രണ്ട് കവിതകൾ
1. വീട്
അയൽവാസി, മുന്നോടിയിൽ സജീവന്റെ
അതിരിൽ നിൽക്കുന്ന പ്ലാവിന്മേലാണ്
എന്റെ ഒറ്റമുറി വീടിന്റെ പ്ലാസ്റ്റിക്ക്
മേൽക്കൂരയെ ഞാൻ കാറ്റെടുക്കാതെ
ബന്ധിച്ചിരുന്നത്.
ഒരു വർഷകാലത്ത്
വീടിനുള്ള അപേക്ഷയുമായി
ലൈഫ് മിഷൻ പദ്ധതിയെ സമീപിച്ചപ്പോൾ
പടിയൂർ പഞ്ചായത്തിലെ
ഉദ്യോഗസ്ഥൻ മൊഴിഞ്ഞു
താങ്കൾക്കും കുടുംബത്തിനും വീടില്ല!
അന്ന് ദുഃഖത്തിൽ വീണുപോയ
എന്നെ നോക്കി കൂടെയുണ്ടായിരുന്ന
നാലാം ക്ലാസുകാരനായ മകൻ പറഞ്ഞു:
സാരല്യ അച്ഛാ...
വരും ജന്മത്തിൽ നമ്മൾക്ക്
പിറക്കുമ്പോഴെ ചുമലിൽ
വീടുള്ള നാല് ഒച്ചുകളായി
ജനിക്കാമെന്ന്!
2. മുറിപ്പാടുകൾ
പുഴ
വിലപറഞ്ഞ
മലയെയാണ്
ഒറ്റരാത്രികൊണ്ട്,
ഒരുരുൾ
കടത്തി കൊണ്ടുപോകുന്നത്.
വിള്ളലുകൾ
ഉടലിടങ്ങളിൽ
തൊടുമ്പോഴാണ്
ഒരുകുന്ന്
അടുത്തുള്ളൊരു വീടിന്റെ
മേൽക്കൂരയിലേക്ക് ചാഞ്ഞ്
ആത്മഹത്യചെയ്യുന്നത്.
രാത്രിയുടെ
അടിയാധാരം
മഴയും കാറ്റും
കൈയാളുമ്പോഴാണ്
മരങ്ങൾ
വേരോടെ പൊങ്ങി
ജീവിതങ്ങൾക്കുമേൽ
കുടിയേറ്റം നടത്തുന്നത്.
കിണറിലും
മണൽഖനനം
അന്വേഷിക്കുമ്പോഴാണ്
ആ, കിണർ
ആ, വീടിനെയും
കെട്ടിപ്പിടിച്ച്
ഭൂമിക്കടി തിരയുന്നത്.
അനർഥങ്ങളുടെ കവിതയിൽ
ബിംബങ്ങൾ
ഉൽക്കകളാകുമ്പോഴാണ്
വരികൾക്കിടയിൽനിന്ന്
കവിയെയും
കാണാതാവുന്നത്.