ഈച്ചക്കൊട്ടാരം
ഈച്ചക്കൊട്ടാരം, ഈച്ചക്കൊട്ടാരം,ഈച്ചക്കൊട്ടാരം... രണ്ടാം വാർഡ്, തോട്ടിൻപറ്റ്, മുൾവേലി.എന്ന അനൗദ്യോഗിക വിലാസം പേറുന്ന വീടിന്റെ ജിന്നിരുട്ടത്ത് വട്ടത്തിൽ ഈച്ചക്കൊട്ടാരം കളിക്കുന്ന മുല മുതിരാത്ത മൂന്നെണ്ണം. അമിതമായ് വിശന്നുവെന്നല്ലാതെ അവർ, ബി.പി.എല്ലുകാർ ബാപ്പമാരോട് ഒരു ദ്രോഹവും ചെയ്തിരുന്നില്ല. എന്നിട്ടും തോട്... 7591955304 എന്നൊരുവോഡഫോൺ നമ്പർ പഞ്ചായത്തു കലുങ്കിലേക്ക് വിരസതകളില്ലാതെ ഓട്ടോ പിടിക്കുന്ന നട്ടപ്പാതിരക്ക്. എല്ലാ തിരക്കുകളുമവസാനിച്ച...
Your Subscription Supports Independent Journalism
View Plansഈച്ചക്കൊട്ടാരം, ഈച്ചക്കൊട്ടാരം,
ഈച്ചക്കൊട്ടാരം...
രണ്ടാം വാർഡ്, തോട്ടിൻപറ്റ്, മുൾവേലി.
എന്ന അനൗദ്യോഗിക വിലാസം പേറുന്ന
വീടിന്റെ ജിന്നിരുട്ടത്ത്
വട്ടത്തിൽ
ഈച്ചക്കൊട്ടാരം കളിക്കുന്ന
മുല മുതിരാത്ത മൂന്നെണ്ണം.
അമിതമായ് വിശന്നുവെന്നല്ലാതെ
അവർ, ബി.പി.എല്ലുകാർ
ബാപ്പമാരോട്
ഒരു ദ്രോഹവും ചെയ്തിരുന്നില്ല.
എന്നിട്ടും തോട്...
7591955304 എന്നൊരു
വോഡഫോൺ നമ്പർ
പഞ്ചായത്തു കലുങ്കിലേക്ക്
വിരസതകളില്ലാതെ ഓട്ടോ പിടിക്കുന്ന
നട്ടപ്പാതിരക്ക്.
എല്ലാ തിരക്കുകളുമവസാനിച്ച ഒരു ഗ്രാമം
ഇരുട്ടിനെ
പാറാവ് നിർത്തുന്ന നേരം,
“ആമിന, 52 വയസ്സ്, മൂന്നു കുട്ടികൾ”
എന്ന ആധാർ ജീവിതം
മലക്കുകളെ
കാവൽ വിളിക്കുന്നു.
ചുമരിലെ കഅ്ബാ ചിത്രം ചുറ്റി
തോട്
ഹജ്ജു ചെയ്യാൻ കേറവെ,
ശൂന്യതയുടെ കിടപ്പുമുറി,
നിലവിളികളുടെ ഹാർമോണിയം.
ആ വീട്: കവിതകളിലെ
കടലുപമ.
വിരലുകൾ കേറ്റിത്തിരുകി
കഞ്ഞിപ്പുക്കിളടക്കം
സകല നാളങ്ങളുമടച്ച് പൂട്ടി
മുറ്റത്തിന്റെ
വർഷക്കുളി.
ഈ പാതിരാക്കും
പുരയുടെ ഉച്ചിയിൽ കേറി
വരൾച്ചക്ക് പ്രാർഥിച്ചു കൊടുത്ത
കോഴിയെ
ആമിന കൃതജ്ഞതയോടെ നീട്ടി കല്ലെറിയുന്നു.
അതു പറന്നുയർന്ന്
ഒത്ത കൊമ്പു പിടിക്കട്ടെ.
എളേകുട്ടീടെ
കാലീന്നൂരിവീണ കൊലുസിന്റെ
കിലുക്കം
തോട് കൊണ്ടിട്ട പാവയോടൊപ്പം
കണ്ണുപൊത്തി ഒളിച്ചു പോവുന്നു.
വാർഡിലെ സകല സുന്ദരിമാർക്കും
പൊട്ടു തൊട്ട്
കുട്ടികൾ മേടിച്ചു കൂട്ടിയ കപ്പും സോസറും,
ചിതലു തിന്ന അപേക്ഷാ ഫോറങ്ങൾ,
തുപ്പൽ വറ്റിയ അക്ഷരങ്ങൾ,
അതുങ്ങൾ വരിവരിയായൊരുക്കിയ
തോട്ടുമതിലപേക്ഷകൾ,
തൊണ്ണ് ചുവക്കുന്ന യൂകാലിപ്സ് കുപ്പി,
പെരുന്നാൾ വള, കിലുക്ക്,
തേപ്പുപെട്ടിയുടെ ചൂട്,
ദൈവം കുടിയിരുന്ന ഏലസ്സ്, ഐക്കല്ലുകൾ,
എണ്ണക്കുപ്പികൾ,
ബാപ്പ മരിച്ചതിന്റെ മൂന്നിന്
ഹൽവക്ക് പോയി തിരിച്ചുവരാത്ത
മൂത്തവളുടെ കമ്മലിന്റെ
ചങ്കീരി.
കുത്തിയൊഴുക്കിൽ നീന്തലറിയാത്ത
ജീവചിഹ്നങ്ങൾ.
“പോയ് വരട്ടേ”ന്ന് മുറ്റം വിടുന്ന
തോടിന്റെ
പടുവായിലെ മീൻനാറ്റം,
ആരൽ,
മഞ്ഞീൽ,
പരൽ,
പള്ളത്തി...
കുട്ടികൾ വിശപ്പൂഹിക്കുന്നു.
ഈച്ചക്കൊട്ടാരം... ഈച്ചക്കൊട്ടാരം...
ദേശം നഷ്ടപ്പെട്ടവർ
ആത്മരക്ഷക്കായ് ഉയർത്തിയ ഉള്ളാക്കുകളാണ്
പിന്നീട്
ദേശീയഗാനമായ്
നമ്മൾ കാണാതെ പഠിച്ചത്.