ശബ്ദവിത്ത്
ഭദ്രം ഈ സുഖവാസ മന്ദിരം
മുദ്രിതം ജനാലകൾ
ശീതീകൃതം മുറികൾ
എത്രമേൽ സുഖപ്രദം!
കാറ്റു കടക്കാതെ ഏറെ സുരക്ഷിതം!
മുറ്റത്തു വീശിപ്പരക്കുന്ന കാറ്റിന്
മനുഷ്യവിയർപ്പിന്റെ ഗന്ധം.
സുഖ മന്ദിരം ഗന്ധവിമുക്തം;
ശബ്ദവിഹീനം. (മൃതം)
താഴെ നിരത്തിലെ ശബ്ദങ്ങൾ
തലയിട്ടടിച്ചു ചതയുന്ന സർപ്പങ്ങൾ.
ഹൃദയങ്ങൾ നൊന്തു -
നുറുങ്ങുന്നൊരൊച്ചകൾ
തൊട്ടുകൂടാതെ പരുങ്ങുന്നു പിന്നെയും.
തോക്കുകൾ പുകയും തെരുവിൽ
ഒരു പൈതൽ ഒറ്റയ്ക്കു
നിലവിളിയായ് അലയുന്നു.
ഈ മുറി എത്ര സുരക്ഷിതം!
ശബ്ദ മുക്തം, സുഖ ശീതളം!
കാറ്റിന്റെ കേൾക്കാത്ത പ്രവചനമിങ്ങനെ:
‘‘ചുമരുകളിൽ
വിള്ളലുണ്ടാകാതിരിക്കില്ല.
ഗോപുരമേടകൾ
ചരിഞ്ഞു തകരാതിരിക്കില്ല.
ശബ്ദവിത്തുകൾ
പൊട്ടിത്തെറിക്കാതിരിക്കില്ല.’’