Begin typing your search above and press return to search.
proflie-avatar
Login

സൈക്കടൽ

സൈക്കടൽ
cancel

കടലൊരു വലിയ ഹൃദയമാകുന്നു അതിന്റെ മിടിപ്പ് നിന്നിട്ടില്ല. ജീവൻ തീരുംവരെ അത് മിടിച്ചുകൊണ്ടിരിക്കും അഥവാ മിടിപ്പ് തീരുംവരെ അത് ജീവിച്ചിരിക്കും. പുലരിയുടെ ശുദ്ധരക്തം കാണെക്കാണെ സന്ധ്യയാവുമ്പോഴേക്കും അശുദ്ധമായി വിഷം തീണ്ടി മയങ്ങി പിന്നെയും ഉണരുന്നു... കറുത്ത വാവുകളിൽ ആരും കേൾക്കാനില്ലെങ്കിലും കരയുന്നു... കാറ്റുകളോടൊത്ത് അലമുറയിടുന്നു. മേഘങ്ങളിലേക്ക് ക്ഷുഭിതമാവുന്നു സായാഹ്നരശ്മികൾ വാരിയെറിയുന്നു പൗർണമിയിൽ ഉന്മത്തമാകുന്നു എത്ര ആർത്തുയർന്നാലും തൊടാനാവില്ലെന്നറിഞ്ഞാലും തിരകൾ ചന്ദ്രനിലേക്ക് കുതിക്കുന്നു... നിലാവിന്റെ ജലതരംഗമാവുന്നു അഗാധങ്ങളിൽ അനേകമനേകം...

Your Subscription Supports Independent Journalism

View Plans

കടലൊരു വലിയ ഹൃദയമാകുന്നു

അതിന്റെ മിടിപ്പ് നിന്നിട്ടില്ല.

ജീവൻ തീരുംവരെ അത് മിടിച്ചുകൊണ്ടിരിക്കും

അഥവാ മിടിപ്പ് തീരുംവരെ അത് ജീവിച്ചിരിക്കും.

പുലരിയുടെ ശുദ്ധരക്തം കാണെക്കാണെ

സന്ധ്യയാവുമ്പോഴേക്കും അശുദ്ധമായി

വിഷം തീണ്ടി മയങ്ങി

പിന്നെയും ഉണരുന്നു...

കറുത്ത വാവുകളിൽ ആരും കേൾക്കാനില്ലെങ്കിലും

കരയുന്നു...

കാറ്റുകളോടൊത്ത് അലമുറയിടുന്നു.

മേഘങ്ങളിലേക്ക് ക്ഷുഭിതമാവുന്നു

സായാഹ്നരശ്മികൾ വാരിയെറിയുന്നു

പൗർണമിയിൽ ഉന്മത്തമാകുന്നു

എത്ര ആർത്തുയർന്നാലും

തൊടാനാവില്ലെന്നറിഞ്ഞാലും

തിരകൾ ചന്ദ്രനിലേക്ക് കുതിക്കുന്നു...

നിലാവിന്റെ ജലതരംഗമാവുന്നു

അഗാധങ്ങളിൽ അനേകമനേകം നിഗൂഢതകൾ

അപാരവിസ്തൃതിയിൽ ദ്വീപുകൾ...

പവിഴപ്പുറ്റുകൾ, കരിമ്പാറക്കെട്ടുകൾ

കരയിലേക്കത് ചിപ്പികൾ വാരിയെറിയുന്നു.

ഇളകിമറിയുന്നു, ഭ്രാന്തു പിടിക്കുന്നു

തന്‍റെ സ്വന്തങ്ങളെ താനറിയാതെ തച്ചുതകർക്കുന്നു.

ഒരു വലിയ ഹൃദയം തന്നെ അത്.

നക്ഷത്രങ്ങളെ നോക്കി മലർന്നുകിടന്നാണ്

അതിന് ഇടയ്ക്കു ഭ്രാന്തുപിടിക്കുന്നത്

അപാരതയെ അഭിമുഖീകരിച്ച് നിരാലംബമായി

ഇങ്ങനെ മലർന്നു കിടക്കൽ നിസ്സാരമായ ഒരു കാര്യമല്ല.

അതിരറ്റ ഈ അപാരതയുടെ ഭയാനകതയെ

എതിരിടാൻ

അതിന് കഴിയുന്നുണ്ടാവില്ല,

കടൽ ഭൂമിയുടെ അല്ല,

ചുരുങ്ങിയപക്ഷം

സൗരയൂഥത്തിന്റെയെങ്കിലും ഹൃദയമാണ്.

ഉന്മാദികൾക്കെന്നപോലെ

കടലിന്റെ വിധിയും മറ്റൊന്നല്ല

അവരുടെ ഹൃദയം

ഒടുവിൽ ശരീരത്തെ വിഴുങ്ങുകയാണല്ലോ ചെയ്യുക

കടൽ കരയെ, അഥവാ ഭൂമിയെയും.

News Summary - weekly literature poem