ലോക്കപ്പ്
ലോക്കപ്പിൽ സ്ഥലമില്ല.
മുദ്രാവാക്യങ്ങളുടെ ഉന്തും തള്ളും.
ഏതൊക്കെ കേസുകെട്ടുകളാണ് അകത്ത്.
പൊതുപ്രവർത്തകൻ പ്രത്യക്ഷപ്പെട്ടു.
പിന്നാലെ ലോക്കൽ സെക്രട്ടറിയും.
അവർ തമ്മിൽ
ഒരു തീരുമാനത്തിലെത്തി.
സ്വാതന്ത്ര്യം ആർക്കും അനുവദിക്കരുത്.
അത് നമുക്കുള്ളതാണ്.
കൊടികെട്ടിയ കാറ് ചീറിപ്പാഞ്ഞു.
വഴിയിലുള്ള ആട് പട്ടി കോഴികളെ കൊന്നു.
പതാക താഴ്ത്തിക്കെട്ടി.
തെരുവിൽ അപശബ്ദം പെരുകി.
ലോക്കപ്പ് തുറന്നു.
മുദ്രാവാക്യങ്ങൾ കനത്തു.
അവർ ഒന്നടങ്കം മുഷ്ടി ചുരുട്ടി.
ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണ്ട.
ജയിൽ വളപ്പിലെ മതിലിൽ
സുകുമാർ അഴീക്കോടും
വൈക്കം മുഹമ്മദ് ബഷീറും.
രണ്ടുപേരും വെളുത്ത ജുബ്ബയിൽത്തന്നെ.
വെള്ള ഒരു നിറമാണ്.
സ്വാതന്ത്ര്യത്തിന്റെ,
സമാധാനത്തിന്റെ.
ബഷീർ പറഞ്ഞു,
സ്വാതന്ത്ര്യം, തേങ്ങാക്കുല.
അഴീക്കോട് മറുപടിയൊന്നും പറയാതെ
വിരലുകൾ കോട്ടി.
ബഷീർ ബീഡി വലിച്ചു.
സത്യത്തിൽ അന്നു കിടന്നത്
ലോക്കപ്പിൽത്തന്നെയായിരുന്നോ?
എന്തിനുവേണ്ടിയായിരുന്നു?
ബീഡിപ്പുക തുപ്പി
സുൽത്താൻ ശ്വാസംവിട്ടു.