ഇരുളീവിധം ഇരുളിലീവിധം
as hearing such a vanished song breathing the darkness tasting the darkness darkness is not dark ഇരുട്ടുമായി കെട്ടിപ്പിടിച്ചുനിക്കുന്നഅരണ്ട വെളിച്ചത്തിൽ ഒരു നൈറ്റ് കഫെയിലെ ചെറിയ വട്ടമേശക്കരികിലിരുന്നു കവിതയോടും ചരിത്ര ത്തോടുമൊപ്പം ഫ്ലാഷ് കളിക്കുന്നത് സുഖമുള്ള കാര്യമാണ് മൂന്നു ചീട്ടുകൾ മൂന്നു റൗണ്ടായ് ഏതോ രഹസ്യംപോലെഒന്നിനുമേൽ ഒന്നായ് മുന്നിൽ വന്നു കമഴ്ന്നുവീഴും ശ്രദ്ധ കണ്ണടച്ചിരുന്നാൽ മതി ആ മൂന്നു വീഴ്ചയുടെയും നിശ്ശബ്ദതയെ അറിയാം കണ്ണുകൾപതിയെത്തുറക്കണം വിരലുകൾ നീട്ടി മൃദുവായ് പുറകോട്ടു വലിച്ചെടുത്ത് കണ്ണുകൾക്കു മുമ്പിൽ കൊണ്ടുവന്ന് ഒട്ടും ഒട്ടും തിടുക്കമില്ലാതെ തുറന്നുനോക്കണം തീരെ മോശം കയ്യിലും ഇരുട്ടൊരു...
Your Subscription Supports Independent Journalism
View Plansas hearing such a vanished song
breathing the darkness
tasting the darkness
darkness is not dark
ഇരുട്ടുമായി കെട്ടിപ്പിടിച്ചുനിക്കുന്ന
അരണ്ട വെളിച്ചത്തിൽ ഒരു നൈറ്റ്
കഫെയിലെ ചെറിയ വട്ടമേശക്കരികിലിരുന്നു
കവിതയോടും ചരിത്ര
ത്തോടുമൊപ്പം ഫ്ലാഷ് കളിക്കുന്നത്
സുഖമുള്ള കാര്യമാണ്
മൂന്നു ചീട്ടുകൾ മൂന്നു റൗണ്ടായ് ഏതോ രഹസ്യംപോലെ
ഒന്നിനുമേൽ ഒന്നായ് മുന്നിൽ വന്നു കമഴ്ന്നുവീഴും
ശ്രദ്ധ കണ്ണടച്ചിരുന്നാൽ മതി
ആ മൂന്നു വീഴ്ചയുടെയും നിശ്ശബ്ദതയെ അറിയാം
കണ്ണുകൾ
പതിയെത്തുറക്കണം
വിരലുകൾ നീട്ടി മൃദുവായ്
പുറകോട്ടു വലിച്ചെടുത്ത്
കണ്ണുകൾക്കു മുമ്പിൽ കൊണ്ടുവന്ന് ഒട്ടും ഒട്ടും
തിടുക്കമില്ലാതെ
തുറന്നുനോക്കണം
തീരെ മോശം കയ്യിലും ഇരുട്ടൊരു രഹസ്യത്തെ
രഹസ്യമായ് പകർന്നുവെക്കുന്നു
*
ഈ ദീപങ്ങളെ ജ്വലിപ്പിക്കുന്നതു പകലിന്റെ സ്രവങ്ങളല്ല
രാവിന്റെയഗാധമാം വികാരങ്ങൾ
*
രാത്രിയുടെ ഉത്തുംഗതയിൽ കമഴ്ന്നുകിടന്ന്
മലർന്നുകിടക്കുന്ന എന്റെ നഗരത്തെ ഞാൻ നോക്കി
ഇരുട്ടിനോടു കലഹിക്കാത്ത
അതിന്റെ ദീപങ്ങളെയെല്ലാം തിളക്കി
നഗരം എന്നെ നോക്കി
ആ ദീപങ്ങൾക്കിടയിലേക്കു ഞാ
നൂളിയിട്ടിറങ്ങി
ഉറങ്ങാത്ത നഗരം
ഉണർന്നിരിക്കുന്ന രാത്രി
ജ്യാമിതീയതകളുടെ വിളുമ്പുകളിലെ തെളിച്ചങ്ങൾ
ഇരുട്ടു ചെപ്പുന്ന വെളിച്ചങ്ങൾ
*
ഇരുട്ട്
ഏഴു പിശാചുക്കൾ വിട്ടൊഴിഞ്ഞുപോയ
മഗ്ദലേനയാണ്
സ്നേഹത്താൽ മൃദുവാക്കപ്പെട്ടവൾ
അകവും പുറവുമില്ലാത്ത നഗ്നയക്ഷി
എന്റെയൊഴിഞ്ഞ
തലയോട്ടിയിലവളുടെ
മുലപ്പാൽരുചിയുള്ള ചോര നിറക്കുന്നു
*
ഈ നഗരത്തിൽ
ഈ രാത്രിയിൽ
ഇരുട്ടിനെ കെട്ടിപ്പിടിച്ചുനിക്കുമീ വെളിച്ചങ്ങളിൽ
ഞാൻ സ്വതന്ത്രനായിരിക്കുന്നു
(അങ്ങനെ വിചാരിക്കുന്നു)
*
who shot Sara Luxembourg
(വിവർത്തനം
ഗൗരി ലങ്കേഷിനെ വെടിവെച്ചതാരാണ്)
*
കുരുക്കുകൾക്കിടയിൽ പരതിപ്പരതി
മുയലിനു പുറത്തേക്കൊരു വഴി കണ്ടെത്തി
കുട്ടി തന്റെ മാഗസിനടച്ചുവെച്ചു
*
ഇരുണ്ട നഗരത്തിൽ
ഇരുട്ടിന്റെ സുഖമുള്ള അലകളിൽ
നുരഞ്ഞു നുരഞ്ഞു ഞാൻ
വാറ്റുപുരയിൽനിന്നുയരുന്ന ഇരുണ്ട പുകയെ വരക്കുന്ന
ഇരുണ്ട ഇരുണ്ടയാകാശം
ഇരുണ്ട മാലാഖമാർ
ഇരുണ്ട കുമിളുകൾ
ഇരുണ്ട മൗനം
ഇരുണ്ട വീര്യം
ഇരുണ്ട ഉന്മാദം
ആരൂപികളുടെയും അഗാധതയുടെയും നിറപാത്രം
*
darkness
kindly addressing my sadness and wrath
ഇരുട്ടിന്റെ അതിരുകളിലൂടെ
മുഴുവൻ സ്വാതന്ത്ര്യത്തോടെയും ഞാൻ നടക്കുന്നു
എന്റെ കാൽപ്പടങ്ങളിൽ രാത്രിയുടെ
ഹൃദയചലനം പറ്റിപ്പിടിക്കുന്നു
ഫൂക്കോ ഒരപൂർണവ്യവസ്ഥയാണ്
സൈദ്ധാന്തികമായ ഇരുൾഭ്രംശം
ഇരുട്ടിനെ ഞാനെന്റെ കൈകളിൽ കോരിയെടുക്കുന്നു
ചിരപരിചിതമായ അത്ഭുതം ജീവൻ
*
in our nightcafe
ഓരോ മേശക്കരിക്കിലായ് ഇരിപ്പുപിടിച്ചിട്ടുണ്ട്
കവിതയും
ചരിത്രവും
അനന്തമായ ഇരിപ്പ്
ഒഴിഞ്ഞയൊരു മേശക്കരികിൽ ഞാനുമിടം കണ്ടെത്തി
നാരങ്ങനീരു ചേർത്ത കട്ടൻചായക്കു പറഞ്ഞു
പകലിന്റെ തന്തക്കു പറഞ്ഞു
പുറത്തെവിടെയോ പതുങ്ങിനടക്കുന്നുണ്ടാവുമോ
നാളെയെ ഒറ്റിക്കൊടുക്കാനുള്ള സൂര്യൻ
വാറ്റുചാരായത്തോളം
സത്യമാണിരുട്ട്
കോരിയെടുത്താൽ ഒരു കുമ്പിൾ വീർപ്പ് മിടിപ്പ്
വ്ർജീനിയാ
ഒരു കുമ്പിൾ വെള്ളം മതി
ഒരാൾക്കൊരു പുഴയൊഴുക്കാൻ
എന്നും മുങ്ങിമരിക്കാൻ സ്വന്തം ജീവനെ
കണ്ടെടുക്കാൻ
നഗരത്തിന്റെ ജ്യാമിതീയതകളെ കെട്ടിപ്പിടിച്ചുനിക്കുന്ന
ഇരുണ്ട നിശ്ശബ്ദത
സജീവമാകുന്ന അബോധം
beware of jokers
*
സൂര്യനെന്ന കോമാളി ആകാശത്തു പ്രത്യക്ഷനാകും
ലോകത്തെ മുഴുവനും അഭിസംബോധന ചെയ്യും
കാക്കത്തൊള്ളായിരം നുണകൾ വിളിച്ചുപറയും
പകൽ
അതിന്റെ വിഖ്യാതമായ പുഞ്ചിരികൊണ്ടു പല്ലുതേച്ച്
ജീവിതത്തെ തിന്നാൻ തുടങ്ങും
ഉച്ചത്തിൽ പറയുന്ന നുണകൾ
ആവർത്തിച്ചു പറയുന്ന നുണകൾ
എത്ര പല്ലുതേച്ചാലും പറ്റിപ്പിടിച്ചിരിക്കും
നുണയുടെ കറ
*
മുയലിപ്പോൾ
കുട്ടിയുടെ മാഗസിനിലല്ല
യഥാർഥലോകത്തെ വഴിക്കുരുക്കുകളിലാണ്
അതിന്റെ സ്ഫടികക്കണ്ണുകളിലെ പരിഭ്രാന്തി
പകൽവെളിച്ചത്തെ വിചാരണ ചെയ്യുന്നു
*
നാരങ്ങനീരു ചേർത്ത ചായ കഴിഞ്ഞു
ഞാനെഴുന്നേറ്റു
കവിതയെക്കൂട്ടി ചരിത്രത്തിന്റെ മേശക്കരികിലെത്തി
തമ്മിൽ മുഖം കാണുംവിധം ഞങ്ങളിരുന്നു
മേശപ്പുറത്ത് ഇരുപത്തൊന്നു ചീട്ടുകളുടെ ഒരടുക്കിരുന്നു
ചരിത്രമതെടുത്തു
നാലെണ്ണം വീതമെണ്ണി മേശമേലിട്ടു
അഞ്ചുവട്ടം
ആസ് രാജ റാണി ഗുലാൻ പത്ത്
ഇരുപത്തൊന്നാമത്തെ ചീട്ട്
ചരിത്രത്തിന്റെ വിരലുകൾക്കിടയിലിരുന്നു തിരിഞ്ഞു
ചരിത്രം പറഞ്ഞു
നമ്മുടെ കളിയിൽ ജോക്കറ് വേണ്ട
*
ഒരു ദിവസമീ നഗരം എന്റേതല്ലാതായേക്കാം
ഒരു ദിവസമീ നഗരരാത്രികൾ എന്റേതല്ലാതായേക്കാം
ഈ ഇരുട്ടും എന്റേതല്ലാതായേക്കാം
*
അപാരമായൊരു പന്തമാണിരുട്ട്
ഇരുണ്ട ജ്വാലകൾ
ഇരുണ്ട ഹൃദയം
ഇരുണ്ട രക്തം
ഇരുണ്ട വീര്യം
ഇരുണ്ട മജ്ജ
കിനിഞ്ഞിറങ്ങുമിരുണ്ട നെയ്യ്
ഭൂതഭാവികളുരുകിയലിയും അബോധനഗരം
പകലിന്റെ ഈർച്ചമില്ലുകളെ രാത്രി
ചോലക്കാടുകളാക്കുന്നു
*
നമ്മുടെ കളിയിൽ ജോക്കറു വേണ്ട
ചരിത്രം പറഞ്ഞു
എന്നിട്ടാ ചീട്ട് കുനുകുനാന്നു കീറിയിട്ടു
വാരിയെടുത്തു കൊണ്ടുപോയി ചവറ്റുപാത്രത്തിലിട്ടു
തിരികെ വന്നിരുന്നു ചരിത്രം പറഞ്ഞു
എനിക്കു പകരമിറങ്ങിയുള്ള കളി
പതിവാക്കിയിരിക്കുന്നു ഇവൻ
കവിത പറഞ്ഞു
എന്റെ പകരക്കാരനായ് ഇവൻ
വേദികളെ കയ്യടക്കുന്നു
*
അതിന്
ഗ്രാമങ്ങളെയും പകലുകളെയും വേഗം കീഴടക്കാനാവും
ഞാനിനി ഗ്രാമത്തിലേക്കില്ല
ഈ നഗരത്തിന്റെ ഇരുട്ടിൽ ഞാൻ ജീവിക്കും
ഇരുട്ടിന്റെ പുൽപ്പരപ്പിൽ
മേയുന്ന മാൻകുട്ടി ഞാൻ
ഇരുട്ടിന്റെ നീർക്കയത്തിൽ
നീന്തുന്ന മീൻകുഞ്ഞു ഞാൻ
ഇരുട്ട്
വിശുദ്ധ മന്ത്രവാദിനിയും
ദൈവമില്ലാത്ത പുരോഹിതയുമാണ്
എന്നെയാകെ
ത്തുടച്ചുമിനുക്കുന്ന
തള്ളപ്പൂച്ച
നഗരത്തിൽ
ഇരുട്ടിന്റെ മാംസളാശ്ലേഷത്തിൽ
മഹാവ്യാധിയുടെ പൂമണത്തിന് എന്നെ
വേട്ടയാടാനാവില്ല
*
കുറേച്ചെന്നപ്പോൾ ഞാനിറങ്ങി
എനിക്കെന്റെ മുറിയിൽ ഇരുട്ടിൽ
തനിച്ചായിരിക്കാൻ തോന്നി
വിചാരങ്ങളിൽ ചുണ്ണാമ്പുതൊട്ട് നടന്നുനടന്ന്
ക്രിമിറ്റോറിയത്തിനടുത്തായപ്പോൾ
കവിതയും ചരിത്രവും ഒപ്പം നടക്കുന്നതായിക്കണ്ടു
ഞങ്ങളും വരുന്നു നിന്നോടൊപ്പം
ഞാൻ പറഞ്ഞു
എനിക്കു മുന്നേത്തന്നെ
നിങ്ങളവിടെയുണ്ടല്ലോ
*
കുരുക്കുകൾ പെരുകുകയാണ്
പുറത്തേക്കൊരു വഴി കണ്ടെത്താൻ
മുയലിനാവില്ല
*
നഗരദീപങ്ങൾക്കിടയിൽ
നക്ഷത്രങ്ങൾക്കിടയിൽ
നേർത്ത നൃത്തമാകുന്നു ഇരുട്ട്
the most slowest acrobatic dance
ഇരുട്ടിന്റെ ലഘുവായൊരിളക്കത്തെ
ഞാനെന്റെ മുറിയിൽ സൂക്ഷിക്കും
അതുകൊണ്ടു പകലിനെ
അതിജീവിക്കും.