സ്കൂട്ടർ
ഒരു പുൽച്ചാടിയുടെ ചിറകനക്കങ്ങൾക്കൊപ്പംഇലഭൂപടങ്ങളിലൂടെ മുടന്തിനീങ്ങിയിരുന്ന കാലുകൾ ജന്മത്തിന്റെ മറ്റൊരു പടവിലേക്കെന്നപോലെ ഒരടിയോളം ഉയർന്നുപൊന്തുന്നു. ഉടൽക്കൂടിൽ കുരുങ്ങിയ പ്രാണനുമായിചകിതരായ് അലയുന്ന ചെറുപ്രാണികളെയും മരിച്ചവരുടെ ദേശങ്ങളിലേക്ക് മടങ്ങുന്ന വിത്തുകളെയും വേരുകളെയും വേർപിരിഞ്ഞ് ഇരുചക്രമുള്ള ഒരു...
Your Subscription Supports Independent Journalism
View Plansഒരു പുൽച്ചാടിയുടെ ചിറകനക്കങ്ങൾക്കൊപ്പം
ഇലഭൂപടങ്ങളിലൂടെ മുടന്തിനീങ്ങിയിരുന്ന കാലുകൾ
ജന്മത്തിന്റെ മറ്റൊരു പടവിലേക്കെന്നപോലെ
ഒരടിയോളം ഉയർന്നുപൊന്തുന്നു.
ഉടൽക്കൂടിൽ കുരുങ്ങിയ പ്രാണനുമായി
ചകിതരായ് അലയുന്ന ചെറുപ്രാണികളെയും
മരിച്ചവരുടെ ദേശങ്ങളിലേക്ക് മടങ്ങുന്ന
വിത്തുകളെയും വേരുകളെയും വേർപിരിഞ്ഞ്
ഇരുചക്രമുള്ള ഒരു അപരശരീരത്തിൽ
അത് നിശ്ചലമാകുന്നു.
നിലച്ചുപോയ പദസഞ്ചാരത്തിന്റെ ഓർമയായി
വെയിലിലും നിഴലുകളിലും
കാൽപ്പാടുകളുടെ നദി വറ്റിക്കിടക്കുന്നു.
2
ഇനിയും നാഗരികമാവാത്ത പാതിയുടലിന്റെ
ഓർമയിൽനിന്നും തിരിച്ചുവന്ന
ഒരു സഹജീവിയാണ് സ്കൂട്ടർ.
വേഗതകൊണ്ട് അളന്നെടുക്കാവുന്ന കൂടുതൽ ജീവിതം
എന്ന ആസക്തിയിൽ അത് മുരളുന്നു.
അറ്റുപോയ ചിറകുകളുടെയോ
മുറിഞ്ഞുപോയ കൊമ്പുകളുടെയോ
ശേഷിപ്പുകളായ ഹാൻഡിലുകൾ
അജ്ഞാതങ്ങളിലേക്കുള്ള സ്പർശിനികളാകുന്നു.
കാലുകളെപ്പോലെ
മണ്ണിന്റെ സഹയാത്രികരില്ലാത്ത ചക്രങ്ങൾ
അതിരറ്റ ദൂരങ്ങളുടെ തഴമ്പുവീണ ചർമങ്ങളാൽ
ഭൂമിയിൽ സ്വന്തം ഏകാന്തതയെ അടയാളപ്പെടുത്തുന്നു.
ഉടലിന്റെ അടരുകൾക്കടിയിലെ
മിടിപ്പൊടുങ്ങാത്ത വിത്തുകൾ
രഹസ്യ ഭൂപടങ്ങൾ
സ്കൂട്ടറിനു കൈമാറുന്നു;
കാലടികളും ചിറകൊച്ചകളും
കുളമ്പടികളും നിലയ്ക്കാത്ത ഭ്രമണപഥങ്ങളെ
ഭേദിച്ചു നീങ്ങാനുള്ള
ആയുസ്സിന്റെ യാത്രാമാർഗങ്ങൾ.
3
ജീവികൾ പ്രാണസഞ്ചാരങ്ങളാൽ വഴിപടർത്തുന്ന
ഭൂമിയുടെ ഓർമയിലൂടെ
വേഗതയുടെ ഇന്ദ്രിയങ്ങളുമായി
ഇരട്ടശരീരിയുടെ അനിശ്ചിത യാത്രകൾ.
കൊടുങ്കാറ്റുകൾ പന്തലിച്ചു നിൽക്കുന്ന
നഗരങ്ങളിൽ കടന്നുകയറി
ഇരുണ്ട പുറംതൊലിയുള്ള ഉടലിന്റെ ഭയങ്ങളെ
സ്കൂട്ടർ അഴിച്ചുകളയുന്നു.
സമയത്തിന്റെ ചെരിവിലൂടെ തെന്നിനീങ്ങുമ്പോൾ
ഉടലാഴങ്ങളിൽനിന്ന് മനസ്സു ചോർന്നുപോകാതെ
സമനില നിലനിർത്തുന്നു.
ലഹരിച്ചുഴി നിറഞ്ഞ രാത്രിക്കയങ്ങളെ തരണം ചെയ്യാൻ
ഉടലിനെ ചുമലിലേറ്റുന്നു.
ലിംഗമില്ലാത്ത ഉടലിന്റെ വിമോചനം ഘോഷിച്ച്
ആസക്തികളുടെ മറുകരയിലേക്ക് ക്ഷണിക്കുന്നു.
4
കണ്ണുകളിലേക്ക് പെയ്തിറങ്ങുന്ന ആകാശത്തിനറിയാം
ഒരു കൊടുംവേനലിൽ
ഈ സ്വപ്നശേഖരം വറ്റിപ്പോകുമെന്ന്.
ചിരകാലമായ് ഉടച്ചില്ലകളിൽ ചേക്കേറിയ കാറ്റിനറിയാം
ചിറകടിക്കുന്ന ഹൃദയം ഒരുനാൾ
പിറവിയുടെ ഉദ്യാനങ്ങളിലേക്ക്
തിരികെ പറക്കുമെന്ന്.
ഉടഞ്ഞു ചിതറിയ വെയിലിനും
ചിറകറ്റു കിടക്കുന്ന കല്ലുകൾക്കുമറിയാം
ഓർമകളുടെ തടവു ഭേദിച്ച്
ഉടൽ തനിയെ
ശൂന്യതയുടെ ഉറവിടങ്ങളിലേക്ക്
നടന്നുപോകുമെന്ന്;
ഈച്ചകളും പുഴുക്കളും ഉപേക്ഷിക്കുന്ന
തുരുമ്പിച്ച ഒരു ലോഹശരീരം
സഹയാത്രയുടെ അടയാളമായി
ഭൂമിയിൽ അനാഥമാവുമെന്നും.