കവിതയിലൊരാൾ പക്ഷികളെ പറത്തുന്നത്
അതിരാവിലെ അയാൾ
എഴുന്നേൽക്കാൻ
മടിച്ചു കിടന്ന
സൂര്യക്കുഞ്ഞുങ്ങളെ അരുമയോടെ
വിളിച്ചെഴുന്നേൽപിക്കുന്നു.
അപ്പോഴേക്കും
കറവയ്ക്കൊരുങ്ങിയ പൂവാലി
അയാളോടൊപ്പം തുള്ളുന്നു.
കറന്നെടുത്ത പാലിൽ
മധുരമിടാതെ
മുട്ടനൊരു കോഫിയിടുന്നു...
സിറ്റൗട്ടിൽ ചോരയൊലിപ്പിച്ചു
മലർന്നു കിടക്കുന്ന
വാർത്തകളോരോന്നും
കോഫിയോടൊപ്പം
മോന്തുന്നു.
വേരിറങ്ങിപ്പോയ ആൽമരം
വീടിനു മുകളിൽനിന്ന്
അയാളെ ഇലയാട്ടി
ചൊടിപ്പിക്കുന്നു.
ദോശയിൽ ഓരോ രാജ്യവും
പെറുക്കിവച്ച്
പല വലുപ്പത്തിൽ ചുട്ടെടുക്കുന്നു...
എരിവേറിയ ജിഞ്ചർ ചമ്മന്തി
മിക്സിയിൽ
കട... കട
പൊടിയുന്നു.
അനന്തരം
രണ്ടു രാജ്യങ്ങൾ രണ്ടു മേഘങ്ങളാലെഴുതിയ
കവിതകൾ പരിശോധിക്കുന്നു...
ഒന്നിൽ
മരിച്ചുപോയൊരു പെൺകുഞ്ഞ്.
അവളുടെ സ്വപ്നങ്ങളെപ്പറ്റി പറയുന്നു
അവളുടെ കൈയിലെ
പട്ടം
കെട്ടു പൊട്ടാതെ
പറത്തിക്കൊണ്ടിരിക്കെ
കഴുത്തറ്റു പിടഞ്ഞു വീഴുന്നു...
രണ്ടാമത്തെ കവിതയും
അവളെ കുറിച്ചാണ്
അടുത്തതും
അതിനടുത്തതും
അവളെ കുറിച്ചാണ്.
എന്തിനേറെ പറയുന്നു
അവസാനത്തേതിലും
അവളായിരുന്നു...
അവൾ മാത്രമുള്ള കവിതകൾ.
അയാൾ ഓരോ കവിതയിൽനിന്നും
ഓരോ പക്ഷികളെ പറത്തിവിടാൻ തുടങ്ങി.
ആ പക്ഷികളൊപ്പം
അവളെയും...