Begin typing your search above and press return to search.
proflie-avatar
Login

ബ്യൂഗിൾ രാമായണം*

ബ്യൂഗിൾ രാമായണം*
cancel

ശ്രീരാമപട്ടാഭിഷേകത്തിന്

കൊട്ടുകയും കുഴലൂതുകയും ചെയ്യുന്ന

വാനരന്മാർക്കിടയിലൊരു വാനരൻ

ഇരട്ട മടക്കുള്ള ബ്യൂഗിൾവായിക്കുന്നു.

വായമർത്തിയൂതുമ്പോൾ

കുരങ്ങന്റെ കണ്ണു തുറിയുന്നു

ഒരു വശത്തെ കണ്ണേ കാണാനുള്ളൂ

മറുവശത്തെ കണ്ണും തുറിയാതിരിക്കില്ല.

ഊതുന്ന കുരങ്ങന്റെ കവിൾ

വീർത്തു വീർത്തു വരുന്നു.

പടിഞ്ഞാറേക്കടൽ കടന്നു വന്ന

ബ്യൂഗിളെങ്ങനെ

ഈ കുരങ്ങന്റെ കയ്യിലെത്തി?

കിഴക്കേക്കടൽ കടന്നതിന്റെ ഓർമയിലോ?

കുരങ്ങന്റെ കയ്യിലൂടങ്ങനെ

ഇതു രാമായണത്തിലെത്തി.

ക്ഷേത്രച്ചുമരിൽ

അയിത്തമുണ്ടായില്ല.

വരച്ച സമയത്ത്

പഴശ്ശി രാജാവിനിത്

ഒരു സൗഹൃദമുദ്ര.

പിന്നീടു പിണങ്ങിയപ്പോൾ

സായിപ്പിന്റെ ബ്യൂഗിൾ

പുറത്തേക്കിടണമെന്ന്

തോന്നിയില്ല രാജാവിന്.

ഇവിടെ ഒളിച്ചു പാർക്കുമ്പോൾ

ഇതിലേക്കുറ്റു നോക്കിയിരിക്കേ

ഇതു മുഴങ്ങുന്നതു കേട്ടാണ്

അപായശങ്ക തോന്നി

അദ്ദേഹം

രാത്രിക്കു രാത്രി

വയനാടൻ ചുരം കേറിയത്.

പൂ പോൽ വിടർന്ന കുഴലിലൂടെ

രാമായണത്തിലെങ്ങും നിറയുന്നു

തൊടീക്കളം ക്ഷേത്രച്ചുമരിലെ

കുരങ്ങന്റെ കവിൾ ഊതിവിടുന്ന കാറ്റ്

ബ്യൂഗിൾ സംഗീതമായ്.

ശരിക്കും കാറ്റിൻ മകൻതന്നെ,

ബ്യൂഗിൾ വായിക്കുമീ കുരങ്ങൻ.

ഇതു നോക്കി ചരിത്രകാരൻ പറഞ്ഞേക്കും

ചിത്രത്തിനു പഴക്കം കുറവെന്ന്.

ഞാൻ പക്ഷേ തീരുമാനിക്കുന്നു,

ആദികാവ്യത്തിന് ഒരു ബ്യൂഗിളോളം പഴക്കം.

========

*കൂത്തുപറമ്പിനടുത്ത് തൊടീക്കളം ശിവക്ഷേത്രത്തിൽ കണ്ട ഒരു ചുമർച്ചിത്രത്തിന്റെ ഓർമയിൽ. പഴശ്ശിരാജയുടെ ജീവിതവുമായി ബന്ധമുള്ളതാണ് ഈ ക്ഷേത്രം.

Show More expand_more
News Summary - weekly literature poem