പണിക്കര്‍സാര്‍
ഞങ്ങള്‍ 33 മലയാളികളുടെ ഇടയിലേക്ക് പണിക്കര്‍സാര്‍ കയറിവന്നതും ഞങ്ങള്‍ 33 പേരും എഴുന്നേറ്റുനിന്നു. മകള്‍ എന്റെ ഒക്കത്തുനിന്നുമിറങ്ങി അവള്‍ക്കും താഴെയിറങ്ങി നില്‍ക്കണമെന്നു പറഞ്ഞു. ഇപ്പോഴാണ് ശരിയായത്, ഞങ്ങള്‍ 34 പേരുണ്ട്.ഹാളിനെ പാതിയായി പകുത്ത്,പണിക്കര്‍സാര്‍ ഞങ്ങളെ നോക്കി. മറ്റൊരു ഭൂഖണ്ഡത്തില്‍നിന്നുള്ള വരവായിരുന്നു കടലും ആകാശവും കണ്ടുള്ള വരവായിരുന്നു ഊരിലേക്ക് മടങ്ങുകയായിരുന്നു ഇതൊരു അറബിനാട്, ഒരു പകലും രാത്രിയും താവളം. ഞാനെന്തിനെപ്പറ്റി സംസാരിക്കണം?പണിക്കര്‍സാര്‍ ഞങ്ങളെ നോക്കി ചോദിച്ചു. ഞാന്‍ നിങ്ങളോട് എന്തെങ്കിലും മിണ്ടണ്ടേ? എണ്ണയിട്ട് വകഞ്ഞുവെച്ച...
Your Subscription Supports Independent Journalism
View Plansഞങ്ങള്‍ 33 മലയാളികളുടെ ഇടയിലേക്ക്
പണിക്കര്‍സാര്‍ കയറിവന്നതും
ഞങ്ങള്‍ 33 പേരും എഴുന്നേറ്റുനിന്നു.
മകള്‍ എന്റെ ഒക്കത്തുനിന്നുമിറങ്ങി
അവള്‍ക്കും താഴെയിറങ്ങി നില്‍ക്കണമെന്നു
പറഞ്ഞു.
ഇപ്പോഴാണ് ശരിയായത്, ഞങ്ങള്‍ 34 പേരുണ്ട്.
ഹാളിനെ പാതിയായി പകുത്ത്,
പണിക്കര്‍സാര്‍ ഞങ്ങളെ നോക്കി.
മറ്റൊരു ഭൂഖണ്ഡത്തില്‍നിന്നുള്ള വരവായിരുന്നു
കടലും ആകാശവും കണ്ടുള്ള വരവായിരുന്നു
ഊരിലേക്ക് മടങ്ങുകയായിരുന്നു
ഇതൊരു അറബിനാട്,
ഒരു പകലും രാത്രിയും താവളം.
ഞാനെന്തിനെപ്പറ്റി സംസാരിക്കണം?
പണിക്കര്‍സാര്‍ ഞങ്ങളെ നോക്കി ചോദിച്ചു.
ഞാന്‍ നിങ്ങളോട് എന്തെങ്കിലും മിണ്ടണ്ടേ?
എണ്ണയിട്ട് വകഞ്ഞുവെച്ച മുടിച്ചുരുളില്‍
വെളിച്ചം കറുപ്പും വെളുപ്പും തിരഞ്ഞു, പിറകെ
നെറ്റിയിലെ പിരിയന്‍വരകളിലൊന്നിനെ
ഒറ്റവിരല്‍ത്തുമ്പുകൊണ്ടുഴിഞ്ഞ്
പണിക്കര്‍സാര്‍തന്നെ പറഞ്ഞു:
കവിതയെപ്പറ്റിത്തന്നെ പറയാം,
അതുമതി.
അതു വേണ്ട, ഞാന്‍ പറഞ്ഞു:
‘ആധുനികോത്തരത’യെപ്പറ്റി പറഞ്ഞാല്‍ മതി.
പണിക്കര്‍സാര്‍ എന്നെ തിരിഞ്ഞുനോക്കി. മകളെയും കണ്ടു.
മകള്‍ക്ക് കൈ കൊടുത്തു. അവളുടെ പേര് ചോദിച്ചു.
എന്നെ ഒന്നുകൂടി നോക്കി.
നാട്ടിലും ഇതേ പേരിലൊരു കരിങ്കാലിയുണ്ട്, പണിക്കര്‍സാര്‍
മറ്റു 32 പേരെ നോക്കി മുരണ്ടു. ഇപ്പോള്‍ ഞങ്ങള്‍ 33 പേരും ചിരിച്ചു.
മകള്‍ എന്നെ നോക്കി. അവളും ചിരിച്ചു...
വേദിയില്‍ മൈക്കിനു മുമ്പില്‍ പണിക്കര്‍സാര്‍ നിന്നു.
ഇപ്പോള്‍ അറേബ്യന്‍ മരുഭൂമിയില്‍
വിളഞ്ഞ സന്ധ്യക്കു താഴെ
ഇരുന്നൂറു കി.മീ. വേഗത്തില്‍
മണലിലെ ചുഴികളും
മണലിലെ കൊമ്പുകളും
കയറിയിറങ്ങുകയായിരുന്ന
പജേരോ, അതിെന്റ തല
കുത്തനെ പിടിച്ചു
മാനത്തേക്കുയര്‍ന്നു
പിന്നെ, പൂച്ചയോളം വലുപ്പത്തില്‍
ഉടല്‍ ചുരുട്ടി, താഴേക്ക്
മണ്ണിലേക്കുതന്നെ പുറപ്പെട്ടു...
പണിക്കര്‍സാര്‍ എവിടെയും നിര്‍ത്തിയില്ല
ചിലപ്പോള്‍ ചിലരെ പേര് പറഞ്ഞു വിളിച്ചു
ഫ്രഡ്‌റിക് ജയിംസന്‍, ദെരിദാ എന്നീ പേരുള്ളവരെ
ചിലപ്പോള്‍ യൂറോപ്പ് ചിലപ്പോള്‍ ഏഷ്യ എന്ന് പേരുള്ള നാടുകളെ
ചില സമയത്ത്
മരിച്ചവരെ ആഘോഷത്തോടെ കൊണ്ടുവന്നു
ഒരു പ്രാവശ്യം എലിയുമായി നാട് വിട്ട പൂച്ചക്കു മുമ്പില്‍
ചൂലുമായി പ്രത്യക്ഷപ്പെടുന്ന അമ്മൂമ്മയെ കൂടെ കൂട്ടി
Playfulness
Fragmentation
Metafiction
Intertextuality
തെരുവിലെ കടകളടഞ്ഞു, ചിലപ്പോള്‍ മാത്രം
വാഹനങ്ങളുടെ ഒച്ച കയറിവന്നു
രാത്രി രാത്രിയായിത്തന്നെ നീണ്ടുനീണ്ടു പോയി...
ഒടുവില്‍ പ്രഭാഷണം അവസാനിപ്പിച്ച് ഞങ്ങളെ നോക്കി
എന്റെ ഭാര്യയുടെ മടിയിലിരിക്കുന്ന മകളെ കണ്ട്
പണിക്കര്‍സാര്‍ ഉറപ്പുവരുത്തി:
ആധുനികോത്തരതയെ കണ്ടാല്‍
അത് എങ്ങനെയിരിക്കും എന്ന് കുട്ടിക്ക്
ഏകദേശം മനസ്സിലായി, ഇല്ലേ?
ഇനി ശ്രദ്ധിച്ചാല്‍ മതി...
ഞങ്ങൾ 34 പേരും എഴുന്നേറ്റു നിന്നു
എല്ലാവരും കൈ കൊട്ടി.
കവികളെ സ്നേഹിച്ചു കൂടാ
കവികളെ പകര്‍ത്തിക്കൂടാ
അവര്‍ നടന്നു കാണിച്ച കടല്‍
കവിഞ്ഞൊഴുകുന്ന കരതന്നെയാകുന്നു
ചിലപ്പോള്‍ കടല്‍ കൈക്കുമ്പിളില്‍
ജപംപോലെ നിറക്കുന്നു
യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍
പണിക്കര്‍സാര്‍ തലയിലൊരു
തുര്‍ക്കിത്തൊപ്പി വെച്ചു,
ഞങ്ങളെ നോക്കി പറഞ്ഞു:
തോറ്റതുകൊണ്ടല്ല കേട്ടോ,
മഞ്ഞുള്ളതുകൊണ്ടാണ്...
എല്ലാവരും ചിരിച്ചു.
ഞാന്‍ വേഗം കൈ നീട്ടി... എന്‍റെ കൈകളില്‍
രണ്ടു കൈപ്പടങ്ങളും അമര്‍ത്തി
പണിക്കര്‍സാര്‍ ചിരിച്ചു...
പിന്നെ കാണലുണ്ടായില്ല.