ചാവുപാട്ട്
ചത്തുപോയോന്റെ പ്രതിരോധംശ്വാസമായേറ്റുവാങ്ങുമ്പോൾ ഉയിർത്തെണീക്കുന്നുണ്ടൊരു നെടുപാതിര, നെഞ്ചിന്റെ - യടിമട്ടി കലക്കിക്കൊ- ണ്ടമറും പെരുദാഹമായ് അറിയും ചോര ചോരയ- ന്നറിയാ വേല ചെയ്യിക്കും. തലയ്ക്കു മേലിളകുന്ന ഇഴ പിഞ്ഞിയ കയറൊന്നിൽ കിഴുക്കാം തൂക്കൊരു ശാപം പൊട്ടിവീഴാമതെപ്പൊഴും. തന്റെ നാവ്, ഭയത്തിന്റെ അള പാർക്കുന്ന പാമ്പുപോൽ ചുരുളുന്നതിലൊളിക്കെ കേട്ടലറിച്ചകൾ, ഒച്ചകൾ കുലം കൈവിട്ടു, കുര്യാല- ത്തിരി കെട്ടെന്ന വിചാരണ. അതു കൈചൂണ്ടി വിറയ്ക്കുന്നു-ണ്ടമർത്തൂ ശാന്ത ശീലത്തെ ഉയിർക്കുക ഭൂതത്തിന്റെ മന്ത്രവാദപരമ്പര. തന്റെ ചാരച്ച കണ്ണിലും തിളയ്ക്കുന്നെണ്ണ പാർന്നത് പന്തം കുത്തിനിർത്തിടും...
Your Subscription Supports Independent Journalism
View Plansചത്തുപോയോന്റെ പ്രതിരോധം
ശ്വാസമായേറ്റുവാങ്ങുമ്പോൾ
ഉയിർത്തെണീക്കുന്നുണ്ടൊരു
നെടുപാതിര, നെഞ്ചിന്റെ -
യടിമട്ടി കലക്കിക്കൊ-
ണ്ടമറും പെരുദാഹമായ്
അറിയും ചോര ചോരയ-
ന്നറിയാ വേല ചെയ്യിക്കും.
തലയ്ക്കു മേലിളകുന്ന
ഇഴ പിഞ്ഞിയ കയറൊന്നിൽ
കിഴുക്കാം തൂക്കൊരു ശാപം
പൊട്ടിവീഴാമതെപ്പൊഴും.
തന്റെ നാവ്, ഭയത്തിന്റെ
അള പാർക്കുന്ന പാമ്പുപോൽ
ചുരുളുന്നതിലൊളിക്കെ
കേട്ടലറിച്ചകൾ, ഒച്ചകൾ
കുലം കൈവിട്ടു, കുര്യാല-
ത്തിരി കെട്ടെന്ന വിചാരണ.
അതു കൈചൂണ്ടി വിറയ്ക്കുന്നു-
ണ്ടമർത്തൂ ശാന്ത ശീലത്തെ
ഉയിർക്കുക ഭൂതത്തിന്റെ
മന്ത്രവാദപരമ്പര.
തന്റെ ചാരച്ച കണ്ണിലും
തിളയ്ക്കുന്നെണ്ണ പാർന്നത്
പന്തം കുത്തിനിർത്തിടും
അന്ധനായ് തീരുമെങ്കിലും.
ചത്തുപോയോന്റെ ഖേദങ്ങൾ-
ക്കറ്റമില്ലയറുതിയും.
പട്ടടയ്ക്കു കുരുക്കുന്ന
പുല്ലുമേരകമായിടും.
രാത്രിയെത്തുമുറക്കത്തി-
ലഭ്യസിപ്പിച്ച വിദ്യകൾ
ചൂണ്ടാണിവിരലിൽ നീണ്ട
നാഡീമുഖസ്തംഭനം.
മച്ചിലെച്ചില കോണുകൾ
ഒച്ചകൊണ്ടു മുഖരിതം
ക്ഷുദ്രംചെയ്തു കാത്തവർ
പലരായ് വീണൊഴിഞ്ഞിടം.
ഗുപ്തമാമഗ്നി മൂലയിൽ
രഹസ്യത്തിന്റെ കൊട്ടിലിൽ
ക്രുദ്ധദേവതാ സാന്നിധ്യം
ദിക്കു നാലിലും വായുവായ്-
ദൃഷ്ടി പാറുന്നു മിന്നലായ്.
ചത്തുപോയോനെ ദംശിക്കാൻ
ചുറ്റി നാവുകൾ ചീറ്റുമ്പോൾ
കൊത്തി നീയാഞ്ഞ്, നിന്നുള്ളിൽ
രക്തം തിളച്ചതെന്റെയാം
രാപ്പാതിപ്പുറമ്പോക്കിൽ
ഓരിനീട്ടി മൃഗാമൃഗം.
മടന്തകൾ ഞെരിഞ്ഞൊടി-
ഞ്ഞൊരു കാലടി പതിഞ്ഞതിൽ.
കനക്കുന്നതെന്തോ വീണു
കാട്ടുപൊന്ത മുറുങ്ങുന്നു.
കടുപ്പത്തിൽ കുറുക്കിയ
മരുന്നിൻ ദ്രവമിറ്റിച്ചൊ-
രപസ്മാരപ്പിടച്ചിൽ നിന്നതിൻ
പ്രജ്ഞ മടങ്ങിയോ?
മുദ്രവയ്ക്കുന്നു മെതിയടി
മരത്താളം മുഴങ്ങുന്നു
തച്ചനിട്ടു പോം വീതുളി
രാകിനേർക്കുന്നു മൂർച്ചയിൽ.
ബലിഷ്ഠം വായപൊത്തുമ്പോൾ
പിടഞ്ഞയുൾ നാവിൻമേൽ
ഗൃദ്ധ്രം, വിഷസീൽക്കാര സർപ്പം
പങ്കിട്ട ഭാഷകൾ
ചത്തുപോയോന്റെ സങ്കടം
തൂങ്ങിനിന്നു തലയ്ക്കുമേൽ
വൃഷ്ടി പെയ്യുന്ന പ്രാക്കായും
മുറിവേറ്റ് മുരളുന്നവൻ!