മറുകാത്
കാതു കേൾക്കാത്ത ഒരാൾ സദസ്സിൽ,
കച്ചേരിക്ക്
കാതോർത്തിരിക്കയാണ്
അയാൾ തലയാട്ടുകയും
താളമടിക്കുകയും ചെയ്യുന്നുണ്ട്.
ചിരിക്കുകയും
ആസകലം സംഗീതത്തിൽ
കുതിർന്നപോലെ
ഉടലിനെ
ചുറ്റിനും കുടഞ്ഞു തെറിപ്പിക്കുന്നുണ്ട്
പാടാനായി ചുണ്ടുകൾ ചലിപ്പിക്കുന്നുണ്ട്
ഇമവെട്ടാതെ വേദിയിലേക്ക് നോക്കുന്നുണ്ട്.
മൃദംഗത്തിന്റെ മേൽ വീഴുന്ന വിരലുകളെ
കണ്ണിലേക്കാവാഹിക്കുന്നുണ്ട്.
കാതുകൂർപ്പിച്ച്
വയലിന്റെ തേങ്ങലിനെ
കൈവിരലിലൂടെ പകർത്തുന്നുണ്ട്
ആകാശത്തേക്ക് തെറിച്ചുവീഴുന്ന
നാദ കണങ്ങളെ
കൈകൾ വീശിപ്പിടിക്കുന്നുണ്ട്.
ഇതുകണ്ട്
കാതുള്ളയാൾ അടുത്തിരുന്ന്
ഊറിച്ചിരിക്കുന്നുണ്ട്
ഹാസ്യം വഴിഞ്ഞ്
ഊറിയൂറി.
സംഗീത മഴയേൽക്കാതെ
കച്ചേരി കേൾക്കാതെ
പാട്ടിൽ നനയാതെ
താളമടിക്കാതെ.
കാതും കണ്ണുമുള്ളയാൾ...
കാതില്ലാത്തവൻ
അടഞ്ഞ വാതിലിൽ മുട്ടുന്നില്ല
ആരേയും കാത്തിരിക്കുന്നില്ല.
ഒരു വള്ളിയും കാലിൽ ചുറ്റുമെന്നു
പ്രതീക്ഷിക്കുന്നില്ല
വള്ളി തേടുന്നില്ല
പൂക്കളുടെ ഗന്ധം അറിയുമ്പോലെ
ഒച്ചയില്ലായ്മയിൽ അയാൾ സംഗീതം
കേൾക്കുകയാണ്.
അതിനാൽ
അയാളെ
നിങ്ങൾ വിശ്വസിക്കണം.
അനന്തമാണ്
അനുഭവ സാധ്യതകൾ
അനവധിയാണ് ജീവിതസാധ്യതകൾ.