയയാളായിരിക്കണം,
വിളിച്ചാലും വിളിച്ചാലും
ഉമ്മ കണ്ണുതുറക്കാതിരുന്നാൽ വേറെന്താണ് ചെയ്യുക!
കണ്ണടച്ചിരുന്നാൽ എനിക്ക് അച്ഛനെ കാണാം,
അച്ഛനവിടെ കണ്ണുതുറന്നാണ് കിടക്കുന്നതെങ്കിലും.
അച്ഛന്റെ ആശുപത്രിയുടെ പേര് ലിസി എന്നാണ്,
ലിസി എന്നത് ഒരു ആശുപത്രിക്ക് ചേരുന്ന പേരാണോ എന്ന്
അവിടെ പോകുമ്പോഴെല്ലാം ഞാൻ ആലോചിക്കാറുണ്ട്,
മേനക എന്നുപേരുള്ള ബസ്സ്റ്റോപ്പ്
എന്റെ ആലോചനക്ക് ഫുൾസ്റ്റോപ്പിടും.
ലിസിയെന്ന പേരിൽ ഒരു സിനിമാനടിയുണ്ട്,
സിനിമയിൽ കണ്ടിട്ടുള്ള ഏതോ രംഗംപോലെയാണ്
ഞാനിവിടെയിരിക്കുന്നതും.
പക്ഷേ ലിസി എന്നുപേരുള്ള നടി
ഇത്തരം രംഗങ്ങൾ അഭിനയിച്ചു കാണാൻ ഇടയില്ല.
‘‘ഡീ ഡീ’’യെന്ന് പർദയുടെ കൈകൾ വീശി
ഒരിത്ത പറന്നിറങ്ങി വരുന്നുണ്ട്,
‘‘ഡീ ഡീ, ഉമ്മ കണ്ണുതുറന്നെന്ന്’’
കരഞ്ഞുകൊണ്ട് ചിരിച്ചാണ് അവർ വരുന്നത്,
അവരവിടെ തെന്നിവീണേക്കുമോ എന്നു പേടിച്ച്
എന്റെ വയറിനകത്ത് രണ്ടു കുമിളകൾ
പെട്ടെന്ന് പൊങ്ങി, പൊട്ടിപ്പോയി.
‘‘ഡീ ഡീ’’യെന്ന് എന്നെ വന്നുവിളിക്കാൻ
ഇല്ലാത്ത ആരെയോ ആണ്
ഞാനിപ്പോൾ ഓർക്കുന്നത്.
കണ്ണുതുറന്ന ഉമ്മ ഒന്നേരണ്ടേയെന്ന്
അഞ്ചുമക്കളെയും നോക്കിത്തീർക്കുന്നത്
ഞാൻ സങ്കൽപിച്ചുനോക്കി.
ഒന്നിനുപിറകെ ഒന്നെന്ന്
കുത്തനെയുള്ള വഴിയിലൂടെ കൈവരി പിടിച്ച്
അവർ കയറിപ്പോയി.
തനിച്ചു നടന്നാൽ
ഒരിക്കലും എത്താനിടയില്ലാത്ത
ഏതോ ഇടത്തേക്കാണ്
അവർ പോകുന്നതെന്ന് എനിക്കപ്പോൾ
ഉറപ്പായിരുന്നു.