ചിരി
ലോകം
അവളെ
അപമാനിച്ചു.
അവളുടെ ജീവിതം
കരിന്തിരി കത്തുംപോലെ
കെട്ടുപോയി.
അവൾ
ഇരുട്ടുമുറിയിൽ
അടച്ചിരുന്നു.
ഇരുട്ടിലിരുന്ന
അവളുടെയടുക്കലേക്ക്
നിലാവിനെ നോക്കി
ഓരിയിടുന്ന കുറുക്കനും
മുട്ടയിട്ടതിവേഗത്തിൽ
പായുന്ന ഒട്ടകപ്പക്ഷിയും
വന്ന് കൂട്ടിരുന്നു.
അവളെ അവർ
കൂരിരുട്ടിൽനിന്നും
പുറത്തുകൊണ്ടുവന്നു.
കുറുക്കൻ പറഞ്ഞു.
ഒളിച്ചിരിക്കാതെ
കണ്ണുനീർ തുടച്ചിട്ട്
നിലാവിനെ നോക്കി
ഓരിയിട്...
ഒട്ടകപ്പക്ഷിയും പറഞ്ഞു.
കണ്ണുനീർ തുടച്ചിട്ട്
ലോകത്തെ
തള്ളിപ്പിറകിലാക്കി
അപമാനിച്ചവരുടെ
മുഖത്ത് തുപ്പി
പാഞ്ഞോടൂ...
അവൾ
കുറുക്കനും
ഒട്ടകപ്പക്ഷിയുമായി.
അപ്പോൾ നേരം പുലർന്നു.
അവളുടെ മുഖത്ത്
ആർക്കും തോൽപിക്കാനാകാത്ത
ഒരു
ചിരിയുണ്ടായിരുന്നു.