മതേതരം
ജാതി മണത്തെടുക്കുന്ന
അവരുടെ വിദ്യകൾ
എനിക്കറിയില്ലായിരുന്നു.
ഒരു ദിവസം, സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ
വരാന്തയിൽ വിശ്രമിക്കുന്ന അവന്റെ അമ്മാവനെ കണ്ടു,
ഞങ്ങൾ സംസാരിച്ചു തുടങ്ങി.
“വാഗ്? ഓ, ഞങ്ങളടെ കൂട്ടരാണല്ലൊ’’, അമ്മാവൻ ഇളിച്ചു.
എനിക്ക് ആശങ്കയുടെ നോവ്.
അയാൾക്ക് പക്ഷേ ശരിക്കും ഉറപ്പാക്കണം.
അതുകൊണ്ട് ചോദിച്ചു, “റിബന്ധറിലെ കമത്ത് വാഗുകൾ,
ബന്ധുക്കളാണോ?”
“അല്ല”, എന്റെ മറുപടി.
“കാർവാറിൽനിന്ന്?”
“അല്ല, ഞാൻ ഗോവയിൽനിന്നാണ്.”
“ആണോ, എവിടെനിന്നാ?”
“ഡോംഗ്രി? രാമക്ഷേത്രത്തിലെ മഹാജൻകാരായിരിക്കുമല്ലേ?”
“അല്ല. ഞങ്ങളുടെ ദേവത സതിയാണ്.”
കണ്ടെത്താൻ ഇനിയും കഴിയാതെ അയാൾ വീണ്ടും ചുഴിഞ്ഞിറങ്ങി.
“അപ്പോ ആരാ നിങ്ങളുടെ പരദൈവം?”
“ശിവ് നാഥ്,” ഞാൻ സവിനയം സമർപ്പിച്ചു.
“ശിരോദയിലെയാണോ?”
“അതെ.”
ഒരു ചെറുചിരി.
“വിഷമം തോന്നരുത്ട്ടോ! വെറുതെ അറിയാനായി ചോദിച്ചതാ. ഞങ്ങൾക്ക് ജാതിയില്ല. വാ, ചായ കുടിക്കാം. ജാതിവ്യവസ്ഥ ഗോവയെ ചീത്തയാക്കി. ആരാ ബ്രാഹ്മണൻ? ആരാ ശൂദ്രൻ? ആർക്കുവേണം ഇതൊക്കെ? ഈ വേർതിരിവുകൾക്കൊന്നും ഒരർഥവുമില്ല. നാം മതേതരവാദികളായിരിക്കണം. അറിയോ, നമുക്ക് ഒരു ജാതിരഹിത സമൂഹമാണ് വേണ്ടത്.”
എന്നിട്ട് അമ്മാവൻ കാത്തിരുന്നു, പ്രതീക്ഷയോടെ,
ഞാൻ ചുമ്മാതെ തലകുലുക്കി
ചായ കുടിച്ചുകൊണ്ട്
താഴോട്ടുള്ള അയാളുടെ പൂണൂലിന്റെ യാത്രയിൽ
നോട്ടം ഉറപ്പിച്ച്.
=====
1. മൊഴിമാറ്റം കൗസ്തുഭ് നായ്ക്കിന്റെ ഇംഗ്ലീഷ് വിവർത്തനത്തിൽനിന്ന്
2. ഗോവൻ എഴുത്തുകാരനായ വിഷ്ണു സൂര്യ വാഗിന്റെ ഈ കവിത സിദ്ദേഷ് ഗൗതമിന്റെ വരയോടൊപ്പം ഈയിടെ നടന്ന ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ മാസികയിൽ വരേണ്ടതായിരുന്നു. ബ്രാഹ്മണ്യവാദി ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ നിർബന്ധംമൂലം അത് നടന്നില്ല, മുൻ എം.എൽ.എയായ വാഗ് ബി.ജെ.പിക്കാരനായിട്ടും ജാതിക്ക് ജാതിതന്നെ വേണമെന്ന് അവർക്ക് നിർബന്ധമുണ്ട്.
(മൊഴിമാറ്റം: കെ. മുരളി)