ബംഗാളി
നീ ബംഗാളി
എനിക്ക് ചുറ്റുമുണ്ടായിട്ടും
പരിചയപ്പെടാൻ കഴിഞ്ഞില്ല
എനിക്കെതിരെ നീ നടന്നു വന്നു
ഒന്നു നോക്കി തലകുനിച്ചു നടന്നുപോയി
രാവിലെ ടിപ്പർ ലോറിയിൽ നീ പോകുന്നു
ജെ.സി.ബിയുടെ കൈകളിരുന്നു പോകുന്നു
ഇക്കാലത്ത് നിങ്ങളെയല്ലാതെ മറ്റാരെ
ഇങ്ങനെ കൊണ്ടുപോകാൻ കഴിയും?
ഹോട്ടലിൽ കുഴിമന്തി വിളമ്പുന്നത് നീ
ആര്യഭവനിൽ പൂരിമസാല ഒരുക്കിയത് നീ
തെരുവിലെ പാനിപ്പൂരി നിന്റേത്
തെങ്ങിന്റെ തടം നീ കിളച്ചു
റബർ വെട്ടി
കോഴിക്കടയിൽ ഇറച്ചി തൂക്കിത്തരുന്നതിനിടെ.
കോഴികളുടെ പിടപ്പ്
നിന്റെ കണ്ണുകളിൽ നിഴലിച്ചതായ് തോന്നി
നിന്നെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല
മാതൃഭാഷാസമരത്തിന്റെ നോട്ടീസ് തന്നത്
നിനക്കായിരുന്നു
വഴി തെറ്റിയപ്പോൾ/ മറന്നപ്പോൾ
ചോദിച്ചത് നിന്നോടായിരുന്നു
ഇപ്പോൾ ഈ നാടിന്റെ മുക്കും മൂലയും
നിനക്കേ അറിയൂ.
ബസിൽ നിന്റെ ഭാഷ
മൊബൈലിൽ എന്നെ തൊട്ടിരുന്നു
പതിവായി
പത്രങ്ങളിലും നിന്നെ കണ്ടു
കുറ്റകൃത്യങ്ങൾ നിന്റെ പേരിൽ വായിച്ചു
ഒരു നാടൻ കോഴിയുടെ പേരിൽ
ഒരുത്തനെ പിള്ളേർ തല്ലിക്കൊന്നത്
ഞങ്ങൾക്ക് മറക്കാനേ ഉണ്ടായിരുന്നുള്ളൂ.
അജ്ഞാതനായി മരിക്കാൻ നീ
കൂറ്റൻ ഫ്ലാറ്റിനു മുകളിൽനിന്ന് വീണു
ആ പണക്കാരൻ വർഗീയവാദി
നിന്റെ കിഡ്നി ചുളുവിലക്ക് വാങ്ങി
ചിലർ ഗൾഫിൽ പോയി വന്നിട്ട്
അറബികൾക്കെതിരാകാറുള്ളതുപോലെ
നിങ്ങൾ തിരിച്ചു ചെല്ലുമ്പോൾ
കേരളാവിൻ വിരുദ്ധരാകാറുണ്ടോ?
ഒരു ക്യൂബാ മുകുന്ദൻ സിനിമ*
നിന്റെ നാട്ടിൽ ഇറങ്ങിയിരിക്കും
കേരളായുടെ ഹരിതകാൽപനികതയിൽ
വേറൊരു ‘ആടുജീവിതം’*
നിന്റെ നാട്ടിലെ കുട്ടികൾ പഠിക്കുന്നുണ്ടാവും
പണ്ട് ഞങ്ങളുടെ വൈലോപ്പിള്ളി
ആസാം പണിക്കാർ എഴുതി
നിങ്ങളുടെ കവികൾ
കേരളാ പണിക്കാർ എഴുതിയിട്ടുണ്ടാവുമോ!
പണ്ടു ഞങ്ങളെ മദ്രാസികൾ എന്നു വിളിച്ചു
ഇന്നടപടലം നിങ്ങളെ ബംഗാളി എന്നു വിളിക്കുന്നു
ഒരു ബംഗാളിയെ എങ്കിലും
പരിചയപ്പെടണമെന്നുണ്ട്
നടക്കുന്നില്ല
എന്തോ ഒരിത്
നിന്നോട് മിണ്ടാൻ പ്രയാസം കാണില്ലായിരിക്കും
ഇപ്പോൾ ‘ബംഗാളി മലയാളം’ എന്നൊരു വക
ഒരു പാലമായി തീർന്നിട്ടുണ്ടല്ലോ
എന്തായാലും
നമ്മൾ ഇന്ത്യക്കാർ.
നിന്നെ പരിചയപ്പെട്ടു കഴിയുമ്പോൾ
നിനക്ക്
നിന്റെ ഭാഷയിൽ
നന്ദി പറയണമെന്നുണ്ട്.
=======
* ‘അറബിക്കഥ’ എന്ന സിനിമയിലെ കഥാപാത്രം
* ബെന്യാമിന്റെ നോവൽ