Begin typing your search above and press return to search.
proflie-avatar
Login

തണ്ടാൻകടവിലെ ചൗരസ്യ

തണ്ടാൻകടവിലെ ചൗരസ്യ
cancel

/A

(ഈ കവിതയും/ സിനിമയും ഇതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കൽപികം മാത്രമാണ്, ഏതെങ്കിലും വ്യക്തികളുമായോ സ്ഥലങ്ങളുമായോ സംഭവങ്ങളുമായോ ഉള്ള സാമ്യം വെറും യാദൃച്ഛികവും.

ഈ കവിതയുടെ/ സിനിമയുടെ നിർമാണവേളയിൽ ഒരു ജീവിക്കും അപകടം സംഭവിച്ചിട്ടില്ല.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്

പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ശിക്ഷാർഹമാണ്.)

‘‘Revenge his foul and most unnatural murder.’’ -Hamlet

സീൻ 1
ടൈറ്റിൽസ്

തണ്ടാൻകടവിലേക്കന്നും ബസില്ല,

ബസിനും വണ്ടിക്കും മുന്നേ

കായലിൽ കണ്ടൽമറവിൽ

വന്നുനിൽക്കും വഞ്ചി.

ആളുകളൊഴുകിത്തീരുമ്പോളത്

ആകാശത്തേക്കുയരും

ചിറകുകൾ താനേ വിടർന്നൊരു

വിമാനമായ് തീരം വിടും,

തിരിയെ പോകുമതിൻ നിഴൽപറ്റി

പൊക്കാളി വരമ്പിലൂടൊരു

തലേൽക്കെട്ടും, സാരിയും,

തോളത്തിരിക്കും വള്ളിനിക്കറും,

പാറിപ്പോകും പെറ്റിക്കോട്ടും,

വല്ലപ്പോഴുമൊരു പാന്റ്സും,

പിന്നെ സത്യനും ഷീലയും,

ഒരുതുടം പൂക്കൾപോലൊരു

പ്രേംനസീറും ജയഭാരതിയും,

ഇവരെല്ലാം നടന്നുവരുന്നത്

നോക്കിനിൽക്കും പുന്നകളും.

(വിനായകൻ ഇൻ ആൻഡ് ആസ് തണ്ടാൻകടവിലെ ചൗരസ്യ.)

വരമ്പ് അവസാനിക്കുന്നിടം

വഴി വന്നു മുട്ടും തിണ്ടിന്മേൽ

കാവൽമാടം.

അതിനുള്ളിൽ ഓലമറയിൽ

പാതി പൂഴ്ന്നിരിക്കും ഓടക്കുഴൽ.

സിനിമാപ്പെരേലെ പരസ്യം

‘‘ദിവസേനെ നാല് കളികൾ’’,

കൊടിമരം, കൊതുമ്പ് വീണ പുരയിടങ്ങൾ,

അതിരുകളിൽ അലുക്കുള്ള കൈതകൾ.

വെളിരുകൾ പൂത്ത ശീമക്കൊന്ന,

തിത്തിരി അടയിരിക്കുന്ന മണൽത്തിട്ട

ഞവുണിപൊട്ടൻ, നീലക്കോഴി

നീലമാറൻ കുളക്കോഴി.

കൂട്ടമായി പറന്നിറങ്ങും

ആളകളുടെ വീശുവല.

അതിരു കാണാത്ത പാടത്തിനക്കരെ

മരട് വെടിക്കെട്ടിന്റെ പൂത്തിരി!

(രചന, സംവിധാനം: സജിൻ പി.ജെ)

സീൻ 2
രാത്രി / അകം - പുറം

(കായൽവരമ്പിലുള്ള ഉണ്ണിച്ചെക്കന്റെ മാടം.)

മാടത്തിനുള്ളിൽ മിണ്ടിപ്പറഞ്ഞിരിക്കാൻ

താറാവുകൾ കൂട്ടുള്ള ഉണ്ണിച്ചെക്കൻ.

വെള്ളക്കെട്ടിന്നരയിൽ ഞെരിച്ച് കളിക്കുന്ന

അയാളുടെ നീലയാം തോണി.

ഇരുട്ട് വീഴുമ്പോൾ നിലാവിൽ തുഴഞ്ഞ്

ഉണ്ണിച്ചെക്കന്റെ സ്വന്തം ഓടക്കുഴൽ.

ആറ്റു പന്നലിൻ ഓരത്തു ചേർന്ന്

മറുകരയിലേക്കത് യാത്രപോവുന്നു.

പനങ്ങാട് നിന്നും ഭർത്താവ് മരിച്ച

ശോശന്ന അതിൽ കയറിക്കൂടുന്നു.

ഓളം മുറിച്ചവൾ ഇക്കരക്ക് തുഴയുമ്പോൾ

നിലാവൊന്നും കാണാത്തപോലെ!

സീൻ 3
പകൽ - രാത്രി / പുറം

(തണ്ടാൻകടവിലെ കുണ്ടൻ ഇടവഴികളിൽ ഒന്ന്. ഇരുപുറവും പൂവരശുകൾ. വഴിയുടെ അങ്ങേയറ്റത്ത് നേർത്ത വെള്ളിത്തിളക്കമായി കായൽ)

മോറക്കാറ്റ് മരോട്ടിക്കായകൾ

നിർത്താതെ പൊഴിക്കും നേരത്ത്

ദൂരെ പടിഞ്ഞാറു ചോന്നു തുടുക്കുന്ന

സായംസന്ധ്യ തൻ തോളിൽ

മുണ്ടും മുറുക്കാനും തന്റേടവുംകൊണ്ടു

തണ്ടാൻ രാമൻ നടക്കാനിറങ്ങും.

കുണ്ടനിടവഴി മണ്ണിട്ട പാതയിൽ

ചെന്ന് തൊടുന്ന വളവുകളിൽ

രണ്ടു പുറത്തിലും കവിയാതെ പടരുന്ന

കണ്ടൽക്കാടിന്റെയുള്ളിൽ

തണ്ടാൻ രാമനെ കണ്ടു പേടിച്ചു

പമ്മിയൊളിക്കും കുളക്കോഴി.

നാട്ടിലെ വഴക്കുകൾ അടിപിടിക്കേസുകൾ

അല്ലറചില്ലറ മോഷണങ്ങൾ

ആഭിചാരം, വ്യഭിചാരം, ആചാരസംഘർഷം

എല്ലാം തീർപ്പാക്കും രാമനെമ്പ്രാൻ.

അടിക്കേണ്ടവരെ അടിച്ചും

കൊല്ലേണ്ടവരെ കൊന്നും

വഴി നിറഞ്ഞങ്ങനെ നടക്കും.

ഇരുട്ട് വീഴുമ്പോൾ നിലാവ് വകഞ്ഞ്

മടങ്ങി അയാൾ തന്റെ മനയിലെത്തും.

സീൻ 4
രാത്രി / പുറം

(ഒരു സ്വപ്നത്തിലെന്നവണ്ണം നീലനിറം ഒഴുകി പരക്കുന്നു. അതീന്ദ്രിയവും അതോടൊപ്പം വൈകാരികവുമായ സംഗീതം. പതിയെ പടരുന്ന പുകച്ചുരുൾ. പോകപ്പോകെ അത് ഇരുട്ടിൽ ദൃശ്യത്തെയാകെ മറയ്ക്കുന്നു. ദൂരെ എവിടെയോനിന്ന് ഒഴുകിവരുന്ന പൗർണമി.)

ആമേട നിന്നും സർപ്പങ്ങളിരവിൽ

ആകാശത്തൂടി പറക്കുമൊഴിവിൽ

ആൾപെരുമാറ്റം പനയ്ക്കുന്ന വരമ്പുകൾ

ചെളിയിലൂടിഴഞ്ഞൊഴിഞ്ഞ്

ഉണ്ണിച്ചെക്കന്റെ പുല്ലാങ്കുഴലീണത്തിൽ

മറുകണ്ടം ചാടി പോകും.

ചീമകൊന്നകൾക്കു പിന്നിലെയിരുട്ടിൽ

മിന്നാമിന്നിയായി തെളിയും

ശോശന്നയുടെ വീടിന്റെ പര്യമ്പുറത്ത്

തിക്കും പൊക്കും നോക്കിനിൽക്കും.

അരകല്ലിനു ചേർന്നടുക്കളവാതിലിൽ

മുട്ടിയുരുമ്മി പതിയെ

ചട്ടി കലങ്ങൾ കമിഴ്ത്തിയ തട്ടിൽ

തട്ടിമറിയാതെ മെതുവാ

രാവുറക്കത്തിന്റെ ചീനവല

താഴുന്നതും നോക്കിയിരിക്കും.

പണിയെല്ലാം കഴിഞ്ഞ് പാതകവും തുടച്ച്

ശോശന്ന മറപ്പുരയിൽ തെളിയും.

ബ്ലൗസും കൈലിയും ഓലമറയിൽ ഞാത്തി

അവളൊരു ചൂളം വിളിക്കും.

ഓലവിടവുകളിൽ നക്ഷത്രങ്ങൾ തൂക്കും

മണ്ണെണ്ണ വിളക്കപ്പോളണയും

അവർ പരസ്പരം പൊനയും,

ഒച്ചയില്ലാതൊരു പാട്ട് പിറക്കും!

സീൻ 5
പകൽ / പുറം

(ഫ്ലാഷ് ബാക്ക്. കോട്ടപോലെ തോന്നിക്കുന്ന തണ്ടാൻ രാമന്റെ തറവാട്.)

തറവാടിന്റെ പിന്നാമ്പുറം, പുല്ലാന്നി,

മൂന്നുപേർ തല കീഴായി.

നുരയും പതയും വന്ന വായിൽ

ചാണാൻ പറ്റിയ കച്ചി!

നാല് നാളുകൾ, മൂന്നുപേരും മരണവും

തമ്മിൽ കളിക്കുന്ന ചതുരംഗം.

ഇടയ്ക്കൊക്കെ പൂക്കൾ പൊഴിച്ചിട്ടു

ഞെട്ടൽ വരുത്തുന്ന പൂമരം.

തണ്ടാൻ രാമൻ കൊന്നുതള്ളിയതിൽ

ഉണ്ണിച്ചെക്കന്റെ അപ്പനുണ്ട്,

അമ്മയുണ്ട്, അനിയനുമുണ്ട്,

പിന്നെ കുറെ കാർന്നോന്മാരും.

അരൂക്കുറ്റിയിൽ അമ്മാവന്റെ

കൂടെയായിരുന്നതുകൊണ്ടോ

പിള്ളവാതം കനിഞ്ഞതുകൊണ്ടോ

ഉണ്ണിച്ചെക്കൻ മാത്രം ബാക്കിയായി.

തോണിയിൽ സന്ധ്യ വന്നിരിക്കും കടവിൽ

കൈത മറയ്ക്കുന്ന ഇടുക്കിൽ

ആറേഴു നാൾ കഴിഞ്ഞൊരു രാത്രി

കുറുക്കൻ തിന്നൊരു കൈ.

മോതിരവിരലിന്റെ അറ്റത്ത് പറ്റി

രാമന്റെ മകൻ നാരുവിന്റെ തൊലി.

മൂത്ത പെങ്ങളെ തിരിച്ചറിയാൻ

ഉണ്ണിച്ചെക്കൻ പക്ഷേ പോയില്ല,

അയാളൊരു ഈർക്കിലാൽ

സൂര്യനെ അന്ന് കുത്തി പൊട്ടിച്ചു!

സീൻ 6
പകൽ / പുറം

(കായൽ പുറമ്പോക്കിലെ ഉണ്ണിച്ചെക്കന്റെ ചാള. ചെറിയ മുറ്റത്തിന്റെ അതിരുകളിൽ ജമന്തിയും തുളസിയും തഴുതാമയും കാടുപോലെ വളർന്നിട്ടുണ്ട്. ഓല മേഞ്ഞതെങ്കിലും ഭിത്തിയിൽ പലയിടത്തും പ്ലാസ്റ്റിക് ചാക്കുകൊണ്ടു മറച്ചിട്ടുണ്ട്. ഒരുവശത്ത് പന്നലുകൾ വളർന്നു മൂടിയ ചെറിയൊരു ഓലി. അതിൽനിന്നും ഒരു മരം പുറത്തേക്ക് വളർന്നു നിൽക്കുന്നു.)

തവിട് കുഴച്ചുരുളകളാക്കി

കെട്ടിൽ കൊണ്ടോയ് വെക്കും

താറാവുകൾക്കെല്ലാം വേണ്ടി

രാവിലെ ഉണ്ണിച്ചെക്കൻ.

ചന്തിക്ക് വെച്ച് കെട്ടിയ

ടയർപാത്തിയുരഞ്ഞുരഞ്ഞ്

ചാലുപോലായ മുറ്റം

കാറ്റപ്പോൾ തൂത്തുവാരും.

അതിലൂടെ മണ്ണിരകൾ,

പഴുതാര, നിലംപൂച്ചി,

ചിലപ്പോൾ മാത്രമൊരു

പൊളവനും നാട്ടുകീരീം.

മഴ പെയ്യുമ്പോൾ വെള്ളം

വാതിലിൻ ചാരെ വരും.

വേനക്ക് വെയിൽ വന്നു

മുറിക്കകം നോക്കി പോകും.

വേറാരും വരാതെ തൻ

സ്വർഗത്തെ കാത്തുവെക്കാൻ

ഉണ്ണിച്ചെക്കനുണ്ടാക്കിയതാ-

ണുളുമ്പുകൊണ്ടൊരു വാതിൽ.

സീൻ 7
രാത്രി / അകം

(ഉണ്ണിച്ചെക്കന്റെ ചാള. നല്ല മഴയുള്ള ഒരു രാത്രി. സ്വപ്‌നങ്ങൾ പിറവിയെടുക്കുന്നതിന്റെ തണുപ്പ് എല്ലായിടവും.)

കടൽ പിണങ്ങും കോളിലാകാശം

കടന്നൽ കൂടുപോലുരുണ്ടുകൂടുമ്പോൾ

ചക്രവാളത്തിൽ കൊള്ളിയാൻ കുത്തി

കണ്ടമാകെ വിണ്ടുകീറുന്നു.

ഒരു നിമിഷം കഴിഞ്ഞു പതുക്കനെ

മഴ വരുന്നു, കുളിരു കോരുന്നു.

അങ്ങനെയുള്ള രാത്രിയിലൊന്നും

ഉണ്ണിച്ചെക്കനുറങ്ങാറേയില്ല.

മുറിക്കകത്തെ തകരപ്പാട്ടയിൽ

വിറകുകൊള്ളിയെരിഞ്ഞു കത്തുമ്പോൾ

‘‘കുഞ്ഞെറുക്കാ തണുക്കുന്നുണ്ടോടാ?’’

അമ്മയാണ്, അരുകിലപ്പനും.

വായിൽനിന്നും നുരയും പതയും

കഴുത്തിലൂടൊഴുകി നീളുന്നു.

അതിന്റെ അറ്റം ഉണ്ണിച്ചെക്കന്റെ

കാലിൽവന്നു തൊട്ടു നിൽക്കുന്നു.

പൊരുന്തിയിട്ടു കിടക്കും നേരത്ത്

അമ്മ തഴുകിയുഴിഞ്ഞ കാലുകൾ.

രാ വെളുക്കുന്ന നേരം വരെ അപ്പൻ

പുകച്ചുരുളാൽ കായൽ മറയ്ക്കും.

(നിയമപരമായ മുന്നറിയിപ്പ്: പുകവലി അർബുദത്തിന് കാരണമാകുന്നു)

മഴയൊഴിഞ്ഞ വാനിലമ്പിളി-

ക്കല തെളിയുമിരുട്ടിനെ തള്ളി

‘‘നിനക്ക് പറ്റുമോ അവനെ കാച്ചുവാൻ?’’

അപ്പൻ ചോദിക്കു, മപ്പോൾ മാത്രം

ഉണ്ണിച്ചെക്കന്റെ കണ്ണ് നിറയും!

സീൻ 8
രാത്രി / പകൽ. അകം / പുറം

(ഉണ്ണിച്ചെക്കന്റെ ചാള. രംഗം അവസാനിക്കുന്നത് തണ്ടാൻ രാമന്റെ തൊടിയിലെ പാലമരത്തിന്റെ ചുവട്ടിൽ.)

ഒരുദിവസമന്തിയിൽ, പുള്ളുകൾ

താണുപറക്കുമിരുട്ടിൽ,

മഴക്കു മുന്നേ വന്നൊരതിഥിയെ

അയാളോർക്കുന്നു മങ്ങലില്ലാതെ.

ഓലമറയുടെ ഓരം പറ്റി

നേരമേറെയെടുത്തയാൾ

ഉണ്ണിച്ചെക്കനെ കൂസലില്ലാതെ

കുപ്പായമൂരി കടന്നു പോയി.

പോകും വഴിക്ക് പത്തി വിരിച്ചൊന്നു

നോക്കി, നോട്ടത്തിൽ ഉണ്ണിച്ചെക്കൻ

അപ്പനെയ്ത ചോദ്യത്തിനുത്തരം

കൊള്ളിയാൻപോലെ കണ്ടു!

വഴുക്കലോടയാൾ ഇട്ടുപോയൊരാ

കുപ്പായത്തിന്റെ കള്ളികൾ

വെളുവെളുക്കനെ തിളങ്ങിനിൽക്കുന്നു,

അതിൽ തിളക്കുന്നു പക!

അതിന്റെ പിറ്റേന്നും, പിറ്റേന്നിന്റെ പിറ്റേന്നും

അയാൾ വന്നു, വിരുന്നു വിളിച്ചപോൽ.

പിന്നെയങ്ങോട്ട് അന്തിയാവുമ്പോൾ

എല്ലാദിവസവും പതിവ് തെറ്റാതെ!

ഉണ്ണിച്ചെക്കൻ എലിക്കുഞ്ഞുങ്ങളെ

കൂടുവെച്ച് പിടിച്ചുകൊടുത്തു.

ചെറിയ കോപ്പയിൽ കഞ്ഞിവെള്ളവും

അതിന്റടുത്തായി കോഴിമുട്ടയും.

പുഴ തടിച്ചു മടമുറിഞ്ഞപ്പോൾ

വെള്ളമോടി മാടത്തിലെത്തി.

കുഞ്ഞെറുക്കൻ കൂട്ടുകാരനെ

കട്ടിലിന്റെ മുകളിൽ കിടത്തി.

അവിടിരുന്നു മുറിക്കകത്തൂന്ന്

വരാൽമീനിനെ എറ്റിക്കൊടുത്തു.

മഴ മുറിഞ്ഞൊരിരവിൽ കമ്പിളി-

പ്പുതപ്പു മൂടിക്കിടക്കേ

കുഞ്ഞെറുക്കൻ കൂട്ടുകാരനോട്

കഥകളെല്ലാം പറഞ്ഞുകൊടുത്തു.

രണ്ടുനാൾ കഴിഞ്ഞവേളയിൽ

തണ്ടാൻ രാമനെ വിഷം തൊട്ടു!

സീൻ 9
വൈകുന്നേരം / പുറം

(തണ്ടാൻ രാമന്റെ എരുത്ത്. നാല് പശുക്കളും മൂന്നു കുട്ടികളും. തൊഴുത്തിന്റെ തൊട്ടു പിന്നിലായി കവുങ്ങിൽ കെട്ടിയുറപ്പിച്ച കച്ചിത്തുറു. കുറച്ചകലെ ചാണകക്കുഴി. അതിനും പിന്നിലായി കാടും പടലും പിടിച്ചു വിജനമായ പറമ്പ്. അവിടെ ഒരു കണിക്കൊന്ന പൂത്തിരിക്കുന്നു.)

കണിക്കൊന്ന കത്തിനിന്ന

പകലൊന്നിനവസാനം

എരുത്തിന്റെ പുറകിലെ

തുറുവൊന്നു കെറുവിച്ചു.

കണങ്കാലിൽ കച്ചികൊണ്ട

മുറിവെന്നു കരുതിയ

രാമന്റെ വീട്ടുകാരി

പുറകോട്ടു മലച്ചുപോയ്!

അവരുടെ അരക്കെട്ടിൽ

ചുണ്ടുകളമർത്തിക്കൊണ്ട്

അരമണിനേരം ഒരു

ഓടക്കുഴൽ മൂളിനിന്നു!

അമ്മ പോയ സങ്കടം

ഉയിർ കൊത്തിപ്പറിക്കവേ

നാരുവൊരു കന്നാസിൽ

മണ്ണെണ്ണ വാങ്ങിവന്നു.

അതിരായ അതിരെല്ലാം

അതുമെല്ലെ തൂളിപ്പോന്നു.

പിറ്റേന്ന് പുലർച്ചക്ക്

നാരൂന്റെ പെണ്ണ് പെറ്റു.

ഉണ്ണിച്ചെക്കൻ കൂട്ടുകാരനെ

പൊരുന്തിയിട്ടുറങ്ങുമ്പോൾ

ആമേട വെളിയിലൊരു

മാണിക്യം മിനുങ്ങിയോ?

സീൻ 10
പകൽ / അകം

(ശോശന്നയുടെ ഓട് മേഞ്ഞ വീട്. സന്ധ്യയിൽ ചെരിഞ്ഞു വീഴുന്ന സൂര്യൻ ജനാലയിലൂടെ അകത്തേക്ക് വരുന്നുണ്ട്. അതിൽ നേരിയ പൊടിപടലങ്ങൾ പറക്കുന്നു. നഗ്‌നതയുടെ മണം തങ്ങിനിൽക്കുന്ന മുറി.)

ശോശന്നയുടടിവയർ

മടക്കിലെ വിയർപ്പുകൾ

അരഞ്ഞാണ മണിപോലെ

വെയിലേറ്റു തിളങ്ങുന്നു.

അവർ തമ്മിൽ പൊനയുമ്പോൾ

അവളോട് പറയുവാൻ

കുഞ്ഞെറുക്കനൊരുപാട്

കാര്യങ്ങൾ കരുതുന്നു.

കഴുത്തിന് പിന്നിൽ

കടിച്ചവളൊരു നാഗമാകെ

കുരൽപോയ മുളപോലെ

കുഞ്ഞെറുക്കൻ പതറുന്നു!

നീലിച്ചൊരുടൽ താനേ

മേഘങ്ങൾ പുതയ്ക്കുന്നു!

അരക്കെട്ടിൽ ഇടിവെട്ടി

മഴക്കാറ് കുമിയുന്നു!

ഉരുൾപൊട്ടി വരുന്നോരു

കിഴക്കൻ വെള്ളംപോലെ

ശോശന്നയിൽ മുങ്ങിപ്പോയി

രാവുകളൊടുങ്ങുന്നു!

പറയുവാൻ കഴിയാതയാൾ

കരുതുന്ന രഹസ്യങ്ങൾ

പായലിൻ പൂക്കളായി

കായലിൽ പടരുന്നു!

സീൻ 11
സന്ധ്യ / അകം

(തണ്ടാൻ രാമന്റെ വീട്. ഇറയത്ത് ഒരു ചിമ്മിനിവിളക്ക് മുനിഞ്ഞു കത്തുന്നു. താരാട്ടുപാട്ടിന്റെ ഈണം. നൂൽമഴ പൊഴിയുന്നു. പിന്നെ അത് തകർത്ത് പെയ്യുന്ന പേമാരിയാകും. ഇരുട്ടിൽ മരണം പതുങ്ങിനിൽക്കുന്നതുപോലെ.)

ഒരുനാൾ വീണ്ടും മഴ

പൊഴിയും സായംകാലേ

നാരുവിൻ പെണ്ണാൾ

കുഞ്ഞിനിങ്ക് ചുരത്തിക്കൊണ്ടു

വാതിലിൻ പടിയിന്മേൽ

ചാരിയിരുന്നു പാടി

അവളുടെ പാട്ടിൻ നൂലിൽ

ഇരുട്ട് നീന്തിവന്നു.

തൊടിയിൽ വാഴക്കയ്യിൻ

മറവിലിരുട്ടത്ത്

പതുങ്ങി ഇരിക്കുന്നോ-

രോടക്കുഴൽ കാണാ!

പാടലിന്നീണം ചെറുകാറ്റിലെ

തെന്നിത്തെന്നി

തൊഴുത്തിൽ പുകയ്ക്കുന്ന

നാരുവിന്നടുത്തെത്തി.

മുലപ്പാലൊഴുകുന്ന

സുഖത്തിൽ, മഴയുടെ

ചെറുകയ്യുകൾ വന്നു

തലോടുമിണക്കത്തിൽ,

മിഴികൾ താനേയടഞ്ഞവ-

ളൊന്നുറങ്ങവേ

വാഴയെ വകഞ്ഞിരു

നാവുകൾ തലപൊക്കി!

കണ്ണുകൾ മറിഞ്ഞവളുണരാ

ഉറക്കത്തിൻ

ഊഞ്ഞാലിലായം പോകെ

വാതിലിൻ തഴുതിട്ട്

അവളോടൊട്ടിച്ചേർന്ന്‌

മുലകൾ മാറി മാറി

വലിച്ചു കുടിച്ചയാൾ

കമിഴ്ന്നു കിടക്കുന്നു!

പാട്ടു വരാതായ കാറ്റിനു

കാതു ചേർത്ത്

നാരു പതുക്കനെ തിരിച്ചു

വരും നേരം

ജനാല വിടവിലൂടൂർ-

ന്നിറങ്ങുമുണ്ണിച്ചെക്കൻ

അയാൾക്കപ്പോളൊരു

മൂർഖനെപ്പോലെ തോന്നി!

ഇരുകൈയുകൾ കൊണ്ടു-

മാകാശം കോരിയെടുത്ത്

ഇടിച്ചുടച്ചു നാരു

കുഞ്ഞെറുക്കന്റെ തല.

മുന്നിലെ അകലത്തെ

ചവുട്ടിത്തെറിപ്പിച്ച്

അയാളുടെ നെഞ്ചിൽ താണു

നാരുവിന്നിടതു കാൽ.

മലച്ചുവീഴും നേരം

കുഞ്ഞെറുക്കൻ തല

ഉയർത്തിക്കൊണ്ടുതന്നെ

നാരുവിൻ കണ്ണിൽ നോക്കി.

എത്രയോ നാളായയാൾ

കാത്തിരുന്ന ദിനം!

മിന്നലിൻ തെളിച്ചത്തിൽ

പകയുടെ പടം പാളി!

കുഞ്ഞെറുക്കനോടക്കുഴൽ

അരയിൽനിന്നൂരിയെടുത്തു.

അതിനുള്ളിൽ കരുതിയ

കമ്പിയിൽ കൊരുത്തയാൾ…

നാരുവിൻ നെഞ്ചിൻകൂട്ടിൽ

ചോരയുടെ പാർപ്പും ബ്രാലും!

അലറുവാനവസരം

നൽകാതുടൻ തന്നെ

നാരുവിൻ വായിലയാൾ

ചെളിവാരി പൊത്തിവെച്ചു.

സീൻ 12
അകം / പുറം

(അയഥാർഥമായ ഒരു പകൽ. ഇളം നീലനിറമുള്ള പുകയിൽ ഉണ്ണിച്ചെക്കന്റെ ചാള അവ്യക്തമായി കാണപ്പെടുന്നു. അവിടെ കൂടിയിരിക്കുന്ന ആളുകളുടെയെല്ലാം മുഖത്ത് മഞ്ഞയും ചുമപ്പും ഇടകലർത്തി നിറം പൂശിയിരിക്കുന്നു. അവർക്കെല്ലാം സൂക്ഷിച്ചുനോക്കിയാൽ മാത്രം കാണാവുന്ന സുതാര്യമായ ചിറകുകളുണ്ട്.)

പിറ്റേന്ന് പകലിന്റെ

പാതിയിൽ കടവത്ത്

പോലീസുകാരുടെ ജീപ്പു വന്നു.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: വാഹനം ഓടിക്കുന്നവർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം.)

കാവൽമാടമന്നേരം

നാലുകാലിലെഴുന്നേറ്റു നിന്ന്

പുല്ലാങ്കുഴൽ വായിച്ചു.

പാട്ടു വകഞ്ഞ് ഏ എഡ് പിള്ള

അകത്തു കയറി.

പതിനായിരമോടക്കുഴലുകൾ

അന്തരീക്ഷത്തിൽ ഒഴുകി കളിക്കുന്നു!

പാട്ടുകളവയിൽനിന്നും

പലതായി പരക്കുന്നു!

പിള്ള നോക്കുമ്പോൾ ഉണ്ണിച്ചെക്കൻ

ടയർപാത്തി പരവതാനിയിൽ

ആകാശത്തേക്കുയർന്നു പോയി!

തണ്ടാൻകടവിലേക്ക്

ആദ്യമായി ബസ് വന്നത് അന്നാണ്.

Show More expand_more
News Summary - weekly literature poem