റോം കത്തിയെരിഞ്ഞപ്പോൾ
നൂറ്റാണ്ടുകൾക്കിപ്പുറംപല സംസ്കാരങ്ങളിലൂടെ പല ജനതകളിലൂടെ വളർന്നുവളർന്ന് അവരുടെ ഭാഷണങ്ങളിലും ശൈലികളിലും ജീവിക്കുന്ന നീറോ, മണ്ണും കല്ലും ചാരവും രേഖകളും കഥകളും ചരിത്രഗ്രന്ഥങ്ങളിലെ പരാമർശങ്ങളും പരതിപ്പരത്തി നീറോയെന്ന പ്രയോഗശീലത്തിന്റെ യുക്തിഹീനതയെക്കുറിച്ച് ലോക മനസ്സാക്ഷിയോടും മനുഷ്യത്വത്തോടും സംസാരിക്കാനാരംഭിച്ചു: മരിച്ചതിനു ശേഷമാണു ഞാൻറോമിനു പുറത്തേക്ക് വളർന്നു പടർന്നത്- റോമിനെക്കാൾ വളർന്നു...
Your Subscription Supports Independent Journalism
View Plansനൂറ്റാണ്ടുകൾക്കിപ്പുറം
പല സംസ്കാരങ്ങളിലൂടെ
പല ജനതകളിലൂടെ
വളർന്നുവളർന്ന്
അവരുടെ ഭാഷണങ്ങളിലും ശൈലികളിലും
ജീവിക്കുന്ന നീറോ,
മണ്ണും കല്ലും ചാരവും
രേഖകളും കഥകളും
ചരിത്രഗ്രന്ഥങ്ങളിലെ
പരാമർശങ്ങളും പരതിപ്പരത്തി
നീറോയെന്ന പ്രയോഗശീലത്തിന്റെ
യുക്തിഹീനതയെക്കുറിച്ച്
ലോക മനസ്സാക്ഷിയോടും
മനുഷ്യത്വത്തോടും
സംസാരിക്കാനാരംഭിച്ചു:
മരിച്ചതിനു ശേഷമാണു ഞാൻ
റോമിനു പുറത്തേക്ക് വളർന്നു പടർന്നത്-
റോമിനെക്കാൾ വളർന്നു വലുതായത്.
നിസ്സഹായതക്കും നിലവിളികൾക്കും മേലുള്ള
ഏത് അനാർദ്രചിത്തത്തിനും
ഏതധികാര ധാർഷ്ട്യത്തിനും
ഏതു നിഷ്ക്രിയതക്കും
സമാനപദമായി
നിങ്ങളെന്റെ പേരുപയോഗിച്ചു.
‘‘റോം കത്തിയെരിഞ്ഞപ്പോൾ
ഫിദൽ വായിച്ച നീറോ’’-
സ്വനതന്തികളിൽ പരമ്പരാഗതമായി
നിങ്ങളെന്നെ നിക്ഷേപിച്ചു;
ബോധങ്ങളുടെ അടരുകളിലൊന്നിൽ
സുഷുപ്താവസ്ഥയിലും ജാഗ്രത്തിലും
ഞാൻ സ്ഥിരപ്രതിഷ്ഠയായി.
കഥകളിൽ ഒന്നുമാത്രമാ-
ണെരിയുന്ന തീയിന്റെ പശ്ചാത്തലത്തിൽ
വരളുന്ന തൊണ്ടകളുടെ ദീനരോദനങ്ങളിൽ
നിസ്സഹായരായി തീയിൽ ദഹിക്കുന്നവരുടെ
പ്രാണപ്പിടച്ചിലിൽ
ഫിദൽ വായിച്ച നീറോ കഥ.
കഥകളിനിയുമേറെ-
എരിയുന്ന ട്രോയ്
ദൃശ്യവിസ്മയമായാവിഷ്കരിക്കാൻ
നഗരമെരിച്ച ഭ്രാന്തൻ നടൻ;
സ്വർണക്കൊട്ടാരം മെനയുവാൻ,
അതിനുമുന്നിൽ സ്വന്തം ശിലാശിൽപം
പ്രതിഷ്ഠിക്കുവാൻ,
ഇടംതിരഞ്ഞു നഗരമെരിച്ചവൻ-
കഥകളിനിയുമേറെ-
പത്തുനാൾ ഇരമ്പിപ്പടർന്ന തീ,
കത്തിച്ചുതീർത്തതു മൂന്നു മഹാനഗരങ്ങളെ;
തകർത്തത് മറ്റേഴു നഗരങ്ങളെ.
അവന്റൈൻ താഴ്വരയിൽ
ഒരു ജവുളിക്കടയിൽ പൊരിയായി വീണ തീ,
എരിച്ചുകളഞ്ഞത്
റോമിലെ പതിന്നാലു നഗരങ്ങളിൽ പത്തിനെ.
കടയിൽ തീ പടരുമ്പോൾ
നഗരത്തിലതു പരക്കുമ്പോൾ
ജനവാസ കേന്ദ്രങ്ങൾ എരിഞ്ഞടങ്ങുമ്പോൾ
നീറോ ആന്റിയം നഗരത്തിൽ-
നാൽപതോളം മില്ലേ പാസൂസ്* അകലെ.
എന്നിട്ടും വരഞ്ഞിട്ടു വാക്കുകളിൽ
സ്യൂട്ടോണിയസും കാഷ്യസ് ദിയോയും**
തീയുടെ പശ്ചാത്തലത്തിൽ
നാടക വേഷത്തിൽ
അലറിവിളിച്ചു നിന്ന
ചിത്തരോഗിയായ ഭരണാധികാരിയെ.
കഥപ്പെരുക്കത്തിൽ നീറോ,
ക്രൂരനായി, മനോരോഗിയായി,
ഏതു ഹൃദയശൂന്യഭരണാധികാരിക്കും
പിതൃ-ഗുരുസ്ഥാനീയനായി,
ആ നീചപരമ്പരയിൽ ആദ്യത്തവനായി.
കാഥികർ പക്ഷേ, പാടിയില്ല
നീറോ ആന്റിയത്തില്നിന്ന്
അഗ്നിബാധയേറ്റിടങ്ങളിലേക്ക്
പാഞ്ഞെത്തിയത്.
പാതിവെന്തും കരിഞ്ഞും
ഉടഞ്ഞ ദേഹങ്ങൾ
ചാരത്തിൽ നിന്നെടുത്തു
മനുഷ്യർക്കുതകും വിധം സംസ്കാരം നടത്തിയത്.
നിരാലംബരും ചകിതരുമായവർക്ക്
കൊട്ടാരങ്ങൾ തുറന്നുകൊടുത്തത്
വിശപ്പും ദാഹവുമകറ്റി
അവരിൽ മനുഷ്യരെന്ന തോന്നലുണ്ടാക്കിയത്
പാതിവെന്ത,
മുഴുക്കെക്കരിഞ്ഞ ശരീരങ്ങൾ
കണ്ടു കണ്ടു മടുത്തവൻ
എരിയാത്ത കുടികളിൽ
രക്ഷയുടെ ഇത്തിരി മേൽക്കൂരകൾക്കു കീഴിൽ
മനുഷ്യർ ചേക്കേറുന്നത്
സ്വപ്നം കണ്ടത്.
അഗ്നി തൊട്ടാൽ കത്തിയമരുന്ന
തടിവീടുകളുടെ നഗരങ്ങൾക്കു പകരം,
കല്ലിലും മണ്ണിലും വിശാലമായ
തുറസ്സുമുൻഭാഗങ്ങളുള്ള വീടുകളാൽ
നഗരങ്ങളെ പുതുക്കിപ്പണിത്
ശേഷിച്ചവരെ പാർപ്പിച്ചത്.
റോമൻ നഗരങ്ങൾ കത്തിെയരിയുമ്പോൾ
ജനങ്ങൾ വെന്തെരിയുമ്പോൾ
അശരണരും സർവം നഷ്ടപ്പെട്ടവരും
നിസ്സഹായരും
ഭാവിയിലേക്ക് ശൂന്യദൃഷ്ടികൾ പായിക്കുന്നവരുമായി
എന്റെ ജനത വീണുകിടക്കുമ്പോൾ
നീറോ മൗനം കിരീടമായും അംഗവസ്ത്രമായും
അണിഞ്ഞില്ല.
സെനറ്റിലെ സദസ്യരെ വിളിച്ചുകൂട്ടി
അവർക്കു മുന്നിൽ നിസ്സഹായരായവരെ
അപമാനിതരാക്കും വിധം ക്രൂരഹാസത്തോടെ
കൈകൊട്ടി ചിരിച്ചില്ല.
നീറോ റോമിനപ്പുറം വളരുന്ന കാലം,
മഹനീയ വേഷങ്ങളിലെത്തി
അധികാരഭ്രാന്തരായവരെത്രയോ പേർ
മഹനീയ ആദർശങ്ങളും മതങ്ങളും
പ്രഘോഷിച്ചു കൂട്ടക്കുരുതികൾ
നടത്തിയവരെത്രയോ-
അതിലെത്രയോ പേർ
നിങ്ങളുടെ നായകർ, കാലസ്വരൂപർ.
ഉന്മൂലനത്തിനിരകളായ
നിസ്സഹായരുടെ നിലവിളികൾക്കുമേൽ,
കണ്ണുവരണ്ട കുഞ്ഞുങ്ങളുടെ ദൈന്യങ്ങൾക്കുമേൽ,
ലോഹംകൊണ്ടും ലിംഗം കൊണ്ടും
കുഞ്ഞുങ്ങളുടെ ശവശരീരങ്ങളെക്കൊണ്ടും
ഭേദിക്കപ്പെട്ട സ്ത്രീകളുടെ
അഭിമാനത്തിനു മേൽ,
കൈകൊട്ടി പൊട്ടിച്ചിരികളോടെ,
ക്രൂരമായ ആനന്ദത്തോടെ
നിന്ന/ നിൽക്കുന്ന/ നിൽക്കാനിരിക്കുന്ന
നിങ്ങളുടെ ഭരണാധികാരികൾക്ക്
ഞാൻ പര്യായപദമോ?
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം:
റോമിന്റെ ന്യായതത്ത്വം-
തീപ്പടർത്തിയവരെ നിഷ്കരുണം കൊന്ന്
ശിക്ഷ നടപ്പാക്കിയത്
റോമൻ നിയമത്തിനാൽ.
നിസ്സഹായരായി മരിച്ച ആയിരങ്ങളുടെ
ജീവനുത്തരം പറയേണ്ടത്
ഉപജാപകർതന്നെയെന്ന്
നീറോ ഇന്നും വിശ്വസിക്കുന്നു.
ദരിദ്രരിൽ ദരിദ്രരായവർക്കൊപ്പം
നിസ്സഹായരിൽ നിസ്സഹായരായവർക്കൊപ്പം
മർദിതരിൽ മർദിതരായവർക്കൊപ്പം
നിലകൊള്ളുക എന്ന്
അധികാരത്തിന് ഗഹനമായ
അർഥതലമുണ്ട്.
അധികാരത്തിന്റെ തണലിൽ
നിസ്സഹായർക്കുമേൽ
കൊലവിളി നടത്തുന്ന
അധമ കൂട്ടങ്ങളെ വരുതിയിൽ നിർത്താനൊരുങ്ങാത്ത
അവർക്കൊത്താശ പാടുന്ന
ഭരണാധികാരികളെ വാഴ്ത്തുന്ന,
അവരെ നീണാൾ നിലനിർത്തുന്ന
നിങ്ങൾക്ക്
നീറോയെക്കുറിച്ചു പറയാൻ
എന്തധികാരം?
ഇറക്കിവിടുക എന്നെ നിങ്ങളുടെ
സ്വനതന്തികളിൽനിന്ന്
ചരിത്രബോധങ്ങളിൽനിന്ന്
മലക്കുഴിപ്പുഴുവിന്റെ മൂല്യം പോലുമില്ലാത്ത
നിങ്ങളുടെ ഭരണാധിപന്മാരുടെ
പര്യായപദ കോശങ്ങളിൽനിന്ന്.