അരുത്, ആരെയും സ്നേഹിക്കരുത്
ആരെയും പരിചയപ്പെടരുത്.ഇന്നലെ വൈകുന്നേരം പരിചയപ്പെട്ട സോളമൻ വിളിച്ചു പറഞ്ഞു. നേരം വെളുത്തുവരുന്നതേയുള്ളൂഭൂമിയിലെ സ്വർഗം തുറക്കുന്ന സമയം. വിരിഞ്ഞുവരുന്ന വെളിച്ചത്തിന്റെ തൊട്ടിലിൽ വെറുതെ ആടിക്കൊണ്ടിരുന്നു. ഒന്ന്, രണ്ട്, മൂന്ന്... ഞാൻ എണ്ണിയില്ല. ഒന്നും നേടാനും നഷ്ടപ്പെടാനുമില്ല. ചായ കുടിച്ചുകൊണ്ട് സോളമൻ പറഞ്ഞുനമ്മുടെ സ്നേഹിതർതന്നെയാണ് ശത്രുക്കൾ ആവുന്നത് പുറത്തുനിന്നു ആരും വരുന്നില്ല അയാൾ എനിക്ക് പറഞ്ഞുതന്നു. പെണ്ണുങ്ങളും അങ്ങനെയാണോ ഞാൻ...
Your Subscription Supports Independent Journalism
View Plansആരെയും പരിചയപ്പെടരുത്.
ഇന്നലെ വൈകുന്നേരം പരിചയപ്പെട്ട
സോളമൻ വിളിച്ചു പറഞ്ഞു.
നേരം വെളുത്തുവരുന്നതേയുള്ളൂ
ഭൂമിയിലെ സ്വർഗം തുറക്കുന്ന സമയം.
വിരിഞ്ഞുവരുന്ന വെളിച്ചത്തിന്റെ തൊട്ടിലിൽ
വെറുതെ ആടിക്കൊണ്ടിരുന്നു.
ഒന്ന്, രണ്ട്, മൂന്ന്... ഞാൻ എണ്ണിയില്ല.
ഒന്നും നേടാനും നഷ്ടപ്പെടാനുമില്ല.
ചായ കുടിച്ചുകൊണ്ട് സോളമൻ പറഞ്ഞു
നമ്മുടെ സ്നേഹിതർതന്നെയാണ് ശത്രുക്കൾ ആവുന്നത്
പുറത്തുനിന്നു ആരും വരുന്നില്ല
അയാൾ എനിക്ക് പറഞ്ഞുതന്നു.
പെണ്ണുങ്ങളും അങ്ങനെയാണോ
ഞാൻ ചുമ്മാതെ ചോദിച്ചു.
നമുക്ക് ഭ്രമം കൂടും. അവർ
കൈപൊക്കുമ്പോഴും കാലിളക്കുമ്പോഴും
കണ്ണുകൾ വിടർത്തുമ്പോഴും.
അവളുടെ മേൽ
ദൈവം ഇത്തിരി സൗന്ദര്യമോ മറ്റോ
തേച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിൽ പറയുകയും വേണ്ട
എന്നെ പറഞ്ഞാൽ മതി,
പെട്ടെന്ന് ഒരു എലിയെപ്പോലെ
ഓർമയിലേക്ക് നുഴഞ്ഞുകയറി
ഇന്നാളൊരുത്തി പെട്ടെന്ന് തന്നെ
എന്റെ ഉള്ളിൽ കയറി.
പറ പറ എന്നിട്ട്,
പിന്നെ അവൾതന്നെ എന്റെ ശയ്യ.
ഞാൻ ശയ്യാവലംബി
ഞാൻ അവളുടെ അടിമ അല്ല
അടിമേടടിമ
ഹോ ഭയങ്കരം
ഒരു ദിവസം ഇതുപോലെ നേരം
വെളുക്കുമ്പോൾ അവൾ പറയുകയാണ്
എനിക്ക് എല്ലാം വേഗം മടുക്കും,
എന്നിട്ട്?
എന്നിട്ടെന്താ അവൾ അടുത്ത ഇര പിടിച്ചു കാണും
അവനെ പിടിച്ചുവലിച്ചു എന്റെ കഥ പറയും.
പൂർവകാമുകൻ കുറച്ചെല്ലാം സ്ത്രീവിരുദ്ധനാണ് പോലും.
കഥകൾ കേട്ടിരിക്കാൻ നല്ലതാണ്, രതിയുടെ
അനശ്വരനേരം നീട്ടിക്കൊണ്ടുപോവാം ഹാഹാ
നുണകളുടെ സീൽക്കാരം കേൾപ്പിക്കാം ഹോഹോ.
സോളമൻ,
സ്നേഹിച്ചു സ്നേഹിച്ചു സ്നേഹം
ശൂന്യതയിൽ എത്തുമായിരിക്കും. ഇല്ലേ
ഒന്നും അറിയാത്തപോലെ
ഇപ്പോൾ എനിക്ക് വേദനകളില്ല.
പണ്ടായിരുന്നു കളിയും ചിരിയും ഒടുവിൽ വേദനയും.
സോളമൻ ആത്മകഥയിലേക്ക് കടന്നു.
പകൽ മുഴുവൻ ഒരുമിച്ചിരുന്നു കൂട്ടുകൂടി
കള്ളുകുടിക്കുന്നവർ ഒരാൾ ഒന്ന് മൂത്രമൊഴിക്കാൻ
പോവുമ്പോഴേക്കും തള്ളിപ്പറയുന്നത്.
കോഴി കൂവുന്നതിനുമുമ്പ് മൂന്നുവട്ടം.
യേശു എവിടെക്കിടക്കുന്നു,
നമ്മൾ എവിടെ?
വെറുതെ യേശുവിനെ ഇങ്ങോട്ട് വിളിക്കരുത്
ആ മനുഷ്യൻ തന്റെ ഓട്ടം
പൂർത്തിയാക്കി സ്ഥലം വിട്ടു
വർഷങ്ങളായി പരിചയമുള്ള പൂച്ച
എതിർ കസേരയിലിരുന്നു
എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ഒന്നുമില്ല, ഞാൻ കണ്ണടച്ച് കാണിച്ചു
സന്തോഷം വരുമ്പോൾ
പൂച്ച കണ്ണടയ്ക്കുമത്രേ.
നുണ പറയരുത്,
പൂച്ച വന്നു മടിയിൽ കയറി മുഖത്തേക്ക് നോക്കി
ഞാൻ ഓർത്തു
മനുഷ്യരായിരുന്നു എനിക്ക് ഹരം.
പെണ്ണുങ്ങളെ ഒരു പൊടികൂടി ഇഷ്ടമായിരുന്നു
അവർ എന്നെ വിസ്മൃതിയിലേക്ക് കൊണ്ടുപോയിരുന്നു
ഇച്ചിരി വിസ്മൃതി കിട്ടാനാണല്ലോ
നമ്മളീ കഷ്ടപ്പെടുന്നത്
എന്നിട്ട് കിട്ടിയോ?
പൂച്ച ഊറി ചിരിച്ചു.
അധികം ഊറണ്ട
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും
ഒന്നു പറഞ്ഞോട്ടെ
പറഞ്ഞോ?
മനുഷ്യർതന്നെയാണ് എന്റെ ഉത്സവം
നമ്മൾ സ്നേഹിച്ചിരിക്കുമ്പോൾ ദൈവം
പമ്മി കടന്നുവരുന്നത് ഞാൻ കാണാറുണ്ട്.
ഈ ഭൂമിയിലൂടെ ഒരു പൂച്ചെടിയെപ്പോലെ
ഒരു പൂമ്പാറ്റയെപ്പോലെ
തുള്ളിയും ചിരിച്ചും നടന്നിട്ടുണ്ട്.
മനുഷ്യർക്കിടയിൽ ആയിരിക്കുമ്പോൾ
ഉള്ളിന്റെ ഉള്ളിലെ ചൈതന്യം
തേനൂറുന്നതുപോലെ ഊറിവരും.
ഒരു ചെറിയ കുട്ടി ഭൂമിയുടെ വഴികളിലൂടെ
ക്ഷീണമില്ലാതെ ഓടിക്കയറുന്നു
മറ്റൊരു മനുഷ്യ ഹൃദയത്തിൽ താമസിക്കാൻ
എനിക്ക് ഇഷ്ടമായിരുന്നു.
അല്ലെങ്കിൽ ഹൃദയത്തിലൂടെ വഴി നടന്നു
കടന്നുപോവാണെങ്കിലും...
എന്നിട്ടെന്താ, എല്ലാം പൊളിഞ്ഞുപോയി അല്ലെ...
പാവം ആത്മാർഥമായ ഒരു ഹൃദയം
ഉണ്ടായതാണെൻ ജീവിതപരാജയം എന്നോ?
ഇങ്ങനെ നാണംകെട്ട് പാടല്ലെന്റെ മനുഷ്യാ.
ഇപ്പോൾ എല്ലാം പോയി, പാവം
നിരാശനായെന്നോ?
പക്ഷേ, എന്നെ തല്ലിക്കൊല്ലൂ
ഒരിക്കൽ കൂടി എനിക്ക് ഒരാളെ പരിചയപ്പെടണം
സ്നേഹത്തിന്റെ അവസാനത്തെ തുരങ്കത്തിലൂടെ
നടന്നുപോണം. നടന്നുപോണം
നടന്നുനടന്നു പോവണം
എന്നിട്ട് നടന്നുമറയണം ഒടുവിൽ
ഒന്ന് തിരിഞ്ഞുനോക്കണം, ഒരു മുയലിനെ പോലെ..
ഇന്ന് രാവിലെ ഒരു തത്തയുമായി ഒരാൾ വന്നു
വേണെങ്കി തത്തയെ വളർത്തിക്കോളൂ
പൂച്ചയെയോ പട്ടിയെയോ വേണെങ്കി
ഞാൻ കൊണ്ടുതരാം
തത്ത കൊഞ്ചി കൊഞ്ചി എന്നോട് പറഞ്ഞു
മനുഷ്യരുമായുള്ള ഇടപാടുകൾ ഞാനും നിർത്തി.
അരുത്
ആരെയും പരിചയപ്പെടരുത്
പട്ടിയും പൂച്ചയും തത്തയുമായൊക്കെ
കഴിഞ്ഞുകൂടിയാൽ മതി
ആരെയും വേണ്ട.
ഒന്നും മിണ്ടണ്ട. ഒരു പൂച്ചക്കുട്ടിയെപ്പോലെ
മ്യാവൂ മ്യാ വൂ എന്നു ഒരു മൂലയിൽ
തനിച്ചിരുന്നാൽ മതി
തനിച്ചിരിക്കാം, ചിങ്കി പറഞ്ഞു
സ്നേഹത്തിന്റെ അടുത്തു മുട്ടിയുരുമ്മി
വെറുപ്പും ഉറങ്ങുന്നുണ്ട്
അത് ഓർമ വേണം...