നഗരം
ചൂടുള്ള പാൽക്കാപ്പിനിറമുള്ള സായാഹ്നത്തെ ഊതിക്കുടിച്ചിരിക്കുന്നൂ, നഗരം. ഇഴയടുപ്പിച്ചു തുന്നിയവലിയ കെട്ടിടങ്ങളുള്ള തെരുവുകളെയുടുത്തു വൃത്തിയിലാണിരുപ്പ്. ഒലീവുമരങ്ങൾകൊണ്ടു തീർത്തവിശറി കൈയിലുണ്ട്. പല ദിക്കുകളിൽനിന്നുംപള്ള വീർപ്പിച്ചു വരുന്ന തീവണ്ടികളും ബസുകളും ഓരോരോ തുള്ളികളായി മനുഷ്യരെ വീടുകളിൽ ഇറ്റിച്ചുകൊണ്ടിരുന്നു. ഒരു...
Your Subscription Supports Independent Journalism
View Plansചൂടുള്ള പാൽക്കാപ്പിനിറമുള്ള
സായാഹ്നത്തെ
ഊതിക്കുടിച്ചിരിക്കുന്നൂ, നഗരം.
ഇഴയടുപ്പിച്ചു തുന്നിയ
വലിയ കെട്ടിടങ്ങളുള്ള
തെരുവുകളെയുടുത്തു
വൃത്തിയിലാണിരുപ്പ്.
ഒലീവുമരങ്ങൾകൊണ്ടു തീർത്ത
വിശറി കൈയിലുണ്ട്.
പല ദിക്കുകളിൽനിന്നും
പള്ള വീർപ്പിച്ചു വരുന്ന
തീവണ്ടികളും ബസുകളും
ഓരോരോ തുള്ളികളായി
മനുഷ്യരെ വീടുകളിൽ
ഇറ്റിച്ചുകൊണ്ടിരുന്നു.
ഒരു ദിവസത്തെ പാച്ചിലിനെ
പുറത്തൂരിവെച്ചിട്ട്,
അച്ഛനുമമ്മയും തിരിച്ചെത്തിയ
വീടുകളിൽ
കുട്ടികളുടെ കളിച്ചെണ്ടകളുടെ
കൊട്ടും പാട്ടും
ഡും ഡും ഡും
ഡും ഡും ഡും!
കുഞ്ഞുങ്ങളുടെ സങ്കടങ്ങളെ
പൊട്ടാതെ
ചുരുളുകളായി പൊളിച്ചെടുക്കുന്ന
മാന്ത്രികവിദ്യ
അച്ഛനമ്മമാർക്ക്
വശമുണ്ട്.
ഉരിഞ്ഞെടുത്ത സങ്കടങ്ങളെ
ദൂരെയെറിഞ്ഞു കളയുമ്പോൾ
അവർ
കുടുകുടെ ചിരിക്കും.
ഭൂമിക്ക്
ഇക്കിളിയാവും.
ആകാശം മേഘങ്ങളെ
മുതുകിലേറ്റി ആന കളിക്കും.
കുഞ്ഞുങ്ങളപ്പോൾ പീപ്പിയൂതും
പീം പീം പീം
പീം പീം പീം!
നേർമയേറിയൊരു
താരാട്ടുപാട്ടിലേക്ക്
കാൽ കയറ്റിവെച്ച്
വിരലുണ്ടവർ ഉറങ്ങാൻ തുടങ്ങും.
നഗരവും സ്വസ്ഥമായുറങ്ങും;
ബോംബുകൾ പൊട്ടാൻ തുടങ്ങുന്നതു വരെ!
ടെ ടെ ടെ
ടെ ടെ ടെ!
പൊട്ടിക്കൊണ്ടേയിരിക്കും
ഭൂമി വിറങ്ങലിക്കും
ആകാശം കളിക്കാൻ മറന്നുനിൽക്കും
തിന്നാതെ,
കുടിക്കാതെ,
കുളിക്കാതെ,
മുറിഞ്ഞ്,
ചോരയൊലിപ്പിച്ച് പാഞ്ഞ്,
നഗരം…
മനുഷ്യർ…
കുഞ്ഞുങ്ങൾ…
കുഞ്ഞുങ്ങളുടെ ജീവനെ
പൊട്ടാതെ
ഉരിഞ്ഞെടുക്കുന്ന
മാന്ത്രികവിദ്യ
ബോംബുകൾക്കു
വശമുണ്ട്.
കുഞ്ഞു ശവപ്പെട്ടികൾ
കൊണ്ടിഴ തുന്നിയ നഗരമപ്പോൾ,
ചോരയുടെ നിറമുള്ള
സായാഹ്നത്തിലേക്കു നോക്കി
ചുരുണ്ടിരിക്കും.
മൂടിവരുന്ന ഇരുട്ടിനോടതു പാടും
എന്റെ കുഞ്ഞുങ്ങളേ…
എന്റെ മനുഷ്യരേ...
എന്റെ ഒലീവുമരങ്ങളേ...
എനിക്കു വേദനിക്കുന്നു
എനിക്കു വേദനിക്കുന്നു
എനിക്കു വേദനിക്കുന്നു...