വീതവിചാരങ്ങൾ
എന്തുകൊണ്ടെന്തുകൊണ്ടവിടെയൊരു കാട്
പടിപ്പുര കെട്ടി വാസമായി?-
കാടിൻ ഹൃത്തിലൊട്ടിയിരുന്ന്
തത്തകൾ മൈനകൾ കുറുകുന്നു?
ചലനതന്ത്രികളായ് തുടിച്ച്
കാടിന്നുടൽ ജീവജാതികൾ മീട്ടുന്നു?
വെയിൽ-മഴകൾ വന്ന് തുടരെ വിളിച്ച്
കാടിനെയൂട്ടുന്നു?
എന്തുകൊണ്ടെന്തുകൊണ്ടൊരു ദിക്കിൽ
ജൈവരാഗങ്ങൾ പുലരാതെ
പരലുകൾ വിറപൂണ്ടടുങ്ങിയ
നീളൻഖണ്ഡമെഴുലുന്നു?
എന്തുകൊണ്ടാ വെൺഹിമത്തിലെ
കൊടും തണുപ്പും
വെയിൽപ്പാളിയേറ്റ് ഉജ്ജ്വലിക്കുന്നു?
നാളം പോലൊന്ന് ഉയർന്നാളുന്നു?
എന്തുകൊണ്ടെന്തുകൊണ്ടൊരു മരുവങ്ങനെ
മണലായ് ഒരു ദിക്കിൽ മരുവുന്നു?
ഇലയില്ലാക്കാലം മഴയില്ലാക്കാലം
അടയാളമിട്ടുവക്കുന്നു?
കാടിൻ തുടി നീരിൻ തുടി
അഭാവത്തിലാകുന്നു?
അഭാവങ്ങളുടെ നീളൻനിര നിൽക്കിലും
ചില സാന്നിധ്യ കോവിലുകൾ
അവിടെയും പ്രതിഷ്ഠിതമാവുന്നു?
എന്തുകൊണ്ടെന്തുകൊണ്ടൊരു
നീലജലാശയമെന്നയാശയം
ഒരു ദിക്കിൽ നുരയിട്ടു വിളങ്ങുന്നു?
നീരൊഴിച്ചെഴുതിയ ചിത്രമേ, ചിത്രമേ,
നീയെത്ര നീന്തലുകൾക്കിടം കൊടുക്കുന്നു?
നീന്തുന്നവരുടെ വലിപ്പമോർത്താൽ
പർവതം തൊട്ടണുധൂളിയോളം!
മീനുകൾ പുളയുന്നിടം
മലകൾപോലുമൊളിക്കുന്നിടം
പവിഴങ്ങൾ പൂങ്കാവ് മെനയുന്നിടം.
എന്തുകൊണ്ടെന്തുകൊണ്ട്
ഊഴങ്ങൾ ഉടയാട ഈവിധമണിയുന്നു?
എന്തുകൊണ്ടെന്തുകൊണ്ടൊരു
നെടുസൂചിയാൽ കൂട്ടിത്തുന്നിയ
കര കടല് മേലാപ്പുകൾ
ഹൃത്താലെ നാം തൊട്ടുനിൽക്കുന്നു?
കാണികളായ് കിളിർന്നെത്തിയവർ നാം...