അയാൾ
എന്റെ ചെറുപ്പകാലത്ത്
അയാൾ ഒരു ഗുണ്ടയായിരുന്നു.
ചുമടെടുക്കലായിരുന്നു ജോലിയെങ്കിലും
അയാൾ പലപ്പോഴും മറ്റാർക്കൊക്കെയോ വേണ്ടി
ആരെയൊക്കെയോ അടിച്ചു...
അതിനയാൾക്ക് ചിലപ്പോൾ
കള്ളും പണവും കിട്ടിയിരിക്കാം...
എന്നാലും
അയാളുടെ അടികൊണ്ടവരാരും
അത്ര നല്ലവരൊന്നും ആയിരുന്നില്ല എന്നത്
ഒരു സത്യവുമാണ്...
‘‘എടാ ഓൻ വരുന്നുണ്ട്. ഇന്നൊരുഗ്രൻ അടിനടക്കും...’’
എന്ന് മുതിർന്നവർ പറയുന്നതുകേട്ടാൽ
അവിടെ ചുറ്റിപ്പറ്റി നിൽക്കുക എന്റെ ഒരു ശീലമായിരുന്നു...
ശരിക്കും നാടൻ അടി...
ചിലപ്പോഴൊക്കെ ആളുകൾ അയാളെ
അടിച്ചൊതുക്കി ചവിട്ടുന്നതിനും
ഞാൻ സാക്ഷിയാണ്...
ഒരിക്കൽ ഒരു വണ്ടിപ്പീടികയിലെ ബെഞ്ചിൽ
ഒരറ്റത്ത് ഞാനിരുന്ന്
കിഴങ്ങു പൊരിതിന്നുന്നു
മറ്റേ അറ്റത്ത് പെട്ടെന്നാണ് അയാൾ
ഒരുമലപോലെ വന്നിരുന്നത്.
പുട്ടും ബോട്ടിക്കറിയും ഒരുവലിയ പ്ലേറ്റിലിട്ട്
അടിച്ചുവിടുകയാണയാൾ...
കിഴങ്ങു പൊരിതിന്ന ഞാൻ
ഒറ്റ എണീക്കൽ
അങ്ങേതലക്കിരുന്ന അയാൾ
നിലത്തും...
“പിടിക്കെടാ നായെ...’’
അയാൾ കിടന്ന കിടപ്പിൽ അലറി
ഞാൻ ജീവനുംകൊണ്ട് ഒറ്റ ഓട്ടം...
ഇന്ന് മാർക്കറ്റിൽ അയാളെ ഞാൻ കാണാറുണ്ട്
പഴയ ശൗര്യമെല്ലാം നശിച്ച്
എല്ലും തോലുമായി
താടിയും മുടിയും നീട്ടിയ ഒരു കോലം...
ആരോടും ഒരുപൈസ ഇരക്കില്ല...
ഏതോ ഒരു ലഹരി ചുണ്ടിന്നടിയിൽ തിരുകി
ഒരു മുനിയെപ്പോലെ
ഒരുമൂലയ്ക്ക് അയാളിരിക്കും...
ഞാൻ മാർക്കറ്റിപ്പോകുമ്പോഴൊക്കെ
ഒരു പത്തുരൂപ ആ കൈയിൽ വെച്ചുകൊടുക്കും...
കണ്ടുനിൽക്കുന്ന പീടികക്കാർ പറയും...
ഇവനൊക്കെ എന്തിനാടോ പൈസകൊടുക്കുന്നതെന്ന്
ഞാൻ അതിന് മറുപടിപറയാറില്ല...
പറഞ്ഞാൽത്തന്നെ എന്റെ മറുപടികൾ
അവർക്ക് മനസ്സിലാവുകയുമില്ല...
എന്തോ ഞാനങ്ങിനെ നിരന്തരം ചെയ്തുപോരുന്നു
അത്രമാത്രം....
അതിന്റെ ഉത്തരം എനിക്കുമറിയില്ല...
ചിലപ്പോൾ നിങ്ങൾക്കറിയുമായിരിക്കാം...