Begin typing your search above and press return to search.
proflie-avatar
Login

കടലു കാണാൻ പോയവൾ

കടലു കാണാൻ  പോയവൾ
cancel

ഇനിയും ഒഴുകിയൊടുങ്ങാൻഇടമില്ലാത്ത തീരങ്ങളിൽ കടൽക്കാക്ക കരച്ചിലിനു നടുവിൽ, യാത്ര ഒടുങ്ങി പോകുന്നു. കാക്ക കരച്ചിലുകളിൽനിന്ന് കടലിലേക്ക് ഇനി എത്ര തീരങ്ങൾ? കമുകൻ പാറയിലെദൈവപെൺകൊടികളെ പിന്നിട്ട്, കുടിലോട്ടകളിലെ ആണെലികൾ മുട്ട കട്ടെടുത്തതിന് ഭിത്തിയിൽ തലതല്ലി ചത്ത ഒരു പെൺപല്ലി പെരുമഴയത്ത് അഴുകിത്തീരാറായ ദിവസം അമ്മിഞ്ഞ മലകളിൽനിന്ന് കടലു കാണാൻ പുറപ്പെട്ടവൾ. കടൽമലകളുടെമുലപ്പാലെന്ന് നരച്ച കിളവികൾ തലയിലെ വെള്ള കൊറ്റികളുടെ കലമ്പലിൽ അവളുടെ പേറ്റുവെള്ള കഥയൂതുന്നു. പേറ്റുവെള്ളങ്ങൾകടലിലൊഴുകി പോയി. പുഴകൾ, പെൺപിള്ളേരുടെ പേറ്റ് ചൂര് മത്സ്യങ്ങൾ കൊത്താതെ കടലുവരെ സൂക്ഷിച്ചു. കടൽ ആമ...

Your Subscription Supports Independent Journalism

View Plans

ഇനിയും ഒഴുകിയൊടുങ്ങാൻ

ഇടമില്ലാത്ത തീരങ്ങളിൽ

കടൽക്കാക്ക കരച്ചിലിനു

നടുവിൽ,

യാത്ര ഒടുങ്ങി പോകുന്നു.

കാക്ക കരച്ചിലുകളിൽനിന്ന്

കടലിലേക്ക്

ഇനി എത്ര തീരങ്ങൾ?

കമുകൻ പാറയിലെ

ദൈവപെൺകൊടികളെ

പിന്നിട്ട്,

കുടിലോട്ടകളിലെ

ആണെലികൾ മുട്ട കട്ടെടുത്തതിന്

ഭിത്തിയിൽ തലതല്ലി ചത്ത

ഒരു പെൺപല്ലി

പെരുമഴയത്ത്

അഴുകിത്തീരാറായ ദിവസം

അമ്മിഞ്ഞ മലകളിൽനിന്ന്

കടലു കാണാൻ പുറപ്പെട്ടവൾ.

കടൽമലകളുടെ

മുലപ്പാലെന്ന്

നരച്ച കിളവികൾ

തലയിലെ വെള്ള കൊറ്റികളുടെ

കലമ്പലിൽ അവളുടെ

പേറ്റുവെള്ള കഥയൂതുന്നു.

പേറ്റുവെള്ളങ്ങൾ

കടലിലൊഴുകി പോയി.

പുഴകൾ,

പെൺപിള്ളേരുടെ

പേറ്റ് ചൂര്

മത്സ്യങ്ങൾ കൊത്താതെ

കടലുവരെ സൂക്ഷിച്ചു.

കടൽ ആമ കുടിൽ

പോലെ, ലോകത്തെ

പേറ്റുവെള്ളങ്ങൾ ചുമക്കുന്നു.

കടലിലൂടെ ഒഴുകിനീങ്ങുന്ന

ഓടിവെള്ളതാളം

സ്വപ്നം കണ്ടുണരുന്നു.

വെളിച്ചംകൊണ്ട് ഇരുട്ടിൽ

കരഞ്ഞുതീരുന്നു

തീരത്തെ

റാന്തൽ തൂണുകൾ.

മലയിടുക്കുകളിൽ

ഒഴുകാൻ താളങ്ങളില്ല

കരഞ്ഞുതീരാൻ

ഒരു റാന്തലും

കൂട്ടിനില്ല.

ഒരു ജഡംപോലെ

ആരാണവളെ

മലയിടുക്കുകളിൽ

പൂട്ടിവെയ്ക്കുന്നത്?

അമ്മ,

കടലുകാണാൻ പോയിട്ടില്ല.

ചത്തൊടുങ്ങുമ്പോൾ

കടലിനെ വരക്കണമെന്നാശ.

നിറങ്ങളില്ല,

എന്നിട്ടും വരച്ചു.

ആകാശംപോലൊന്ന്.

കടൽ ആകാശം മാത്രമാകുന്നു.

ആയുസ്സിന്റെ മേഘങ്ങൾ

ഒഴുകി നടക്കുന്ന ഒന്ന്.

കടലൊരുനാൾ അവളുടെ

അമ്മിഞ്ഞ കുടിൽ തൊടും,

കോരുന്ന കപ്പികളിൽ

സർവതും ഉപേക്ഷിച്ച്

വേദനയോടൊളിക്കും.

‘‘പുഴകളെക്കാൾ ആഴമതിന്.

ആഴങ്ങളിൽ ഇരുട്ട്, ഇരുട്ടിൽ

വേദനയുടെ ഭാരങ്ങൾ’’

കടലുകണ്ടവർ പറഞ്ഞു.

പക്ഷികൾ,

മേഘങ്ങൾ.

കടലിന്റെ ആത്മാവ്

വേണ്ടുവോളം കുടിച്ചവർ.

ഒരുനാൾ നമ്മൾ

നാട്ടിലെ കപ്പികളിൽ ഒതുങ്ങും.

അല്ലെങ്കിൽ ഉപ്പ് കാറ്റേറ്റ്

ഭൂമി തന്ന കുഴികളിൽ

ഒരുമിച്ച് അടങ്ങും.

അതുമല്ലെങ്കിൽ

ഉൾവലിഞ്ഞ്

നമുക്കൊരു വെള്ളത്തുള്ളിയോളം

ശുഷ്കിക്കാം.

മഴകൊണ്ട് ചുംബിച്ചുണരാൻ

പറ്റാതെ,

അപ്പോഴേക്കും മഴക്കാലങ്ങൾ

മരണമടഞ്ഞുപോകും.

കടലുകളെപ്പോഴും

കുടുസ്സുമുറികളിലെ

ഛായാചിത്രങ്ങളാകാനാഗ്രഹിക്കുന്നു.

നീലയാകാശം

കൊടുങ്കാറ്റുകളില്ലാതെ...

നീലക്കടൽ,

പകൽ വെളിച്ചങ്ങളിൽ

തല ചായ്ച്ച്.

രാത്രികളവയെ,

ചൂഴ്ന്ന് തിന്നുന്നില്ല.

ഭൂമിയുടെ ആർത്തവ

തുണികളിൽ അവളുടെ

വെളിച്ചങ്ങളൊടുങ്ങുന്നില്ല.

ഇനിയുള്ള കാൽപ്പാദങ്ങൾ

മുമ്പേ പോയവളുടേതാണ്,

കടലു കണ്ടവളുടെ.

ഒഴുകിപ്പോയ

പേറ്റുവെള്ളങ്ങളൊക്കെയും

തീരത്തിരുന്ന് നാറുന്നു.

ഇനിയുമുണ്ട്

ഒഴുകുവാൻ

മണലിന്റെ തീരങ്ങൾ

ചൂടൊടുങ്ങാതെ.

യാത്ര നിർത്തുന്നു.

തിരിച്ച് മലയിടുക്കുകളിലെ

കുടിലിലേയ്ക്ക് എത്രദൂരം.

ഒഴുകിയാൽ പിടിക്കപ്പെടുമെന്ന്

വിചാരിക്കുന്ന,

എത്ര പുഴകളുടെ

വരണ്ട കുടിലുകൾ?

കപ്പികളിൽ കിടന്ന്

ഗതികെട്ട് ചാവാൻ

തീരത്തെ വഴികളിൽ

ഒരു പെണ്ണും

കാൽപ്പാദങ്ങൾ

അവശേഷിപ്പിച്ചിട്ടില്ല.

ബലിക്കാക്കകളുടെ കരച്ചിൽ

പെണ്ണിനൊപ്പം,

തിരിച്ച് കൂട്ട് പോയിട്ടില്ല.


News Summary - weekly literature poem