ആട്ടക്കാരി
ശൃംഗപുരത്തെ
രംഭ
ഭാരതി ചോത്തിയായിരുന്നു
കടപ്പുറത്ത്
പതിവായി കടലവിറ്റ്
തോമാസ് പൊലീസിന്
ശരീരവും വിറ്റ്
മഗ്ദലനപോലെ
ചിരിച്ചു
ഭാരതി ചോത്തി...
എന്നിട്ട്
ചാത്തൻ പൂട്ടാൻ പോകട്ടെ
ഗൗരിചോത്തി
ഞാറുപറിക്കട്ടെ
എന്ന സവർണ
മുദ്രാവാക്യലിംഗത്തിൽ
ധാരയും
കൂവളമാലയും ചാർത്തി
ആർത്തുകരഞ്ഞു
ഭാരതി ചോത്തി...
ഒരു കുഞ്ഞിരാമനും
വിറച്ചു വന്നില്ല
ഉണ്യാർച്ചയോ
മണികണ്ഠനീച്ചയോ
ആ വഴി വന്നില്ല
അവൾ മനുസ്മൃതി കേട്ടിട്ടേയില്ലായിരുന്നു.
ധനുവിലെ തിരുവാതിര
കുളിച്ച്
അവൾ
തോമാസ് (ശ്ലീഹ,) പൊലീസിന്റെ
പ്ലീഹയിലുള്ള കാശുവരെ
വാരി കൊണ്ടുപോയി.
അയാൾ
കള്ളുകുടം
കമിഴ്ത്തി
ചിരിച്ചു മറിഞ്ഞവൾക്ക്
ടോർച്ചും
റേഡിയോയും
കൂടി കൊടുത്തു.
കടപ്പുറത്തെ
കളി കഴിഞ്ഞ്
കാശുതികയാതെ
മാല പണയം വെച്ചു.
മൂന്നാടിനേം
ആറ് കോഴിനേം
വിറ്റു.
സുബ്രഹ്മണ്യൻ
എന്ന ചേകവനെ
ചങ്ങമ്പള്ളിയിൽ
എണ്ണാഴിയിൽ കിടത്തി
ഉഴിയാൻ
കൊണ്ടോയി.
ഉഴിയാൻ വന്ന
നാരായണനിൽനിന്നും
ഗർഭം കടംവാങ്ങി
പെറ്റുതുലച്ചു.
അവസാനത്തെ
സന്തതി
വാമനൻ
ആഞ്ഞുചവിട്ടി
വലിച്ചിട്ട്
മുറ്റത്ത്
പിന്നേം പിന്നേം
ചവിട്ടി.
അവളെണീറ്റില്ല.
പാതിരായ്ക്ക്
കരച്ചില് കേട്ട്
തോമസ് പൊലീസ്
നോഹയുടെ
പെട്ടകത്തിലേറി വന്നു.
പെട്ടകം
അയാളുടെ
വീട്ടിലേക്ക് പുറപ്പെട്ടു.
താൻ വല്ലാതെ
സൗഖ്യപ്പെട്ടു
എന്നറിയാൻ
തുടങ്ങിയപ്പോൾ
അവൾ
തല ഉയർത്തി
കൈവീശി നടന്നു.
ആളുകൾ
ചിറികോട്ടി
ഉന്നക്കായ
ചിതറുംപോലെ
പരിഹാസമെറിഞ്ഞു.
കടപ്പുറത്ത്
അവരു രണ്ടാളും
കളിക്കാൻ പോയി
കള്ളുകുടം
ചിതറി കിടക്കുന്ന
കാഴ്ച കണ്ട്
വള്ളമിറക്കാൻ
വന്നവർ ഒച്ചവെച്ചു.
ഭാരതിയുടെ
വിരാട് രൂപം
കണ്ടിട്ടാകാം,
അവരെല്ലാം
അവളിലേക്ക്
ആകർഷിക്കപ്പെട്ടു
മൂസായെപ്പോലെ
തോമാസ് പൊലീസ്
ലാത്തിവീശി
വടി ഒരു നീണ്ട പാമ്പായ്
അയാളിലേക്ക് നിവർത്തിയിട്ടു.
ഭാരതിയെ
ശോശന്ന പുഷ്പം
പോലെ
കശക്കാൻ വന്നവർ
ആകാശത്തേക്ക്
എറിഞ്ഞ വടിയായി.
ആ തിരയിൽ അവളെ
കടലെടുത്തു.
പതഞ്ഞ കള്ളിലെ
കടലമ്മേയെന്ന്
തോമാസ് പൊലീസ്
ചുണ്ടുകൊണ്ട്
മുദ്രവെക്കാൻ
തുടങ്ങിയപ്പോൾ
തിര ഭാരതിയെ
തിരിച്ചുകൊടുത്തു...
അവളെ
മാതാവോ
വിശുദ്ധയോ
ആക്കാനാവാതെ
അയാൾ മാത്രം
മുട്ടുകുത്തിനിന്ന്
കുമ്പസാരിച്ചു.