തെളിയാത്ത ഞാൻ
മരത്തിനു മറവിൽ ഇലകൾക്കിടയിൽ
സൗരയൂഥത്തിന്റെ
കരയിൽ
ഭ്രമണവഴികൾ
തെളിയാത്ത
ഞാൻ..!
പീലികളില്ലാത്തതിനാലില്ല
ഉയിർപ്പ്.
കാട്ടിൽ മുള്ളു തട്ടി പോറാത്ത ഉടൽ എനിക്കു വേണ്ട
കാടുപേക്ഷിച്ച കാലം
വെയിൽത്തണ്ട് തിന്നും
താമരത്താരിന്റെ
സ്വപ്നത്തിൽ വിശന്നും കാട്ടിലൂതുന്ന
തെയ്യത്തിന്റെ
കണ്ണിൽ നിന്നൊളിച്ചും.
കാടെല്ലാം
കാടായ്കയാകയാൽ
പീലിനട്ടു മുളക്കാത്ത
ഉടലിൽ
കാട്ടുകോഴിക്കൂവൽ പോലെന്തോ
അന്ന് വീശിയ കാട്ടുതീയിൽ ആൺമയിലായ ഞാൻ.
പീലി കരിഞ്ഞു പെൺസ്വപ്നം കുടിച്ചവൻ
മരം കയറിപ്പാറിയിറങ്ങി കാട്ടുചോലയിലെ
എണ്ണമയം ചുവക്കും വെള്ളമീമ്പി.
കുയിലിനെ ഓർത്തോർത്തു കൂവാൻ ശ്രമിച്ചു.
ഈ ഉടൽ വെടിഞ്ഞുടൻ
കൂടേറണം
ഒരു മരക്കൊത്തന്റെ സ്വപ്നത്തിൽ.
കാടാണ്
മനുഷ്യലോകമല്ല
പഴുത്ത പച്ചയിൽ പിടിച്ചാൽ മരണം വരില്ല.
ഒന്ന് തിരിഞ്ഞാൽ
വഴിപിഴക്കും
മാടനരികിലുണ്ട്.
നിഴലുപോൽ!
നോവാണ്,
കാട്ടിൽ
തീ പടർന്ന നീറ്റൽ.
കാടോ നാടോ നിന്റെയൂഴം? ഒന്നുകൂടി
അമർത്തിയുയർത്തിക്കൂവി നോക്കി
തീരാജലദാഹം പോലെ
തൊണ്ടയിൽ നിന്നടരുന്നു ഒരമർച്ച.